അർമേനിയയിലെ പൊതുമേഖലാ ടെലിവിഷൻ ചാനലിൽ നടന്ന രാഷ്ട്രീയ ചർച്ചയ്ക്കിടെ മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിച്ചു. മുൻകൂട്ടി റെക്കോർഡ് ചെയ്ത പരിപാടിയായിട്ടുപോലും അടിപിടി ദൃശ്യങ്ങൾ നീക്കം ചെയ്യാതെ സംപ്രേഷണം ചെയ്ത ചാനലിന്റെ നടപടി വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
പൊതുചാനലിലെ ‘ദി ഗ്രേറ്റ് ഡിബേറ്റ്’ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. മാധ്യമപ്രവർത്തകൻ ബോറിസ് മുറാദ്യാനും രാഷ്ട്രീയ നിരീക്ഷകൻ ഹരുത്യുൻ എംക്ർത്ച്യാനും തമ്മിലാണ് ഏറ്റുമുട്ടിയത്. ചർച്ചയ്ക്കിടെ മുറാദ്യാന്റെ രാഷ്ട്രീയ സത്യസന്ധതയെ എംക്ർത്ച്യാൻ ചോദ്യം ചെയ്യുകയും, മുൻ പ്രസിഡന്റ് സെർജ് സർഗ്സ്യാനെതിരെയുള്ള ലൈംഗികാരോപണങ്ങൾ പരാമർശിക്കുകയും ചെയ്തതാണ് പ്രകോപനത്തിന് കാരണമായത്. മാധ്യമങ്ങളിൽ നേരത്തെ വന്ന വാർത്തയാണിതെന്ന് എംക്ർത്ച്യാൻ വാദിച്ചപ്പോൾ, പരാമർശം അങ്ങേയറ്റം അപമാനകരമാണെന്ന് മുറാദ്യാൻ തിരിച്ചടിച്ചു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ അസഭ്യവർഷം നിമിഷങ്ങൾക്കകം പരസ്പരം ഇടിക്കുന്നതിലേക്കും ചവിട്ടുന്നതിലേക്കും നീങ്ങുകയായിരുന്നു.
സംഘർഷം രൂക്ഷമായതോടെ അവതാരകരായ തതേവ് ഡാനിയേലിയനും പെട്രോസ് ഗസാരിയനും സ്റ്റുഡിയോയിലേക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയെങ്കിലും ഇരുവരെയും പിടിച്ചുമാറ്റാൻ ഏറെ പണിപ്പെടേണ്ടി വന്നു. തത്സമയ സംപ്രേഷണമല്ലാതിരുന്നതിനാൽ ഈ ഭാഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റാൻ ചാനലിന് അവസരമുണ്ടായിരുന്നു. എന്നാൽ, ദൃശ്യങ്ങൾ നീക്കം ചെയ്യില്ലെന്ന് അവതാരകൻ പെട്രോസ് ഗസാരിയൻ വ്യക്തമാക്കുകയായിരുന്നു. ചിത്രീകരണം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം സംപ്രേഷണം ചെയ്ത എപ്പിസോഡിൽ അസഭ്യവാക്കുകൾ ഭാഗികമായി മാത്രമാണ് ബീപ്പ് ശബ്ദം നൽകി മറച്ചിരുന്നത്.
സംഭവത്തിൽ അർമേനിയയിലെ ടെലിവിഷൻ ആൻഡ് റേഡിയോ കമ്മീഷൻ ചാനലിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ചർച്ചയുടെ പേരിൽ അക്രമത്തെയും അസഭ്യവർഷത്തെയും ന്യായീകരിക്കാനാവില്ലെന്നും, നിയമം പാലിക്കാനും അക്രമം പ്രോത്സാഹിപ്പിക്കാതിരിക്കാനും പൊതുചാനലിന് ഉത്തരവാദിത്തമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. അക്രമവും ക്രൂരതയും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങൾ നിരോധിക്കുന്ന ഓഡിയോവിഷ്വൽ മീഡിയ നിയമത്തിലെ ഭേദഗതികളും കമ്മീഷൻ ഓർമിപ്പിച്ചു. മുൻകൂട്ടി റിക്കാർഡ് ചെയ്ത പരിപാടിയായിട്ടും പ്രഫഷണൽ രീതിയിൽ അത് കൈകാര്യം ചെയ്യാത്തതിൽ കമ്മീഷൻ ആശ്ചര്യം പ്രകടിപ്പിച്ചു. എന്നാൽ, സ്വന്തം കൗൺസിലിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന പൊതുചാനലിന്മേൽ കമ്മീഷന് നേരിട്ട് ലൈസൻസിംഗ് അധികാരമില്ലാത്തതിനാൽ പിഴയൊന്നും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം, ചാനലിന്റെ നടപടിയെ ബ്രോഡ്കാസ്റ്റർ കൗൺസിൽ ചെയർമാൻ വാസാക് ഡാർബിന്യൻ ന്യായീകരിച്ചു. അതിഥികളുടെ യഥാർഥ പെരുമാറ്റം പ്രേക്ഷകരിൽ നിന്ന് മറച്ചുവെക്കേണ്ടതില്ലെന്നും, മുഴുവൻ ദൃശ്യങ്ങളും സംപ്രേഷണം ചെയ്തത് തികച്ചും സ്വാഭാവികമായ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
