കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ ഇടിച്ച് മരണമടഞ്ഞ മൂന്ന്പേരുടെയും വീടുകളിൽ എത്തി അന്വേഷണ സംഘം മൊഴിയെടുക്കും. ഇന്ന് വയനാട് കൽപറ്റ മടക്കിമലയിലെ ദേവികയുടെ വീട്ടിലാണ് സംഘം എത്തുക. പിന്നീട് കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയിലുള്ള ഇയ്യാസിന്റെ വീട്ടിലും പാലക്കാട് മണ്ണാർക്കാട് എടക്കുറിശി നെല്ലാറ്റ കരിമ്പയിലെ ഗോപികയുടെ വീട്ടിലും എത്തും.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടോടെ നെടുമ്പാശേരി വിമാനത്താവളത്തിന് സമീപമായിരുന്നു അപകടം. ചായക്കടയിൽനിന്ന് ചായ കുടിച്ചശേഷം അത്താണി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന ഇജാസ്, ഗോപിക, ദേവിക എന്നിവരുടെ സ്കൂട്ടറിന് പിന്നിൽ അമിതവേഗത്തിലെത്തിയ മിനി കൂപ്പർ ഇടിക്കുകയായിരുന്നു. അപകടത്തിൽ മൂവരും മരിച്ചു. തൃക്കാക്കരയിലെ സുക്കോയ ക്രാഫ്റ്റ് ഷോപ്പിലെ ജീവനക്കാരായിരുന്നു ഇവർ.
അതേസമയം, പ്രതി സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നത് അടക്കമുള്ള കൂടുതൽ ദൃശ്യങ്ങൾ പൊലിസ് ശേഖരിച്ചിട്ടുണ്ട്. അപകടനേരത്ത് വാഹനം ഓടിച്ച സുഹൈൽ സജീവ്, സഹയത്രികരായ നിനവ്, ജോയൽ, അമീര്‍ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
