ചൈനയിൽ 12-ാം നിലയിലെ അപ്പാർട്ട്മെന്റിന്റെ ജനൽ കമ്പികൾക്കിടയിൽ തല കുടുങ്ങി നൂലിൽ തൂങ്ങിയതുപോലെ അപകടാവസ്ഥയിലായ മൂന്നുവയസുകാരിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് എത്തി വാതിൽ പൊളിച്ച് അകത്തുകടക്കുന്നതുവരെ താഴത്തെ നിലയിലുള്ളവർ ഒരു സ്റ്റൂൾ ഉപയോഗിച്ച് കുട്ടിയെ താങ്ങിനിർത്തുകയായിരുന്നു.
ഫ്യുജിയാൻ പ്രവിശ്യയിലെ ഷാങ്പിങ് എന്ന പ്രദേശത്ത് ഒക്ടോബർ 17ന് രാവിലെ 7:48ഓടെയാണ് ഈ സംഭവം നടന്നത്. വീടിന്റെ ജനൽ കമ്പികൾക്കിടയിലൂടെ പുറത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ കുട്ടിയുടെ തല കമ്പികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. സ്വയം രക്ഷപ്പെടാനാകാതെ ഇരു കൈകളിലും കമ്പിയിൽ പിടിച്ച് കുട്ടി 12-ാം നിലയ്ക്ക് പുറത്ത് വായുവിൽ തൂങ്ങിക്കിടന്നു.
ഇതു കണ്ട ഒരു സമീപവാസി ഉടൻതന്നെ അപ്പാർട്ട്മെന്റിലെ വാട്സാപ്പ് ഗ്രൂപ്പിൽ വിവരം അറിയിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്നതിനാൽ സെക്യൂരിറ്റി ജീവനക്കാരും പ്രോപ്പർട്ടി മാനേജ്മെന്റ് സ്റ്റാഫും ഉടൻതന്നെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി.
തുടർന്ന് കുട്ടിയുടെ വീടിന് തൊട്ടുതാഴെയുള്ള അപ്പാർട്ട്മെന്റിൽ പ്രവേശിച്ച രണ്ട് രക്ഷാപ്രവർത്തകർ ജനലിലൂടെ പുറത്തേക്ക് നീട്ടിപ്പിടിച്ച് ഒരു സ്റ്റൂൾ കുട്ടിയുടെ അടിയിൽ വെക്കുകയായിരുന്നു. കുട്ടി താഴേക്ക് വീഴാതിരിക്കാൻ അവർ സ്റ്റൂൾ ഉപയോഗിച്ച് താങ്ങിക്കൊണ്ടിരുന്നു.
എന്നാൽ താഴത്തെ നിലയിൽനിന്ന് ജനൽ കമ്പികളിൽ എത്തിച്ചേരാൻ കഴിയാത്തതിനാൽ കുട്ടിയെ അകത്തേക്ക് വലിച്ചെടുക്കാൻ അവർക്ക് സാധിച്ചില്ല. എങ്കിലും ഫയർഫോഴ്സ് എത്തുന്നതുവരെ അവർ സ്റ്റൂൾ താഴെ പിടിച്ച് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു.
അടിയന്തര സേനാവിഭാഗം സ്ഥലത്തെത്തി കുട്ടിയുടെ അപ്പാർട്ട്മെന്റിന്റെ വാതിൽ ബലമായി തുറന്ന് അകത്തുകടക്കുകയും കുട്ടിയെ ജനൽ കമ്പികളിൽനിന്ന് മോചിപ്പിക്കുകയും ചെയ്തു. തുടർന്ന് വൈദ്യപരിശോധനയ്ക്കായി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
സംഭവസമയത്ത് കുട്ടിയുടെ പിതാവ് ജോലിക്കും മാതാവ് പലവ്യഞ്ജനങ്ങൾ വാങ്ങാനായി പുറത്തുപോയതുമായിരുന്നു. ഉറങ്ങിക്കിടന്നിരുന്ന കുട്ടിയെ ഒറ്റയ്ക്കാക്കിയാണ് അമ്മ പുറത്തുപോയത്. നാട്ടുകാരുടെയോ സെക്യൂരിറ്റി ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്.
