ആധുനികകാലത്ത് ചിലർ മനസിലാക്കിയിരിക്കുന്നതും പറഞ്ഞു കേൾക്കുന്നതും പരിശോധിച്ചാൽ ഓട്സിൽ മാത്രമാണ് നാരുകൾ ഉള്ളത് എന്ന് തോന്നിപ്പോകും. ഒരു നേരത്തെ ഭക്ഷണത്തിനുപകരം ഒരു ഗ്ലാസ് ഓട്സ് കുടിക്കുന്നവരാണധികവും. വീണ്ടും വിശക്കുമെന്നു ഭയന്ന് രണ്ടും മൂന്നും ഗ്ലാസ്സ് വരെ കുടിക്കുന്നവരുമുണ്ട്. നീട്ടിക്കാച്ചിയതല്ലേ എന്ന് കരുതി ഉണ്ടാക്കിയത് മുഴുവൻ കുടിക്കുന്നവരും കുറവല്ല.
ഓട്സ് കുടിക്കുന്നവരേക്കാൾ പ്രിയമുള്ളത് ഇത് ഉണ്ടാക്കുന്നവർക്കാണെന്ന് പറയാതിരിക്കുവാൻ നിവൃത്തിയില്ല. ഒരു നേരത്തെ ഭക്ഷണത്തിന് ആവശ്യമായ മനുഷ്യവിഭവശേഷിയുടെ നിരവധി മടങ്ങ് കുറവാണല്ലോ പകരമായി ഓട്സ് ഉണ്ടാക്കുവാൻ ആവശ്യമായിട്ടുള്ളത്. എന്നാൽ കേരളീയരെ സംബന്ധിച്ച്
ഓട്സിനേക്കാൾ നല്ലത് കഞ്ഞിതന്നെയാണ്.
പ്രമേഹബാധിതർ കഞ്ഞി ആഹാരമായി സ്വീകരിക്കുന്പോൾ കൂടുതൽ സുരക്ഷിതമാകുന്നതിന് ചില കാര്യങ്ങൾകൂടി ശ്രദ്ധിക്കണമെന്നു മാത്രം.
- തവിടുള്ള ധാന്യങ്ങൾതന്നെ കഞ്ഞിവയ്ക്കാൻ ഉപയോഗിക്കണം.
- കഞ്ഞിവെള്ളത്തിൽ അന്നജത്തിന്റെ അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾക്ക് അത് ഒഴിവാക്കുവാനായി പ്രഷർകുക്കറിൽ കഞ്ഞി പാകം ചെയ്യരുത്. കഞ്ഞിവെള്ളം ഊറ്റിക്കളഞ്ഞ് പകരം ചൂടുവെള്ളം ചേർക്കുന്നത് കൂടുതൽ നല്ലത്.
- കഞ്ഞിക്കൊപ്പം തോരനോ ചമ്മന്തിയോ കൂട്ടുകറിയോ അവിയലോ പ്രാധാന്യത്തോടെതന്നെ ഉൾപ്പെടുത്തണം.
വിവരങ്ങൾ – ഡോ. ഷർമദ് ഖാൻ BAMS, MD റിട്ടയേർഡ് മെഡിക്കൽ ഓഫീസർ
