തൃശൂർ: കടൽ കടന്നെത്തി ആതുരസേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളി നഴ്സിന് രാജ്യത്തിന്റെ പാർലമെന്റിൽ പരസ്യമായി നന്ദി പറഞ്ഞ് മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേല. തൃശൂർ ചാലക്കുടി മേലൂർ പയ്യപ്പിള്ളി വീട്ടിൽ ഗീതു ലൂയിസിനെയാണ് (35) പ്രധാനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിനിടെ പ്രശംസിച്ചത്.
‘എന്റെ മാതാപിതാക്കൾക്ക് അസുഖം ബാധിച്ചപ്പോഴും മകൾക്ക് പരിചരണം ആവശ്യമായി വന്നപ്പോഴും ഞങ്ങൾക്ക് തുണയായത് ഗീതു എന്ന വിദേശ നഴ്സാണ്. നിങ്ങളുടെ നിസ്വാർഥമായ സേവനങ്ങൾക്ക് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുന്നു,’ എന്നായിരുന്നു അബേലയുടെ വാക്കുകൾ. മാൾട്ടയുടെ സാമ്പത്തിക-സാമൂഹിക പുരോഗതിയിൽ വിദേശ തൊഴിലാളികൾ വഹിക്കുന്ന നിർണായക പങ്ക് എടുത്തുപറയുന്നതിനിടെയാണ് പ്രധാനമന്ത്രി ഗീതുവിന്റെ പേര് പരാമർശിച്ചത്.
തന്റെ പ്രസംഗത്തിനിടെ, മാൾട്ടീസ് ഭാഷയിൽ നിന്ന് ഇംഗ്ലീഷിലേക്ക് മാറിക്കൊണ്ട് അബേല ഇങ്ങനെ പറഞ്ഞു: “മാൾട്ടയുടെ സാമ്പത്തികവും വികസനപരവുമായ വളർച്ചയിൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ വലിയ പങ്കുവഹിക്കുന്നുണ്ട്. അവരുടെ സംഭാവനകൾ അവഗണിക്കപ്പെടാൻ പാടില്ല…
കഴിഞ്ഞ ഒരു വർഷമായി ഞങ്ങളുടെ കുടുംബത്തോടൊപ്പം പ്രവർത്തിക്കുന്ന, മറ്റ് രാജ്യത്തുനിന്നുള്ള ഒരാൾ ഞങ്ങളുടെ കുടുംബത്തിന്റെ ആരോഗ്യപരിപാലനത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഗീതു എന്ന വ്യക്തിയാണ് ഞങ്ങളെ സഹായിക്കാൻ അസാധാരണമായ പരിശ്രമം നടത്തിയത്. അവരുടെ സമർപ്പണബോധം എടുത്തു പറയേണ്ടതാണ്, ഞങ്ങൾ എല്ലാവരും അവരോട് നന്ദിയുള്ളവരാണ്.’- അബേല പറഞ്ഞു.
പ്രതിസന്ധികളിൽ തളരാത്ത സേവനം
നാട്ടിൽ ഓപ്പറേഷൻ തിയേറ്റർ നഴ്സായി പ്രവർത്തിച്ചിരുന്ന ഗീതു 2018-ലാണ് യൂറോപ്യൻ രാജ്യമായ മാൾട്ടയിലേക്ക് ചേക്കേറിയത്. യൂറോപ്പിലാകെ കോവിഡ് വൈറസ് പടർന്നുപിടിച്ചപ്പോൾ, മാൾട്ടയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളിലേക്ക് നഴ്സുമാരെ നൽകുന്ന ‘ഹെൽത്ത് മാർക്ക് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഗീതു.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് രോഗപരിശോധന നടത്താനുള്ള ദൗത്യം പലരും ഭയന്ന് പിന്മാറിയപ്പോൾ ഗീതു ധൈര്യപൂർവം അത് ഏറ്റെടുത്തു. പിന്നീട്, സ്രവ പരിശോധനാ കേന്ദ്രങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും നഴ്സിംഗ് സംഘങ്ങളെ നയിക്കുന്നതിലേക്ക് അവർ എത്തി.
ഗീതുവിന്റെ അർപ്പണബോധം തിരിച്ചറിഞ്ഞ അധികൃതർ പിന്നീട് 32 ആശുപത്രികളിലായി മുന്നൂറോളം ജീവനക്കാരുടെയും കോവിഡ് പരിശോധനാ ദൗത്യത്തിന്റെയും പൂർണ ചുമതല ഇവരെ ഏല്പ്പിച്ചു. ഗീതുവിന്റെ നേതൃത്വത്തിൽ 250-ലധികം നഴ്സുമാർ പ്രവർത്തിച്ചിരുന്നു, അവരെല്ലാം മലയാളികളുമായിരുന്നു.
ഇതോടെ മാൾട്ടയിലെ ആരോഗ്യമേഖലയിലും സർക്കാർ തലത്തിലും ഏറ്റവും വിശ്വസ്തയായ ആരോഗ്യപ്രവർത്തകയായി ഗീതു മാറി.
പ്രധാനമന്ത്രിയുടെ കുടുംബത്തിന്റെ പ്രിയങ്കരി
മാൾട്ടയുടെ മുൻ പ്രസിഡന്റും പ്രധാനമന്ത്രി റോബർട്ട് അബേലയുടെ പിതാവുമായ ജോർജ് അബേലയ്ക്ക് അപകടത്തിൽ പരിക്കേറ്റതോടെയാണ് ഗീതു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് എത്തുന്നത്. ഒരു വർഷത്തോളം അബേല കുടുംബത്തിലെ ഒരംഗത്തെപ്പോലെ നിന്ന് അദ്ദേഹത്തെ പരിചരിച്ചു. പിന്നീട് പ്രധാനമന്ത്രിയുടെ ഭാര്യയ്ക്കും മകൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോഴും പരിചരണത്തിനായി എത്തിയത് ഗീതുവായിരുന്നു.
‘വലിയ അംഗീകാരം’
‘പ്രധാനമന്ത്രി എന്റെ പേര് പരാമർശിച്ചപ്പോൾ ഞാൻ അക്ഷരാർഥത്തിൽ അത്ഭുതപ്പെട്ടുപോയി. അദ്ദേഹത്തിന്റെ കുടുംബത്തിന് ഞാൻ നൽകിയ സേവനത്തിന് ഇത്ര വലിയ അംഗീകാരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല’- ഗീതു പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി, യാതൊരു പ്രതിഫലവും പ്രതീക്ഷിക്കാതെയാണ് ഞാൻ എന്റെ ഉത്തരവാദിത്തങ്ങൾ നിർവഹിച്ചത്. അതൊരു കടമയായിട്ടാണ് ഞാൻ കണ്ടതെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന് മാൾട്ടയിൽ ഇന്ത്യയിൽ നിന്നുള്ള 1,200-ലധികം നഴ്സുമാരുണ്ടെന്നും, അതിൽ ഏകദേശം 80 ശതമാനവും മലയാളികളാണെന്നും ഗീതു പറയുന്നു.
തന്റെ ജോലിക്ക് കർശനമായ രഹസ്യസ്വഭാവം ആവശ്യമായിരുന്നതിനാൽ, താൻ മാൾട്ടയിലെ പ്രധാനമന്ത്രിയുടെയും മുൻ പ്രസിഡന്റിന്റെയും കുടുംബത്തെയാണ് പരിചരിക്കുന്നതെന്ന് തൃശൂരിലുള്ള മാതാപിതാക്കളായ പി.വി. ലൂയിസിനും ബീനയ്ക്കും പോലും അറിയില്ലായിരുന്നുവെന്നും ഗീതു പറഞ്ഞു.
മാൾട്ടയുടെ ബജറ്റിലെ ചില വ്യവസ്ഥകൾക്കെതിരെ, യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള ആരോഗ്യപ്രവർത്തകർക്കിടയിൽ അതൃപ്തി വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അംഗീകാരം ലഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
യൂറോപ്യൻ യൂണിയന് പുറത്തുനിന്നുള്ള പൗരന്മാർക്ക് ലഭിച്ചിരുന്ന സൗജന്യ ശിശുപരിപാലന, പൊതുഗതാഗത ആനുകൂല്യങ്ങൾ എടുത്തുമാറ്റിയതും, ഡ്രൈവിംഗ് ലൈസൻസ് ഫീസ് വർധിപ്പിച്ചതും ഇതിൽ ഉൾപ്പെടുന്നു.
മകൾ ടിയാനയ്ക്കും കുടുംബത്തിനുമൊപ്പം മാൾട്ടയിലാണ് ഗീതു ഇപ്പോൾ താമസിക്കുന്നത്. സ്വന്തം ജോലിയോടുള്ള ആത്മാർഥതയിലൂടെ ഒരു രാജ്യത്തിന്റെ തന്നെ ആദരം നേടിയെടുത്ത് മലയാളികൾക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ് ഗീതു ലൂയിസ്.
