ആലപ്പുഴ: മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ തന്നെ ക്ഷണിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി ജി.സുധാകരൻ എംഎൽഎ. പാലം നിർമാണത്തിന് തുടക്കമിട്ട തനിക്ക് ഉദ്ഘാടനച്ചടങ്ങിലേക്ക് ഒരു ക്ഷണക്കത്ത് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് മന്ത്രിയായിരിക്കെയാണ് പാലം നിർമാണത്തിനായി 80 കോടി രൂപ അനുവദിച്ച് പദ്ധതിക്ക് തുടക്കമിട്ടതെന്ന് ജി. സുധാകരൻ ഓർമിപ്പിച്ചു. എന്നാൽ പാലം ഉദ്ഘാടനച്ചടങ്ങിൽ നിർമാണവുമായി നേരിട്ട് ബന്ധപ്പെട്ടവരിൽ മുൻ എംഎൽഎ എ.എം.ആരിഫ് മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം കുറിച്ചു.
പാലം യാഥാർഥ്യമാക്കുന്നതിന് പിന്നിലെ പ്രവർത്തനങ്ങളും പ്രയാസങ്ങളും ഇപ്പോഴത്തെ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും പൂർണമായി അറിയണമെന്നില്ല. എന്നാൽ ഷാനിമോൾ ഉസ്മാന് ഇക്കാര്യങ്ങൾ നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ പദ്ധതി യാഥാർഥ്യമാക്കാൻ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും അദ്ദേഹം കുറിച്ചു.
അരൂരിനെ ബ്ലു ഇക്കോണമിയുടെ ആസ്ഥാനമാക്കും: മുഖ്യമന്ത്രി വി.ഡി. സതീശൻ
പൂച്ചാക്കൽ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അരൂരിനെ സീഫുഡിന്റെ ഹബ്ബാക്കും. ബ്ലൂ ഇക്കണോമിയുടെ ഭാഗമായുള്ള എല്ലാ കണക്ടിവിറ്റിയും ആലപ്പുഴയിൽ സജ്ജമാക്കും.
നാട്ടിലെ സാധാരണക്കാരെ പെരുവഴിയിൽ ഇറക്കുന്നതല്ല സർക്കാരിന്റെ വികസനനയമെന്നും നേരേകടവ്-വൈക്കം ഭാഗത്ത് റോഡ് നിർമാണത്തിനും അനുബന്ധ പ്രവൃത്തികൾക്കും മുന്നോടിയായി സ്ഥലം ഏറ്റെടുപ്പിന് പ്രദേശവാസികൾക്കായി പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ഉത്തരവാദിത്വം ഉറപ്പാക്കും. കാലതാമസം മൂലം പൊതുഖജനാവിൽനിന്നുള്ള ധനനഷ്ടം ഒഴിവാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ അധ്യക്ഷത വഹിച്ചു.
പൊതുമരാമത്ത് വകുപ്പിനെ ശക്തിപ്പെടുത്തുമെന്നും നേരേകടവ് വൈക്കം ഭാഗത്തെ റോഡ് നിർമാണത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പി.കെ. ബഷീർ പറഞ്ഞു. ആലപ്പുഴ-ചങ്ങനാശേരി എസി റോഡ് നിർമാണത്തിലെ അപാകത വിജിലൻസ് അന്വേഷണം നടത്തുമെന്നും പൊതുമരാമത്ത് മന്ത്രി കൂട്ടിച്ചേർത്തു. ആലപ്പുഴ കോട്ടയം ജില്ലയിലെ ജനങ്ങളുടെ സ്വപ്ന പദ്ധതിയായ പാലത്തിന്റെ നിർമാണത്തിനായി പ്രവർത്തിച്ച ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ അഭിനന്ദനം അറിയിച്ചു.
പാലം പള്ളിത്തോട് -പമ്പ എന്ന പേരിൽ അറിയപ്പെടണമെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമായ പാലം തുറവൂർ പമ്പ പാതയുടെ ഭാഗമായി നിർമിച്ചതാണെന്നും തുടർ നിർമാണപ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നും മന്ത്രി എം. ലിജു പറഞ്ഞു. മധ്യതിരുവിതാംകൂറിന്റെ അഭിമാന പദ്ധതിക്ക് തുടർച്ച നൽകാൻ വൈക്കം ഭാഗത്തെ റോഡ് നിർമാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ കെ. ബിനിമോൻ, നാട്ടകം സുരേഷ്, എ.ഡി. തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ആലപ്പുഴ കളക്ടർ ഷാജി വി. നായർ, കോട്ടയം കളക്ടർ ചേതൻകുമാർ മീണ, എ.എം. ആരിഫ്, സി.കെ. ആശ, ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിതികൾ എന്നിവർ പങ്കെടുത്തു. ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ തൈക്കാട്ടുശേരി പഞ്ചായത്ത്, കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്ത് എന്നിവിടങ്ങൾ ബന്ധിപ്പിച്ചാണ് മാക്കേകടവ് -നേരെകടവ് പാലം നിർമിച്ചത്.
യാത്രാമാർഗങ്ങൾക്ക് പുതുവേഗം
ആലപ്പുഴ: പൊതുജനങ്ങളുടെ യാത്രാമാർഗങ്ങൾക്ക് പുതുഗതിവേഗം നൽകി വേമ്പനാട് കായലിന്റെ ഇരുകരകളെയും കോർത്തിണക്കി മാക്കേക്കടവ്-നേരേക്കടവ് പാലം യാഥാർഥ്യമായി. 800 മീറ്റർ നീളത്തിൽ നിർമിച്ച പാലത്തിലൂടെ എറണാകുളം, തുറവൂർ, ചേർത്തല മേഖലകളിൽനിന്ന് എളുപ്പം വൈക്കത്തേക്ക് എത്താം. ആലപ്പുഴയിൽനിന്നു കൊച്ചിയിൽനിന്നു വൈക്കം ക്ഷേത്രത്തിലേക്കും ഏറ്റുമാനൂരിലേക്കും പൊതുജനങ്ങൾക്ക് പെട്ടെന്നെത്താൻ സാധിക്കും.
അരൂർ, ചേർത്തല പ്രദേശത്തെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമായ കോട്ടയം മെഡിക്കൽ കോളജിലേക്കുള്ള യാത്ര സമയം ഗണ്യമായി കുറയും. വേമ്പനാട് കായലിനടുത്ത് സ്ഥിതിചെയ്യുന്ന പ്രധാന മത്സ്യമാർക്കറ്റായ കോലത്തുംകടവിലേക്ക് മത്സ്യവ്യാപാരികൾക്ക് പെട്ടെന്ന് എത്തിച്ചേരാനും വേഗത്തിലുള്ള ചരക്ക് നീക്കത്തിനും പാലം വഴിതുറക്കും. എറണാകുളം, ആലപ്പുഴ ജില്ലാ ആസ്ഥാനങ്ങളോടൊപ്പം പാലം യാഥാർഥ്യമായതോടെ കോട്ടയം ജില്ലാ ആസ്ഥാനത്തേക്കും നിലവിലുള്ള ദൂരം 40 കിലോമീറ്ററായി കുറയും. തുറവൂർ പമ്പ തീർഥാടനപാതയുടെ അഭിവാജ്യഘടകമായ ഈ പാലം വൈക്കം, ഏറ്റുമാനൂർ ക്ഷേത്രങ്ങളിലേക്കും ശബരിമല തീർഥാടനത്തിനും ഉതകുംവിധമാണ് നിർമിച്ചത്.
ആലപ്പുഴ ജില്ലയിലെ അരൂർ നിയോജകമണ്ഡലത്തിലെ തൈക്കാട്ടുശേരി പഞ്ചായത്ത്, കോട്ടയം ജില്ലയിലെ വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം പഞ്ചായത്ത് എന്നിവിടങ്ങൾ ബന്ധിപ്പിച്ചാണ് മാക്കേക്കടവ്-നേരേകടവ് പാലം നിർമിച്ചത്. വേമ്പനാട്ടുകായലിൽ ദേശീയ ജലപാതയ്ക്ക് കുറുകെ സ്ഥിതി ചെയ്യുന്ന പാലത്തിന് 800 മീറ്റർ നീളവും ഏഴരമീറ്റർ വീതിയുള്ള വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന ക്യാരേജ്വേയും ഇരുവശങ്ങളിലുമായി ഒന്നരമീറ്റർ വീതിയുള്ള നടപ്പാതകളുമുണ്ട്.
ആകെ 22 സ്പാനുകളുള്ള പാലത്തിൽ മാക്കേക്കടവ് ഭാഗത്ത് 40. 20 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 48.40 മീറ്ററിൽ കണക്ടിംഗ് റോഡും സജ്ജമാക്കിയിട്ടുണ്ട്. നേരേകടവ് ഭാഗത്ത് 52.22 മീറ്റർ നീളത്തിൽ അപ്പ്രോച്ച് റോഡും 73.26 മീറ്ററിൽ നീളത്തിൽ കണക്ടിംഗ്
റോഡും നിർമിച്ചിട്ടുണ്ട്.
ആരിഫിന് കൂവല്‍, ആശ ഇറങ്ങിപ്പോയി
പൂച്ചാക്കൽ: ആലപ്പുഴ-കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ്-നേരേകടവ് പാലത്തിന്റെ ഉദ്ഘാടനവേദിയിൽ നാടകീയ സംഭവങ്ങൾ. ഇന്നലെ മാക്കേക്കടവിൽ നടന്ന ചടണ്ടിൽ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പാലം ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ കെ.സി. വേണുഗോപാൽ എംപിയുടെ പേര് പറയാതിരുന്ന മന്ത്രി പി.കെ. ബഷീറിനോട് കെ.സിയുടെ പേര് പറയാൻ സദസ് ആവശ്യപ്പെടുകയായിരുന്നു.
അതിന് കെസി ഇവിടെ ഇല്ലല്ലോ എന്നായിരുന്നു അധ്യക്ഷൻ കൂടിയായിരുന്ന മന്ത്രി പി.കെ. ബഷീറിന്റെ മറുപടി. അതിനിടെ സിപിഎം നേതാവ് എ.എം. ആരിഫിന്റെ പരാമര്‍ശവും വേദിയില്‍ ചോദ്യം ചെയ്യപ്പെട്ടു. മുൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനോട് പാലം ഉദ്ഘാടനം ചെയ്യണമെന്ന് നേരത്തെ പറഞ്ഞതാണെന്നും എന്നാല്‍, അന്ന് അദ്ദേഹത്തിന് സമയം കിട്ടാത്തതുകൊണ്ട് നടന്നില്ലെന്നുമായിരുന്നു എ.എം. ആരിഫിന്റെ പരാമര്‍ശം. അന്ന് പൂർത്തിയാകാൻ ഉണ്ടായിരുന്നത് കുറഞ്ഞ പണികൾ മാത്രമാണ്. അതുകൊണ്ട് സർക്കാരിന് പാലം ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞുവെന്ന് ആരിഫ് പറഞ്ഞതോടെ സദസിൽനിന്ന് കൂവൽ ഉയര്‍ന്നു.
മര്യാദ കാണിക്കണമെന്ന് ആരിഫ് തിരിച്ചടിച്ചു. ഇതിനിടെ വേദിയിൽ വിളിച്ചുവരുത്തി അപമാനിച്ചെന്ന് പറഞ്ഞ് മുൻ എംഎൽഎ സി.കെ. ആശയും അതൃപ്തി പരസ്യമാക്കി. മൈക്ക് തട്ടിപ്പറിച്ചുവെന്നും വിളിച്ചുവരുത്തി അപമാനിച്ചുവെന്നും പറഞ്ഞ് ആശ വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.
