തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷും മന്ത്രിമാരായി അധികാരമേറ്റിട്ട് ആറുമാസം പിന്നിട്ടിട്ടും സംഘടനാ അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പകരക്കാരെ കണ്ടെത്താനാകാതെ കോൺഗ്രസ് നേതൃത്വം.
കഴിഞ്ഞ മേയ് 18നാണ് ഇരുവരും മന്ത്രിമാരായി ചുമതലയേറ്റത്. ഇരുവരും മന്ത്രിമാരായതോടെ കെപിസിസി, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനങ്ങളിൽ പുതിയ നിയമനങ്ങൾ നടത്തേണ്ട സാഹചര്യമുണ്ടായെങ്കിലും ഇതുവരെ പകരക്കാരെ കണ്ടെത്താൻ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.
മന്ത്രിമാർ പാർട്ടിയുടെ ഉന്നത സ്ഥാനങ്ങളിൽ തുടരുന്നതിന് നിയമപരമായ തടസങ്ങളില്ലെങ്കിലും ഭരണപരമായ ഉത്തരവാദിത്തങ്ങൾക്കൊപ്പം സംഘടനാ ചുമതലകളും വഹിക്കുന്നത് ധാർമികമായും സംഘടനാപരമായും ശരിയാണോയെന്ന ചോദ്യം ഉയരുന്നുണ്ട്.
ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനാണ് മന്ത്രിമാർ പ്രഥമ പരിഗണന നൽകേണ്ടതെന്നിരിക്കെ, സംഘടനാ ചുമതലകൾ കൂടി വഹിക്കേണ്ടിവരുന്നത് ഭരണപ്രവർത്തനങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
അധ്യക്ഷ സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങൾ വൈകുന്നതിൽ കോൺഗ്രസിനുള്ളിലും അതൃപ്തി പുകയുന്നുണ്ട്. പുതിയ അധ്യക്ഷന്മാരെ നിയമിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം എപ്പോൾ തീരുമാനമെടുക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.
