പ്രതിശ്രുത വധുവിന്റെ സംസ്ഥാന സർക്കാർ ജോലി താൽക്കാലികമാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് വിവാഹനിശ്ചയത്തിൽ നിന്ന് പിന്മാറിയ സംഭവം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ‘മാട്രിമോണി പ്രതീക്ഷകളും യാഥാർത്ഥ്യവും തമ്മിൽ പൊരുത്തപ്പെടാതെ വരുമ്പോൾ’ എന്ന തലക്കെട്ടോടെ റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
മാട്രിമോണിയൽ ആപ്പ് വഴി തന്റെ സുഹൃത്തിന് നേരിട്ട അനുഭവമാണ് ഒരാൾ റെഡ്ഡിറ്റിൽ പങ്കുവെച്ചത്. സ്വകാര്യ കോളേജിൽ നിന്ന് ബിഎസ്സി ബിരുദം നേടിയ യുവതി സംസ്ഥാന സർക്കാർ സർവീസിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് പ്രഫൈലിൽ നൽകിയിരുന്നത്. എന്നാൽ അത് താൽക്കാലിക തസ്തികയാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല.
അതേസമയം, വരനെക്കുറിച്ചുള്ള യുവതിയുടെ പ്രതീക്ഷകൾ വളരെ വലുതായിരുന്നു. നിശ്ചിത ശമ്പളം, സ്വന്തമായി വീട്, കാർ എന്നിവ ഉണ്ടായിരിക്കണമെന്ന് യുവതി നിബന്ധന വെച്ചിരുന്നു. ആപ്പിൽ യുവാവിന്റെ ഉയരം 5’5″ ആണെന്ന് വ്യക്തമായി നൽകിയിരുന്നിട്ടും, നല്ല ഉയരമുള്ള ഒരാളെയാണ് താൻ ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞിരുന്നു.
സാധാരണക്കാരനെപ്പോലെ പെരുമാറിയ യുവാവ് യഥാർഥത്തിൽ മികച്ച കരിയറുള്ള ഒരു ഐഎസ്ആർഒ ശാസ്ത്രജ്ഞനായിരുന്നു. കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും വിദേശത്ത് നിന്ന് ബിരുദാനന്തര ബിരുദവും നേടിയ ഇദ്ദേഹത്തിന് മികച്ച ജീവിതസാഹചര്യങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള ആലോചനകൾ മുന്നോട്ട് പോവുകയും വിവാഹനിശ്ചയ തീയതി തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാൽ, യുവതിയുടെ സർക്കാർ ജോലി സ്ഥിരമല്ലെന്ന് വരന്റെ വീട്ടുകാർ അറിഞ്ഞതോടെ കാര്യങ്ങൾ മാറിമറിയുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയുമായിരുന്നു.
പോസ്റ്റ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. വിവാഹബന്ധത്തിന്റെ തുടക്കത്തിൽ തന്നെ പ്രധാനപ്പെട്ട കാര്യങ്ങൾ മറച്ചുവെക്കുന്നത് വിശ്വാസത്തെ തകർക്കുമെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. വലിയ നിബന്ധനകൾ വെച്ച യുവതി സ്വന്തം ജോലിയുടെ യഥാർഥ അവസ്ഥ മറച്ചുവെച്ചത് ശരിയായില്ലെന്നും, വരന്റെ കുടുംബം എടുത്ത തീരുമാനം ഉചിതമാണെന്നും പലരും കമന്റ് ചെയ്തു. എന്നാൽ, ഒരു വശം മാത്രം കേട്ട് ആരെയും വിധിക്കരുതെന്നും മറുവശം കൂടി അറിയേണ്ടതുണ്ടെന്നും ചിലർ ചൂണ്ടിക്കാട്ടി.
