ഓരോരുത്തരും ഓരോ ടാറ്റൂ മാത്രമേ ചെയ്യൂ എന്ന് അമ്മയ്ക്ക് നൽകിയ വാക്ക് പിന്നീട് വലിയൊരു അഭിനിവേശമായി മാറിയപ്പോൾ, ഇരട്ട സഹോദരിമാരെ തേടിയെത്തിയത് ലോക റിക്കാർഡ്. ജർമനി സ്വദേശിനികളും ഇപ്പോൾ അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ താമസക്കാരുമായ അലീൻ ഗാലിയാനോ, അലീന ഹാൻലെ എന്നിവരാണ് ശരീരത്തിന്റെ 70 ശതമാനത്തോളം വർണാഭമായ ടാറ്റൂകൾ ചെയ്ത് ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയത്. ‘ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത ഇരട്ട സഹോദരിമാർ’എന്ന ബഹുമതിയാണ് ഇവർ പങ്കിടുന്നത്.
‘പെറ്റൂണിയ ട്വിൻസ്’ എന്നറിയപ്പെടുന്ന ഇരുവരും ടാറ്റൂ കലയോടുള്ള തങ്ങളുടെ ഇഷ്ടത്തെ വിജയകരമായ ഒരു കരിയറാക്കി മാറ്റിയിരിക്കുകയാണ്. ലോസ് ഏഞ്ചൽസിൽ ‘പെറ്റൂണിയ ട്വിൻസ് ഇങ്ക്’ എന്ന പേരിൽ സ്വന്തമായി ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന ഇവർക്കൊപ്പം മറ്റ് എട്ട് വനിതാ ടാറ്റൂ ആർട്ടിസ്റ്റുകളും പ്രവർത്തിക്കുന്നുണ്ട്.
ആദ്യമായി ഓരോ ടാറ്റൂ മാത്രമേ ചെയ്യൂ എന്നായിരുന്നു ഇവർ അമ്മയോട് സമ്മതിച്ചിരുന്നത്. എന്നാൽ ആദ്യ ടാറ്റൂ ചെയ്തതിന് പിന്നാലെ ഈ കലയോട് ഇരുവർക്കും വലിയ ആകർഷണം തോന്നുകയും കൂടുതൽ ടാറ്റൂകൾ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു. തുടക്കത്തിൽ അമ്മയ്ക്ക് ഇതിൽ നിരാശയുണ്ടായിരുന്നെങ്കിലും, ഇന്ന് മക്കളുടെ ഏറ്റവും വലിയ പിന്തുണക്കാരി അവരാണ്. തങ്ങളുടെ അഭിനിവേശം പിന്നീട് ജീവിതവും കരിയറുമായി മാറുകയായിരുന്നുവെന്ന് അലീൻ പറയുന്നു.
ജർമ്മനിയിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്ന് വലിയൊരു നഗരത്തിൽ ജീവിക്കണമെന്ന ആഗ്രഹവുമായാണ് ഇരുവരും ലോസ് ഏഞ്ചൽസിലേക്ക് എത്തിയത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് നാട്ടിലേക്ക് മടങ്ങാനാവാതെ സ്വന്തം ടാറ്റൂ സ്റ്റുഡിയോയ്ക്കുള്ളിൽ കിടന്നുറങ്ങേണ്ടി വന്ന കഠിനമായ സാഹചര്യങ്ങളും ഇവർ അതിജീവിച്ചു. പിന്നീട് ടിക്ടോക്കിലൂടെ പ്രശസ്തരായതോടെയാണ് ഇവരുടെ ജീവിതം മാറിമറിഞ്ഞത്. 2027-ലെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുസ്തകത്തിലും ഇവർ ഇടംനേടിയിട്ടുണ്ട്.
കാഴ്ചയിൽ ഒരുപോലെയാണെങ്കിലും ഇരുവരുടെയും പ്രിയപ്പെട്ട ടാറ്റൂ ഡിസൈനുകൾ വ്യത്യസ്തമാണ്. നെറ്റിയിലെ മണ്ഡല ഡിസൈനാണ് അലീന് ഏറ്റവും പ്രിയപ്പെട്ടത്. കുട്ടിക്കാലത്ത് സഹോദരിക്കൊപ്പം വീഡിയോ ഗെയിമുകൾ കളിച്ചതിന്റെ ഓർമയ്ക്കായി കാലിൽ ഒരു നിന്റെൻഡോ കൺട്രോളറിന്റെ ടാറ്റൂവും ചെയ്തിട്ടുണ്ട്.
താടിയിലെ വെള്ള മണ്ഡല ഡിസൈനും, ഏഴ് മണിക്കൂർ എടുത്ത് വയറ്റിൽ ചെയ്ത ടാറ്റൂവുമാണ് അലീനയ്ക്ക് പ്രിയപ്പെട്ടത്. പത്ത് വർഷത്തോളം താൻ വായിച്ചിരുന്നതും അമ്മയ്ക്ക് ഏറെ ഇഷ്ടമുള്ളതുമായ ‘ഫ്രഞ്ച് ഹോൺ’ എന്ന സംഗീതോപകരണത്തിന്റെ ടാറ്റൂവും അലീനയുടെ കാലിലുണ്ട്.
മാസത്തിൽ ഒരിക്കലെങ്കിലും ഇവർ പരസ്പരം ടാറ്റൂ ചെയ്തു കൊടുക്കാറുണ്ട്. പരസ്പരം പ്രചോദനമാകാറുണ്ടെങ്കിലും ഒരാളുടെ ഡിസൈൻ മറ്റൊരാൾ അതേപടി പകർത്താറില്ലെന്ന് അലീന വ്യക്തമാക്കുന്നു. തങ്ങളുടെ അടുത്ത ബന്ധത്തിന്റെയും പങ്കുവെച്ച ഓർമകളുടെയും തൊഴിലിനോടുള്ള സ്നേഹത്തിന്റെയും പ്രതീകമായാണ് ഈ സഹോദരിമാർ തങ്ങളുടെ ശരീരത്തിലെ ടാറ്റൂകളെ കാണുന്നത്.


