ജപ്പാനിൽ ടിക് ടോക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്നതിനിടെ ആറാം നിലയിൽനിന്ന് വീണ് 14-കാരിക്ക് ദാരുണാന്ത്യം. റുക എന്ന പെൺകുട്ടിയാണ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞതോടെ സുഹൃത്തുക്കളും സോഷ്യൽ മീഡിയ ഫോളോവേഴ്സും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.
അപ്പാർട്ട്മെന്റിന്റെ ആറാം നിലയിലെ ബാൽക്കണിയിൽ കൈവരിക്കു മുകളിലിരുന്ന് ലൈവ് ചെയ്യുകയായിരുന്നു റുക. ഇതിനിടെ ബാലൻസ് തെറ്റി പിന്നിലേക്ക് മറിയുകയായിരുന്നു. വീഴാതിരിക്കാൻ ഏതാനും നിമിഷങ്ങൾ കൈവരിയിൽ മുറുകെ പിടിച്ചെങ്കിലും പിടിവിട്ട് താഴേക്ക് പതിച്ചു. ഗുരുതരമായി തലയ്ക്ക് പരുക്കേറ്റ പെൺകുട്ടിയെ പിന്നീട് മരണം കീഴടക്കുകയായിരുന്നു. മിഡിൽ സ്കൂൾ വിദ്യാർഥിനിയായിരുന്നു റുക.
പെൺകുട്ടിയുടെ അപ്രതീക്ഷിത മരണം സുഹൃത്തുക്കളെയും ഫോളോവേഴ്സിനെയും കടുത്ത ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ലൈവ് സ്ട്രീമിംഗിനിടെ തന്നെ ദുരന്തം സംഭവിച്ചതാണ് ഞെട്ടൽ വർധിപ്പിക്കുന്നത്. അടുത്തകാലത്തായി റുക വ്യക്തിപരമായ ചില പ്രതിസന്ധികളിലൂടെയും മാനസിക സമ്മർദങ്ങളിലൂടെയും കടന്നുപോയിരുന്നതായി അടുപ്പമുള്ളവർ വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
