ലിമ: പെറുവിയൻ വ്യോമസേനയുടെ എംഐ-17 ഹെലികോപ്റ്ററിന്റെ കോക്പിറ്റിൽ പൈലറ്റുമാർക്കൊപ്പം യാത്ര ചെയ്ത് ലെയോ പതിനാലാമൻ മാർപാപ്പ. ശനിയാഴ്ച ചിക്ലായോയിൽനിന്നു കാജമാർക്ക മേഖലയിലെ വിദൂരഗ്രാമമായ സാന്താ ക്രൂസ് ഡി സുച്ചബാംബയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ഈ ആകാശയാത്ര.
സാധാരണ യാത്രക്കാരുടെ സീറ്റിനു പകരം കോക്പിറ്റിൽ ഇരിക്കാൻ മാർപാപ്പ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു. പൈലറ്റുമാരായ ജിനോ ബർഗോസ്, ഹാവിയർ റോജാസ് എന്നിവർക്കൊപ്പം ഏകദേശം 45 മിനിറ്റോളം അദ്ദേഹം കോക്പിറ്റിൽ ചെലവഴിച്ചു.
ഹെഡ്സെറ്റ് ധരിച്ച്, പൈലറ്റുമാരോടു കുശലം പറഞ്ഞും താഴെ തടിച്ചുകൂടിയ ഗ്രാമീണർക്കുനേരേ കൈവീശിയും യാത്ര ആസ്വദിക്കുന്ന മാർപാപ്പയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ‘പാപ്പാകോപ്റ്റർ’ എന്നപേരിൽ വൈറലായിട്ടുണ്ട്.
ഏകദേശം മൂന്നു പതിറ്റാണ്ടായി ഒരുമിച്ച് പ്രവർത്തിക്കുന്ന തങ്ങൾക്ക് മാർപാപ്പയോടൊപ്പമുള്ള ഈ യാത്ര വലിയൊരു ബഹുമതിയും അവിസ്മരണീയമായ ഓർമയുമാണെന്ന് പൈലറ്റുമാരും വ്യോമസേനയും സമൂഹമാധ്യമത്തിൽ കുറിച്ചു.
വലത് ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസം മാത്രം പിന്നിടുമ്പോഴാണ് 71കാരനായ മാർപാപ്പയുടെ ഈ ഊർജസ്വലമായ പര്യടനം. തീരദേശ മരുഭൂമിയിൽനിന്ന് ആൻഡീസ് പർവതനിരകളിലേക്കും തുടർന്ന് ആമസോൺ മഴക്കാടുകളിലേക്കും എത്തിയ അദ്ദേഹം യാത്രയിലുടനീളം ക്ഷീണത്തിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിച്ചില്ല.
1985 മുതൽ 2023 വരെ പെറുവിൽ മിഷനറിയായും ബിഷപ്പായും പ്രവർത്തിച്ച് പ്രാദേശിക സമൂഹങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മാർപാപ്പയ്ക്ക് ആവേശോജ്വല വരവേല്പാണു വിശ്വാസികൾ നൽകിയത്.
കുസ്കോയിലെ ജനസാഗരം
ഞായറാഴ്ച തെക്കൻ ആൻഡീസ് പർവതനിരകളിലുള്ളതും പഴയ ഇൻകാ സാമ്രാജ്യത്തിന്റെ സിരാകേന്ദ്രവുമായിരുന്ന കുസ്കോയിൽ മാർപാപ്പ എത്തിച്ചേർന്നു. വിമാനത്താവളത്തിൽനിന്ന് അദ്ദേഹത്തെ വരവേൽക്കാൻ അഞ്ചു ലക്ഷത്തോളം ആളുകളാണ് തെരുവോരങ്ങളിൽ അണിനിരന്നത്.
പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് കുന്നുകയറി എത്തിയ തെക്കൻ പെറുവിലെ അരെക്വിപ സ്വദേശിനി അന മരിയ നീന ഡെൽഗാഡോയെപ്പോലുള്ള നിരവധി വിശ്വാസികൾക്ക് മാർപാപ്പയെ നേരിട്ടു കാണാനായത് വലിയ ആത്മീയ അനുഭവമായി.
സമുദ്രനിരപ്പിൽനിന്ന് 12,000 അടിയിലധികം ഉയരത്തിലുള്ള പുരാതന ഇൻക കേന്ദ്രമായ സക്സായ്വാമൻ നാഷണൽ ആർക്കിയോളജിക്കൽ പാർക്കിൽ നടന്ന പ്രാർഥനാശുശ്രൂഷയ്ക്ക് മാർപാപ്പ നേതൃത്വം നൽകി.
ഭിന്നതകളും മുറിവുകളും അവിശ്വാസവും നിറഞ്ഞ ഈ കാലഘട്ടത്തെ മറികടക്കാൻ മതപരമായ പാരമ്പര്യങ്ങൾക്കു സാധിക്കുമെന്നും വിശ്വാസവും സ്നേഹവും പകരുന്ന വെളിച്ചത്തിൽ ജനങ്ങളെ ഒന്നിപ്പിക്കാനാണു മതവിശ്വാസം ഉതകേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. പരമ്പരാഗത ഉത്സവങ്ങളെ സാഹോദര്യത്തിന്റെയും ഉപവിയുടെയും വിദ്യാലയങ്ങളാക്കി മാറ്റാൻ വിശ്വാസികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
തുടർന്ന് കുസ്കോ കത്തീഡ്രലിനുമുന്നിലെ ചത്വരത്തിൽ ത്രികാലജപം നയിച്ച മാർപാപ്പ 1650ലെ ഭൂകമ്പത്തിൽനിന്നു നഗരത്തെ അത്ഭുതകരമായി രക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ‘ലോർഡ് ഓഫ് ദ എർത്ത്ക്വേക്സ്’ എന്ന ക്രൂശിതരൂപത്തെ അണിയിക്കാനുള്ള തിരുവസ്ത്രവും സമ്മാനിച്ചു.
ആമസോൺ മഴക്കാടുകളിൽ
ഉച്ചകഴിഞ്ഞ് ആമസോൺ താഴ്വരയിലെ പുകാൽപ നഗരത്തിലെത്തിയ മാർപാപ്പ, കായിക മൈതാനത്ത് അർപ്പിച്ച വിശുദ്ധ കുർബാനയിൽ രണ്ടു ലക്ഷത്തോളം വിശ്വാസികൾ പങ്കെടുത്തു. ആമസോൺ മഴക്കാടുകളെ സംരക്ഷിക്കുക എന്നത് അവിടെ വസിക്കുന്ന ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നതുതന്നെയാണെന്നും ഭൂമിയുടെ നിലവിളിയും പാവപ്പെട്ടവരുടെ നിലവിളിയും വേർതിരിക്കാനാകാത്തതാണെന്നും വചനസന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
കുർബാനയ്ക്കുമുമ്പ് തദ്ദേശീയ ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായും മിഷനറിമാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം ലിമയിൽ തിരിച്ചെത്തിയ മാർപാപ്പ, ഇന്നു രാവിലെ അവിടെ വിശുദ്ധ കുർബാന അർപ്പിച്ചശേഷം ഉച്ചയോടെ റോമിലേക്കു മടങ്ങും.
