തൃശൂർ: പത്മജ വേണുഗോപാൽ ബിജെപി വിടാനുള്ള നീക്കത്തിലെന്ന് റിപ്പോർട്ട്. ബിജെപിയിൽ നിന്ന് ഇന്ന് രാജി പ്രഖ്യാപിക്കുമെന്ന് സൂചന. വ്യക്തിപരമായ കാരണങ്ങളാലാണെന്നാണ് വിശദീകരണമെങ്കിലും ബിജെപി നേതൃത്വത്തിൽനിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന അതൃപ്തിയാണ് പാർട്ടി വിടാനുള്ള ആലോചനയ്ക്ക് പിന്നിലെന്നാണ് വിവരം.
2024 മാർച്ച് ഏഴിനാണ് പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പിതാവ് കെ. കരുണാകരന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിൽനിന്നുള്ള പത്മജയുടെ ഈ തീരുമാനം അന്ന് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു.
ബിജെപിയിലെത്തിയപ്പോൾ ദേശീയതലത്തിൽ പ്രധാനപ്പെട്ട പദവികൾ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാൽ പ്രതീക്ഷിച്ച അംഗീകാരമോ സ്ഥാനമാനങ്ങളോ ലഭിച്ചില്ലെന്ന അതൃപ്തി പത്മജയ്ക്കുണ്ടായിരുന്നുവെന്നാണ് സൂചന.
ദേശീയ വനിതാ കമ്മിഷൻ, ഗവർണർ പദവി തുടങ്ങിയ സ്ഥാനങ്ങളുമായി ബന്ധപ്പെട്ടും നേരത്തെ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ ഇവയൊന്നും യാഥാർഥ്യമായില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച പത്മജയ്ക്ക് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയുടെ സജീവ പ്രവർത്തനങ്ങളിൽനിന്ന് അവർ വിട്ടുനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്
അതേസമയം, ബിജെപി വിട്ട് പത്മജ കോൺഗ്രസിലേക്ക് തന്നെ എത്തുമെന്നാണ് സൂചന. സഹോദരനും മന്ത്രിയുമായ കെ. മുരളീധരൻ അടക്കം ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. പാർട്ടിയിലെ ഉന്നത നേതാക്കളുമായി പത്മജ ആശയവിനിമയത്തിലുമാണ്. എന്നാൽ, ഇതു സംബന്ധിച്ച് പരസ്യ പ്രതികരണത്തിന് പത്മജ മുതിർന്നിട്ടില്ല.
കോൺഗ്രസിലേക്കുള്ള മടക്കവുമായി ബന്ധപ്പെട്ട് പത്മജ ആദ്യം സംസാരിച്ചത് മുരളീധരനോടാണെന്നാണ് വിവരം. വിഷയം പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. തുടർന്ന് സംസ്ഥാന നേതൃത്വവുമായും മുഖ്യമന്ത്രിയുമായും ആശയവിനിമയം നടത്തിയതായാണ് സൂചന.
ഇതിനിടെ, പത്മജയുടെ മടക്കത്തിൽ തൃശൂർ ജില്ലയിലെ കോൺഗ്രസ് നേതാക്കളിലും പ്രവർത്തകരിലും ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടെന്നാണ് വിവരം. കോൺഗ്രസിലുണ്ടായിരുന്ന കാലത്തും പത്മജയുമായി അഭിപ്രായവ്യത്യാസം പുലർത്തിയിരുന്ന വിഭാഗമാണ് ഇപ്പോൾ തിരിച്ചുവരവിനെതിരെ രംഗത്തുള്ളത്. പത്മജയെ പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനാണ് ഇവരുടെ നീക്കം.
