പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായി ഭീമൻ പാറ്റകളെയും മാറാലകളെയും കൊണ്ട് അലങ്കരിച്ച ദുർഗാ പൂജാ പന്തൽ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ബിഹാറിലെ കതിഹാറിലാണ് കൗതുകമുണർത്തുന്ന ഈ അപൂർവ്വ പന്തൽ ഒരുക്കിയിരിക്കുന്നത്.
സാധാരണയായി പൂക്കളും വർണാഭമായ വൈദ്യുത ദീപങ്ങളും കൊണ്ട് അലങ്കരിക്കുന്ന പന്തലുകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ പ്രവേശന കവാടം മുതൽ മേൽക്കൂര വരെ ഭീമൻ പാറ്റകളുടെ രൂപങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്. തെർമോകോൾ ഉപയോഗിച്ച് നിർമിച്ച വലിയ പാറ്റകളും ഭീമൻ മാറാലകളുമാണ് ഈ പന്തലിന്റെ പ്രധാന ആകർഷണം.
അസാധാരണമായ ഈ തീം കാണാൻ നിരവധി ആളുകളാണ് ദിനംപ്രതി എത്തിച്ചേരുന്നത്. സന്ദർശകർക്കായി പന്തലിൽ ഒരു സെൽഫി പോയിന്റും ഒരുക്കിയിട്ടുണ്ട്. “നിൽക്കൂ, ഇത്ര വേഗത്തിൽ എവിടേക്കാണ് പോകുന്നത്? ഒരു സെൽഫി നിർബന്ധമാണ് ബോസ്!” എന്ന രസകരമായ ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികളും മുതിർന്നവരുമെല്ലാം ഈ വ്യത്യസ്തമായ പന്തലിന്റെ പശ്ചാത്തലത്തിൽ ഫോട്ടോകളും വീഡിയോകളും പകർത്താൻ മടികാണിക്കുന്നില്ല. ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയും ഇവിടെയെത്തി ചിത്രങ്ങൾ എടുത്തത് ശ്രദ്ധേയമായി.
ഈ പാറ്റ തീമിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്ന് സംഘാടകർ വ്യക്തമാക്കി. എന്തായാലും ഉത്സവകാലത്ത് കൗതുകവും ചിരിയും സമ്മാനിക്കുന്ന ഈ വ്യത്യസ്ത പന്തൽ ഇതിനോടകം തന്നെ വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്.
