സോണിയ ഗാന്ധിയുടെ ആത്മകഥ ‘ബിലോംഗിംഗ്: എ ജേർണി ഓഫ് ലവ്’ സിനിമയാകുന്നു. തെലങ്കാന കോൺഗ്രസിലെ മുതിർന്ന നേതാവ് ജഗ്ഗ റെഡ്ഡിയാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. നിർമാണത്തിനായി കോൺഗ്രസ് കൺവീനർ ജുലകാന്തി ആഞ്ജനേയുലു രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട്. പാർട്ടി പ്രവർത്തകർ സാമ്പത്തിക സമാഹരണം നടത്തണമെന്നും ജഗ്ഗ റെഡ്ഡി ആവശ്യപ്പെട്ടു.
സിനിമയുടെ പ്രാഥമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി അമ്പതംഗ സമിതി രൂപീകരിക്കാൻ ജഗ്ഗ റെഡ്ഡി നിർദേശം നൽകി. സിനിമയുടെ ചിത്രീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ടിപിസിസി പ്രസിഡന്റ് മഹേഷ് കുമാർ ഗൗഡ് എന്നിവരെ ഔദ്യോഗികമായി ക്ഷണിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
യുദ്ധാനന്തര കാലഘട്ടത്തിലെ ഇറ്റലിയിലെ ബാല്യം, രാജീവ് ഗാന്ധിയുടെ ഭാര്യയായി ഇന്ത്യയിലെത്തിയതുമുതലുള്ള ജീവിതയാത്ര, ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ദാരുണമായ വധത്തിനുശേഷമുള്ള കുടുംബാന്തരീക്ഷം, മക്കളെ വളർത്തുന്നതിൽ സോണിയ ഗാന്ധി നേരിട്ട വെല്ലുവിളികൾ തുടങ്ങിയ ജീവിതസന്ദർഭങ്ങൾ ദൃശ്യവത്കരിക്കും.
സിനിമയുടെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. കൂടാതെ, സോണിയയുടെ ആത്മകഥയുടെ കോപ്പികൾ പ്രവർത്തകർക്കിടയിൽ വിതരണം ചെയ്യുമെന്നും ജഗ്ഗ റെഡ്ഡി വ്യക്തമാക്കി.
