ആരാധകന്റെ മരണത്തിൽ അനുശോചനം അറിയിച്ച് നടൻ മമ്മൂട്ടി. കണ്ണൂർ സ്വദേശിയായ ചമ്പാടൻ വിനോദിന്റെ മരണത്തിൽ അനുശോചനം അറിയിച്ച് താരം സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചു. ‘പ്രിയപ്പെട്ട വിനോദിന് ആദരാഞ്ജലികൾ’, എന്ന കുറിപ്പോടെയാണ് പോസ്റ്റ്. വിനോദിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
കണ്ണൂർ സ്വദേശിയായ വിനോദ് (50) ഞായറാഴ്ചയാണ് മരിച്ചത്. മഹാരാഷ്ട്രയിൽ അധ്യാപകനായിരുന്നു. വിനോദ് വിനായക് എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെയാണ് മമ്മൂട്ടി ആരാധകർക്കിടയിൽ അറിയപ്പെട്ടത്. കക്കാടൻകണ്ടി രാഘവന്റെയും ശാരദയുടെയും മകനാണ്.
ഹൃദയാഘാതമാണ് മരണകാരണം. മമ്മൂട്ടിയോടുള്ള അതിരറ്റ സ്നേഹത്തിലൂടെയും ആരാധനയിലൂടെയും സിനിമാ പ്രേമികൾക്കിടയിലും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധേയനായിരുന്നു. മരണത്തിന് മുൻപ് “ഉറങ്ങാൻ പോകുമ്പോ…ഒരു പോട്ടം…..” എന്ന അടിക്കുറിപ്പോടെ വിനോദ് പങ്കുവെച്ച അവസാന സോഷ്യൽ മീഡിയ പോസ്റ്റ് ഇപ്പോൾ ആരാധകർക്കും സുഹൃത്തുക്കൾക്കും ഇടയിൽ വലിയ നൊമ്പരമാവുകയാണ്.
