തിരുവനന്തപുരം: മന്ത്രിസഭായോഗത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും തർക്കങ്ങളുമൊക്കെ ഉണ്ടാകുമെന്നും തങ്ങളതു ചർച്ചചെയ്തു തീരുമാനത്തിലെത്തുമെന്നും അതാണ് ടീം യുഡിഎഫ് എന്നും മുഖ്യമന്ത്രി. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ടതുൾപ്പെടെ മന്ത്രിസഭായോഗത്തിലുയർന്ന തർക്കങ്ങളിൽ സമവായമായി. മന്ത്രിസഭയിലെ ഹിന്ദു മന്ത്രിമാരെല്ലാം ഗുരുവായൂർ ദേവസ്വം നിയമന ഫയലിൽ ഒപ്പിട്ടു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾക്ക് ശേഷമാണ് തീരുമാനമായത്.
മതിയായ കൂടിയാലോചനകളില്ലാതെ മുഖ്യമന്ത്രി വി.ഡി. സതീശൻ തീരുമാനങ്ങളെടുക്കുന്നുവെന്ന് ആരോപിച്ച് മന്ത്രിസഭാ യോഗത്തിൽ ഒരു വിഭാഗം മന്ത്രിമാർ എതിർപ്പുയർത്തിയിരുന്നു. പാലക്കാട് ഡിസിസി മുൻ പ്രസിഡന്റ് സി.വി. ബാലചന്ദ്രൻ ഉൾപ്പെടെ മൂന്നുപേരെ ഗുരുവായൂർ ദേവസ്വം ബോർഡ് അംഗങ്ങളായി നിയമിക്കുന്നതുമായി ബന്ധപ്പെട്ട ഫയലിലായിരുന്നു മുഖ്യ തർക്കം.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമപ്രകാരം മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങളാണ് ബോർഡ് അംഗങ്ങളെ നിശ്ചയിക്കേണ്ടത്. നേരത്തെ മുഖ്യമന്ത്രി വി.ഡി. സതീശൻ, ദേവസ്വം മന്ത്രി കെ. മുരളീധരൻ, പട്ടികവിഭാഗ ക്ഷേമ മന്ത്രി കെ.എ. തുളസി എന്നിവർ മാത്രമാണ് ഫയലിൽ ഒപ്പിട്ടിരുന്നത്. മറ്റു ഹിന്ദു മന്ത്രിമാർ ഒപ്പിടാൻ വിസമ്മതിച്ചതോടെ നിയമനം അനിശ്ചിതത്വത്തിലായിരുന്നു.
മന്ത്രിസഭാ യോഗത്തിൽ എ.പി. അനിൽകുമാർ, സണ്ണി ജോസഫ് തുടങ്ങിയ മന്ത്രിമാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയതിനെ തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിലാണ് സമവായത്തിലെത്തിയത്. ഇതോടെ എല്ലാ ഹിന്ദു മന്ത്രിമാരും ഫയലിൽ ഒപ്പുവയ്ക്കുകയും മൂന്ന് അംഗങ്ങളുടെ നിയമനത്തിന് അംഗീകാരമാവുകയും ചെയ്തു.
ഇതിനൊപ്പം തർക്കവിഷയമായിരുന്ന അഞ്ച് പി.എസ്.സി ഒഴിവുകളിലെ നിയമനത്തിലും തീരുമാനമായി. നാല് ഒഴിവുകൾ കോൺഗ്രസിനും ഒരെണ്ണം മുസ്ലിം ലീഗിനും നൽകാൻ ധാരണയാവുകയും പട്ടികയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകുകയും ചെയ്തു.
കരുണാകരനെയും ഉമ്മൻ ചാണ്ടിയെയും സമന്വയിപ്പിക്കുന്ന ഭരണശൈലിയുമായി ആറു മാസം പിന്നിടുന്ന വി.ഡി. സതീശൻ സർക്കാർ
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുൻ മുഖ്യമന്ത്രിമാരായ ലീഡർ കെ. കരുണാകരന്റെ വേഗവും ഉമ്മൻ ചാണ്ടിയുടെ ജനകീയതയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഭരണശൈലിയാണ് അതേ കസേരയിൽ കഴിഞ്ഞ ആറുമാസമായി തുടരുന്ന വി.ഡി. സതീശനും പിന്തുടരുന്നത്. ഭരണനേട്ടങ്ങൾ ജനങ്ങളിൽ നേരിട്ട് എത്തിക്കാൻ ഫയൽനീക്കം വേഗത്തിലാക്കാൻ അത്യാധുനിക എഐ സംവിധാനങ്ങൾ ഉൾപ്പെടെ പ്രയോജനപ്പെടുത്താനാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ശ്രമിച്ചുവരുന്നത്. സർക്കാർ സംവിധാനത്തിന്റെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കാത്ത ഫയൽനീക്കത്തിനായി സരൾ കേരള അടക്കമുള്ള നിയമനിർമാണങ്ങളും കൊണ്ടുവന്നു.
അതോടൊപ്പം, തന്നെ കാണാൻ എത്തുന്നവരെ ചേർത്തുനിർത്തി മനസലിവോടെ കാര്യങ്ങൾ സാധിച്ചു നൽകുന്ന ഉമ്മൻ ചാണ്ടിയുടെ ജനകീയതയും വി.ഡി. സതീശനൊപ്പമുണ്ട്. ഏത് ആൾക്കൂട്ടത്തിലും അലിഞ്ഞുചേർന്നും സെൽഫിയെടുത്തും, കുട്ടികൾക്ക് ഫോണ്‍ വാങ്ങി സെൽഫിയെടുത്തു കൊടുത്തും മുന്നേറുന്ന വി.ഡി. സതീശൻ ശൈലി. മുൻപുള്ള 10 വർഷത്തിനു വിരുദ്ധമായി ഇന്നു മുഖ്യമന്ത്രി എത്തിച്ചേരുന്ന ഇടങ്ങളിലെല്ലാം ഒപ്പം ചേർന്നുനിൽക്കാൻ ജനത്തിരക്കാണ്. അതേസമയം, അകറ്റിനിർത്തേണ്ടവരെ കണ്ടില്ലെന്നു നടിക്കുന്നെന്ന വിമർശനവുമുയരുന്നു.
നേട്ടങ്ങൾ
സാമ്പത്തികനില ചലിപ്പിക്കുന്നതിൽ വിജയം
ധനമന്ത്രികൂടിയായ വി.ഡി. സതീശന്റെ ആറുമാസത്തിനിടെയുള്ള മുഖ്യ നേട്ടമായി കണക്കാക്കപ്പെടുന്നത്, സംസ്ഥാനത്തിന്റെ സ്തംഭനത്തിലായ സാമ്പത്തികനില ചലിപ്പിക്കാൻ സ്വീകരിച്ച നടപടികളിലെ വിജയമാണ്. ഓണക്കാലത്തു തുടങ്ങിയ വിപണിയെ ചലിപ്പിക്കൽ നടപടികൾ ക്രിസ്മസിനോട് അടുക്കുമ്പോഴും തുടരുന്നതായാണ് സർക്കാർ കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇതിന്റെ ഭാഗമായി ജിഎസ്ടി വരുമാനത്തിൽ അടക്കം പ്രതിമാസം 1000 കോടിയോളം രൂപയുടെ വർധന വരുത്താനായി.
നികുതികളും ഫീസുകളും വർധിപ്പിക്കാതെയാണ് കടക്കെണിയിലായ ഖജനാവിനെ ഉണർത്തുന്നത്. നികുതിവരുമാന വർധനയിൽ കഴിഞ്ഞ ആറുമാസമായി രാജ്യശരാശരിയേക്കാൾ മുന്നേറാൻ സംസ്ഥാനത്തിനു കഴിഞ്ഞത് സർക്കാരിന് ആത്മവിശ്വാസമേകുന്നു.
സാമ്പത്തിക കാര്യങ്ങളിൽ കേന്ദ്രസർക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന നയമാണ് വി.ഡി. സതീശൻ സർക്കാരിന്റേത്. ഒപ്പം രാഷ്ട്രീയ വിയോജിപ്പുകളിൽ ഏറ്റുമുട്ടൽ തുടരും.
മുടക്കാതെ ക്ഷേമപെൻഷനും കെഎസ്ആർടിസി തുകയും
അടിസ്ഥാനവർഗങ്ങൾക്കുള്ള സർക്കാർ ആനുകൂല്യങ്ങൾ തൽസമയംതന്നെ വിതരണം ചെയ്യാനുള്ള ശ്രമമാണ് ആറുമാസമായി സർക്കാർ തുടരുന്നത്. ക്ഷേമപെൻഷൻ, അങ്കണവാടി, ആശാ പ്രവർത്തകർ തുടങ്ങിയവർക്കുള്ള ബത്തകളും പെൻഷനുകളും മുടക്കമില്ലാതെ വിതരണം ചെയ്യാൻ ശ്രമിക്കുന്നു. യുഡിഎഫ് സർക്കാരിന്റെ പ്രധാന പ്രഖ്യാപനമായ സ്ത്രീകൾക്കുള്ള പ്രിയദർശനി സൗജന്യയാത്രയ്ക്കു പ്രതിമാസം ചെലവാകുന്ന 80 കോടിയോളം രൂപ അതതു മാസംതന്നെ കൊടുത്തുതീർക്കുന്നു. പരമാവധി ക്ഷേമ ആനുകൂല്യങ്ങളൊന്നും കുടിശിക ഇടാൻ പാടില്ലെന്നാണ് നയം. മുൻ സർക്കാരിന്റെ കാലത്തെ കുടിശിക കൊടുത്തുതീർക്കുകയും ചെയ്തുവരുന്നു.
ആറു മാസത്തിനിടെ മൂന്നാം നിയമസഭാ സമ്മേളനം
സർക്കാരിന്റെ ആറുമാസം ഇന്നു പൂർത്തിയാകുമ്പോൾ മൂന്നാം നിയസഭാ സമ്മേളനം വിളിച്ചുചേർക്കാൻ ഒരുങ്ങുകയാണ്. വയോജനക്ഷേമം അടക്കമുള്ള നിരവധി ബില്ലുകൾ പാസാക്കി. ഇതിനായി പ്രത്യേക വകുപ്പു രൂപീകരിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ അടിമുടി പരിഷ്കരിക്കാനായി വിദേശ-സ്വകാര്യ സർവകലാശാലകൾ തുറക്കുന്നത് അടക്കമുള്ള നിയമനിർമാണങ്ങൾ ഉൾപ്പടെ ബില്ലുകൾ വരാനിരിക്കുന്നു. മിഷൻ സമുദ്ര ഉൾപ്പടെയുള്ള പ്രഖ്യാപനങ്ങളും പ്രായോഗിക തലത്തിലാക്കാനായെന്ന് അഭിമാനിക്കുന്നു.
വാഹനാപകടങ്ങൾ കുറയ്ക്കാൻ ജീവ സുയാത്ര
വാഹനാപകടങ്ങൾ പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള ജീവ സുയാത്ര പദ്ധതിക്കും സർക്കാർ തുടക്കമിട്ടുകഴിഞ്ഞു. ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരേ കർശന നടപടിക്കാണ് മുഖ്യമന്ത്രിയുടെ നിർദേശം.
കോട്ടങ്ങൾ
ഉദ്യോഗസ്ഥ സർവാധിപത്യം
ജനകീയ വകുപ്പുകളിൽ അടക്കം ഉദ്യോഗസ്ഥ സർവാധിപത്യമെന്ന കടുത്ത വിമർശനമാണ് ആറുമാസത്തെ വി.ഡി. സതീശൻ സർക്കാരിന്റെ ഭരണത്തിലെ പ്രധാന കോട്ടമായി വിലയിരുത്തപ്പെടുന്നത്. ജനങ്ങൾ നേരിട്ടു ബന്ധപ്പെടുന്ന തദ്ദേശ സ്വയംഭരണം, റവന്യു, പൊലിസ്, വൈദ്യുതി തുടങ്ങിയ വകുപ്പുകളിലും എക്സൈസ് പോലുള്ള വകുപ്പുകളിലും ഉദ്യോഗസ്ഥ ഏകാധിപത്യ നടപടികൾ പ്രകടമാണ്. സാധാരണയായി, സർക്കാരിന്റെ അവസാന കാലത്താണ് ഉദ്യോഗസ്ഥർ ചവിട്ടിപ്പിടിക്കുന്നതും മറുകണ്ടം ചാടുന്നതും. എന്നാൽ, ഒരു സർക്കാരിന്റെ തുടക്കകാലം മുതൽ ഇതു പ്രകടമാകുന്നവെന്ന വിമർശനമാണ് ശക്തം. ജില്ലാ ഭരണകൂടങ്ങളെ കൈപ്പിടിയിലൊതുക്കാൻ ചുമതലയുള്ള മന്ത്രിമാർക്കും കഴിയുന്നില്ല.
പിണറായി സർക്കാരിന്റെ കാലത്തു ഭരണകക്ഷിക്കാർ നിയന്ത്രിച്ചിരുന്ന കാര്യങ്ങൾ ഇപ്പോൾ ഇടത് അനുഭാവ ഉദ്യോഗസ്ഥരുടെ കൈപ്പിടിയിലായെന്ന വിമർശനം കോണ്‍ഗ്രസും ഘടകകക്ഷികളും ഉന്നയിക്കുന്നു.
ഇവിടെയും പുറത്താകുന്നതു സാധാരണക്കാരുടെ ആവശ്യങ്ങളാണ്. ജനങ്ങളുമായി നേരിട്ടു ബന്ധപ്പെടുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരെ നിലയ്ക്കു നിർത്താൻ കഴിയാത്ത ഭരണാധികാരികൾ വലിയ പരാജയം ഏറ്റുവാങ്ങുന്നതാണ് കേരള ചരിത്രം കാട്ടിത്തരുന്നത്.
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അനൈക്യം
കോണ്‍ഗ്രസിലെയും യുഡിഎഫിലെയും അനൈക്യം ഒരുപരിധി വരെ സർക്കാരിന്റെ ഇമേജിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തങ്ങൾ വിയർപ്പും രക്തവും നൽകി പിടിച്ചെടുത്ത ഭരണത്തിന്റെ സുപ്രധാന കസേരകളിൽ ഇപ്പോഴും ഇടതുപക്ഷക്കാർ ഇരിക്കുന്നുവെന്നാണ് ഭരണകക്ഷി നേതാക്കളുടെ വിമർശനം. ബോർഡ്- കോർപറേഷൻ അധ്യക്ഷ സ്ഥാനങ്ങൾ വീതിച്ചു നൽകാൻ കഴിയാത്തതിൽ മന്ത്രിമാർ അടക്കമുള്ള ഘടകകക്ഷി നേതാക്കൾ പരസ്യവിമർശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരേ യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശ് പലതവണ പൊട്ടിത്തെറിച്ചു. കെപിസിസിക്ക് അധ്യക്ഷനില്ലാത്തതാണ് വീതംവയ്പ് പ്രതിസന്ധിയിലാക്കുന്നതെന്നാണ് മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരുടെ നിലപാട്. സർക്കാരിന് ഹണിമൂണ്‍ പീരിയഡ് പോലും നൽകാതെ വിമർശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയപ്പോൾ പ്രതിസന്ധിയിലാക്കുന്ന സമീപനമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിക്കുന്നതെന്ന വിമർശനവും ഉന്നയിക്കുന്നു.
ആറുമാസമായിട്ടും നയമില്ലാതെ മദ്യം വിളമ്പൽ
ഭരണത്തിലെത്തി ആറുമാസമായിട്ടും പുതിയ സർക്കാരിന്റെ മദ്യനയം പ്രഖ്യാപിക്കാൻ കഴിയാത്തത് ഈ മേഖലയിൽ വലിയ പ്രതിസന്ധിക്കും അരാജകത്വത്തിനും വഴിയൊരുക്കുന്നു. എക്സൈസ് മന്ത്രി എം. ലിജുവിന്റെ നിർദേശങ്ങൾ എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും മദ്യലോബിയും ചേർന്ന് അട്ടിമറിക്കുന്നു. നിർദേശങ്ങൾ നടപ്പാകാത്തതിലെ അതൃപ്തി തുറന്നുപറഞ്ഞ് മന്ത്രിയും നീങ്ങുന്നു. മദ്യനയ ചർച്ചകൾ പൂർത്തിയായെങ്കിലും യുഡിഎഫ് യോഗം വിളിച്ചുചേർക്കാൻ കഴിയാത്തതാണ് നയരൂപീകരണത്തിന് തടസമാകുന്നത്.
വൈദ്യുതി ഷോക്ക്
വൈദ്യുതിക്കാര്യത്തിൽ സർക്കാരിനാകെ ഷോക്കേറ്റ അവസ്ഥയാണ്. വൈദ്യുതിക്ഷാമം മുതൽ വൈദ്യുതിവാങ്ങൽ വരെ ഹൈടെൻഷൻ ലൈനിലാണ്. മുഖ്യമന്ത്രി ഒന്നു പറയുന്നു, വൈദ്യുതിമന്ത്രി തിരുത്തുന്നു. പ്രതിപക്ഷം കൂടി വിവാദത്തിന്റെ ഭാഗമായതോടെ വൈദ്യുതി ഇനിയും ഏറെനാൾ കത്തുമെന്ന് ഉറപ്പാണ്.
പ്രതിപക്ഷത്ത് അസ്വാരസ്യം
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ് ആറു മാസം പിന്നിടുമ്പോൾ സർക്കാരിന്റെ പ്രോഗ്രസ് കാർഡ് പരിശോധിക്കുന്നതിനോടൊപ്പം കഴിഞ്ഞ ആറു മാസത്തെ പ്രതിപക്ഷത്തിന്റെ പ്രവർത്തനവും വിലയിരുത്തപ്പെടുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പുതോൽവിയിലെ കാരണങ്ങൾ അന്വേഷിച്ചുള്ള തിരക്കിലായിരുന്നു സിപിഎം. വിശാല സംസ്ഥാന കമ്മിറ്റിയും അതിനുശേഷമുള്ള വിശാല ജില്ലാ കമ്മിറ്റികളും, പാർട്ടിക്കുണ്ടായ കോട്ടങ്ങൾ പരിശോധിച്ചു. ചെറിയ തിരുത്തലുകളും സംഘടനാപരമായ ചില മാറ്റങ്ങളുമൊക്കെയായി സിപിഎമ്മും ആറു മാസം മുന്നോട്ടു പോയി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കാത്തിന്റെ അരിശത്തിൽ സിപിഐയും ഭരണം നഷ്ടപ്പെട്ടതിന്റെ വേവലാതിയിൽ കേരള കോണ്‍ഗ്രസ്-എമ്മും, ലയനതർക്കം തീരാതെ മറ്റു പാർട്ടികളും ആകെക്കൂടി വല്ലാത്ത സ്വൈരക്കേടിലാണ് ഇടതുമുന്നണി.
കഴിഞ്ഞ പത്തുവർഷത്തെ ഇടതുഭരണത്തിലെ അഴിമതിക്കഥകൾ തന്നെയാണു പ്രതിപക്ഷത്തിനെതിരേയുള്ള ഭരണപക്ഷത്തിന്റെ രാഷ്ട്രീയ തുറുപ്പുചീട്ട്. പൊതുവേദികളിലും നിയമസഭയിലും ഭരണപക്ഷം അതു ഭംഗിയായി പ്രതിപക്ഷത്തിനെതിരേ ഉപയോഗിച്ചു. പ്രത്യേകിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. കാര്യമായ ഒരു ചെറുത്തുനിൽപ്പും പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല തീരെ ദുർബലമായ ഒരു കൂട്ടമായി അവർ മാറിയെന്നതാണ് അവസ്ഥ. ആറു മാസം പിന്നിടുന്ന ഒരു സർക്കാരിനെതിരേ കാര്യമായ ഒരു ആരോപണവും ഉയർന്നുവന്നി എന്നതു ശരിവയ്ക്കുമ്പോഴും നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കാൻപോലും പ്രതിപക്ഷത്തിന് വിഷയദാരിദ്ര്യം അനുഭവപ്പെട്ടു. ഈ നിലതന്നെയായിരുന്നു നിയമസഭയ്ക്കു പുറത്തും കണ്ടത്. ഇടതുമുന്നണിയെന്ന നിലയിൽ യോജിച്ചൊരു പ്രക്ഷോഭം നടത്താൻ അവർക്കു കഴിഞ്ഞില്ല. സിപിഎമ്മും സിപിഐയും വെവ്വേറെ സമരങ്ങളാണു നടത്തിയത്. മുന്നണിയിലെ മൂന്നാമത്തെ കക്ഷിയെന്നു വിളിപ്പേരുള്ള കേരള കോണ്‍ഗ്രസ്-എം പ്രതിപക്ഷ ചിത്രത്തിലേ ഇല്ലായിരുന്നു. എൻസിപി ഉൾപ്പടെയുള്ള മറ്റു പാർട്ടികൾ പിളർന്നും ലയിച്ചും ആറു മാസം മുന്നോട്ടു പോയി. ഇടതുമുന്നണി യോഗം പലപ്പോഴും പേരിനു മാത്രം ചേരുന്ന അവസ്ഥയിലാണ്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ലഭിക്കാത്തതിന്റെ അതൃപ്തി സിപിഐ എത്ര പ്രകടമാക്കിയിട്ടും സിപിഎം അനങ്ങുന്നില്ല. ഇടതുമുന്നണി പാർലമെന്ററി പാർട്ടി യോഗം ഇതുവരെയും ചേർന്നിട്ടില്ല. ഉപനേതാവ് സ്ഥാനം ലഭിക്കാതെ ഈ യോഗത്തിൽ പങ്കെടുക്കില്ലെന്ന ശക്തമായ നിലപാടിലാണു സിപിഐ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേ ചില സമരങ്ങൾ ഇടതുമുന്നണിയെന്ന നിലയിൽ സംഘടിപ്പിച്ചെങ്കിലും അത്തരം സമരങ്ങളെല്ലാം കേവലം ആൾക്കൂട്ടമായി മാത്രം ഒതുങ്ങി. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് അനാവശ്യ വിവാദമുണ്ടാക്കിയതു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണെന്ന അഭിപ്രായം പാർട്ടിക്കുള്ളിലെ നേതാക്കൾക്കുണ്ട്. എന്നാൽ ഈ ആവശ്യത്തിൽനിന്ന് ഇനി പിന്നോട്ടുപോകാൻ സിപിഐക്കു കഴിയില്ലെന്ന ദുരവസ്ഥയിലാണു സിപിഐ. ഈ വിഷയത്തിലുള്ള സിപിഎം-സിപിഐ തർക്കം ഭരണപക്ഷം പ്രതിപക്ഷത്തിനെതിരേ നന്നായി പ്രയോജനപ്പെടുത്തുന്നുമുണ്ട്.
പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമെതിരേയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറിന്റെ (ഇഡി) അന്വേഷണത്തിൽ ബിനോയ് വിശ്വം നടത്തിയ പരാമർശം സിപിഎം-സിപിഐ അകൽച്ച കൂട്ടി. ‘അന്വേഷണം വേറെ ബിസിനസ് വേറെ’ എന്ന ബിനോയിയുടെ പ്രയോഗം പിണറായിയെയും സിപിഎമ്മിനെയും വല്ലാതെ പ്രതിരോധത്തിലാക്കി. ഈ പ്രയോഗം സിപിഐ സെക്രട്ടറി പലതവണ ആവർത്തിച്ചു. ഇതിലെ നീരസം ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ ബിനോയിയെ അറിയിക്കുകയും ചെയ്തു. ഇഡി കേസിൽ കോടതി തുടരന്വേഷണം തടഞ്ഞതു സിപിഎമ്മിനും പിണറായിക്കും രാഷ്ട്രീയമായി വലിയ ആശ്വാസമായി. കേസിലെ കോടതി നടപടി മാത്രമാണു കഴിഞ്ഞ ആറുമാസത്തിനിടെ പ്രതിപക്ഷത്തിന് അനുകൂലമായി വന്ന ഏക രാഷ്ട്രീയ ബോണസ്. പിഎസ്സിയിലെ പരീക്ഷാക്രമക്കേട്, മെസിയുടെ പേരിലുള്ള തട്ടിപ്പ്, ആരോഗ്യവകുപ്പിലെ പർച്ചേസ് അഴിമതി, ശബരിമലയിലെ നെയ്യ് വിവാദം ഇങ്ങനെ കഴിഞ്ഞ പത്തുവർഷ ഇടതുഭരണത്തിലെ അഴിമതിയാരോപണങ്ങൾ സിപിഎമ്മിനെ വേട്ടയാടുകയാണ്. ഈ ആരോപണങ്ങൾ അവരുടെ ഭരണകാലത്തുതന്നെ ഉയർന്നിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങളിൽ ഫലപ്രദമായി ഇടപെടാൻ ഒരു ശ്രമവും പാർട്ടിയുടെ ഭാഗത്തുനിന്നോ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഭാഗത്തുനിന്നോ ഉണ്ടായില്ലെന്ന ആക്ഷേപം സിപിഎമ്മിനുള്ളിൽ തന്നെയുണ്ട്.
സഹാനുഭൂതിയോടെ സദ്ഭരണം
(വി. ഡി. സതീശന്, മുഖ്യമന്ത്രി)
യുഡിഎഫ് സര്‍ക്കാര്‍ അഭിമാനകരമായ ആറു മാസം പിന്നിടുകയാണ്. ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പിലാക്കിയാണ് ഈ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര പ്രഖ്യാപിക്കാനും ആശ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍ -പാചകത്തൊഴിലാളികള്‍- പ്രീ പ്രൈമറി അധ്യാപകര്‍- ആയമാര്‍ എന്നിവരുടെ ഓണറേറിയം വര്‍ധിപ്പിക്കാനും സര്‍ക്കാരിന് സാധിച്ചു. നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതികളെല്ലാം സമയബന്ധിതമായി നടപ്പാക്കിയും സര്‍ക്കാര്‍ പുതിയ മാതൃക സൃഷ്ടിച്ചു. സഹാനുഭൂതിയോടെയുള്ള സദ്ഭരണമാണ് വിഭാവന ചെയ്യുന്നത്.
എല്ലാവരെയും ചേര്‍ത്തുനിര്‍ത്തുന്നതാണ് പുതുയുഗ കേരളം. ഭൂമിശാസ്ത്രപരമായ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിയുള്ളതാകണം വികസനമെന്നതാണ് കാഴ്ചപ്പാട്. പരിസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതോ മനുഷ്യരുടെ ജീവിതത്തെയും ഉപജീവനത്തെയും തകര്‍ക്കുന്നതോ ആയ വികസനം കേരളത്തിലുണ്ടാകില്ല. ലോകം ശ്രദ്ധിക്കുന്ന മാതൃകകള്‍ സൃഷ്ടിക്കണമെന്നതാണ് സര്‍ക്കാരിന്റെ സ്വപ്നം. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാനുള്ള വഴികളിലൂടെയാണ് നമ്മളിപ്പോള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
സമുദ്രസമ്പത്തും അനുബന്ധമേഖലകളും പ്രയോജനപ്പെടുത്തി വലിയ സാമ്പത്തിക മുന്നേറ്റത്തിന് നമുക്ക് വഴിയൊരുക്കണം. അതിനുള്ള സ്വപ്നപദ്ധതിയാണ് മിഷന് സമുദ്ര. 2031ഓടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. റോഡിലൂടെയുള്ള ചരക്കുനീക്കത്തിന്റെ അന്‍പത് ശതമാനമെങ്കിലും കടല്‍ വഴിയാക്കണം. രണ്ടാം ഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിംഗും മൂന്നാംഘട്ടത്തില്‍ നദികളെ സംയോജിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര മേഖലയുടെ അനന്തസാധ്യതകളും പ്രയോജനപ്പെടുത്തും. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തെ പ്രധാന ഏവിയേഷന്‍ ഹബ്ബാക്കി മാറ്റുകയും വേണം.
ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ നമുക്ക് മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ കഴിയും. അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കാലഘട്ടത്തിന് അനുയോജ്യമായ പ്രോഗ്രാമുകളും മാറുന്ന തൊഴില്‍ സാഹചര്യത്തിന് അനുസരിച്ചുള്ള തൊഴില്‍ പരിശീലനങ്ങളും സംസ്ഥാനം സജ്ജമാക്കും. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളില്‍ കൂടുതല്‍ നിക്ഷേപസൗഹൃദ സാഹചര്യം ഉറപ്പാക്കും. വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ പരിചരണത്തിന്റെയും പ്രധാന കേന്ദ്രമാക്കി കേരളത്തെ മാറ്റും. അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ നഴ്സിംഗ് സീറ്റുകളുടെ എണ്ണം 50 ശതമാനം വര്‍ധിപ്പിക്കും.
മുതിര്‍ന്ന പൗരന്മാര് ഒറ്റയ്ക്കല്ലെന്നും സമൂഹവും സര്‍ക്കാരും ഒപ്പമുണ്ടെന്ന ഉറപ്പു നല്കാന് മുതിര്‍ന്ന പൗരന്മാര്ക്കുള്ള വകുപ്പ് രൂപീകരിച്ചതോടെ നമുക്കു കഴിഞ്ഞു. സംരക്ഷണം ഒരുക്കുന്നതിനൊപ്പം വിവിധ മേഖലകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ വൈദഗ്ധ്യംകൂടി പ്രയോജനപ്പെടുത്തുന്ന സില്‍വര്‍ ഇക്കോണമിയാണ് നമ്മുടെ ലക്ഷ്യം.
പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും ഉള്‍പ്പടെയുള്ള സാധാരണക്കാരെയും ഈ സര്‍ക്കാര്‍ ചേര്‍ത്തുപിടിക്കും. ഇതിന്റെ ഭാഗമായാണ് പട്ടികജാതി- പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് പ്രത്യേക ഭവനപദ്ധതി ആരംഭിച്ചത്. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍നിന്ന് ആറ് ലക്ഷമായും പട്ടികവര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍നിന്ന് എട്ട് ലക്ഷമായും ഉയര്‍ത്തിയിട്ടുണ്ട്. ലഹരി മാഫിയയോട് വിട്ടുവീഴ്ചയില്ല. അത്തരം സംഘങ്ങളുടെ അടിവേരറക്കും.
നികുതിഭാരം ഉയര്‍ത്താതെ വരുമാനം വര്‍ധിപ്പിക്കുകയെന്നതാണ് സര്‍ക്കാരിന്റെ നയം. ജിഎസ്ടി വരുമാനത്തില്‍ കേരളം മികച്ച മുന്നേറ്റമാണു നടത്തുന്നത്. ഒക്ടോബറില്‍ ചരക്കുസേവന നികുതിയിനത്തില്‍ മാത്രം 3689 കോടി രൂപ ഖജനാവിലെത്തി. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ 27 ശതമാനത്തിന്റെ വര്‍ധന. ദേശീയ ശരാശരിയില്‍ 13 ശതമാനം വര്ധനയുള്ളപ്പോഴാണ് കേരളത്തിന്റെ ഈ കുതിപ്പ്. ചുവപ്പുനാടയുടെ കുരുക്കില്‍നിന്ന് സംരംഭകരെ രക്ഷിക്കാനും പുതുമയാര്‍ന്ന സംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിക്കാനും ‘സരള്‍ കേരളം’ എന്ന സുപ്രധാന നിയമമാണ് കേരള നിയമസഭ പാസാക്കിയത്.
ഭാവി സാങ്കേതികവിദ്യയുടെ കാര്യത്തിലും നമ്മള് മുന്നിലെത്തണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം കംപ്യൂട്ടിംഗ്, മെഷീന് ലേണിംഗ്, റോബോട്ടിക് കംപ്യൂട്ടിംഗ് മേഖലകളില്‍ കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണം. ഡാറ്റ സെന്ററുകള്‍, സെമി കണ്ടക്ടര്‍ കേന്ദ്രങ്ങള്‍, ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററുകള്‍ എന്നിവ കേരളത്തില്‍ സ്ഥാപിക്കണം. രാജ്യത്ത് ഐടി മേഖലയുടെ വളര്‍ച്ചയ്ക്കു തുടക്കമിട്ട സംസ്ഥാനമാണു കേരളം. ആ പാരമ്പര്യം പുതിയ സാങ്കേതികവിദ്യയുടെ കാലത്തും നമുക്ക് തുടരാനാകണം.
വികസനത്തോടൊപ്പം ഓരോ മനുഷ്യന്റെയും ജീവിതവും പ്രയാസങ്ങളും കരുതലോടെ കാണുന്ന ഭരണസംവിധാനമാണ് നമുക്കു വേണ്ടത്. സ്വാതന്ത്ര്യം ഏതാനും പേര്‍ക്കുള്ളതല്ല, മതമോ ജാതിയോ ഉപയോഗിച്ച് ആരെയും ഇരുട്ടില്‍ നിര്‍ത്തരുത്. നിതാന്ത ജാഗ്രതയും ഉറച്ച മതേതരത്വ ജനാധിപത്യ നിലപാടുകളും വേണം. ഇക്കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അതിനു പിന്നാലെ പോകട്ടെ. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത് ജനക്ഷേമത്തിലും വികസനത്തിലുമാണ്. ക്രിയാത്മക വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്നു. തെറ്റു പറ്റിയാല്‍ തിരുത്താന്‍ ഒരു മടിയുമില്ല. പക്ഷേ വിവാദങ്ങളിലൂടെ സര്‍ക്കാരിനെ സമ്മര്ദത്തില്പ്പെടുത്താമെന്ന് ആരും കരുതേണ്ട.
