ലോക്കൽ ട്രെയിനിലെ മോട്ടോർമാൻ ക്യാബിനുള്ളിലേക്ക് അതിക്രമിച്ചു കയറാൻ യുവതി ശ്രമിക്കുന്നതായുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുംബൈയിലെ ഗോരെഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണിതെന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാൽ, ഇത്തരമൊരു സംഭവം ഗോരെഗാവ് സ്റ്റേഷനിൽ നടന്നതായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് വ്യക്തമാക്കി.
ഏകദേശം ഇരുപത് വയസോളം പ്രായം തോന്നിക്കുന്ന യുവതി, നിയന്ത്രിത മേഖലയായ മോട്ടോർമാൻ ക്യാബിന്റെ വാതിലിന്റെ പിടിയിൽ രണ്ട് കൈകളും കൊണ്ട് തൂങ്ങിനിൽക്കുന്നതും അസ്വാഭാവികമായി ചലിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. സ്കർട്ടും ഹൈ ഹീൽസും ധരിച്ച യുവതി മദ്യലഹരിയിലായിരുന്നു എന്നാണ് സോഷ്യൽ മീഡിയ പോസ്റ്റുകളിലെ ആരോപണം. എന്നാൽ ദൃശ്യങ്ങളിൽ നിന്ന് ഇക്കാര്യം സ്വതന്ത്രമായി സ്ഥിരീകരിക്കാനായിട്ടില്ല.
നവംബർ 16-ന് രാത്രി 11.40-ഓടെ ഇൻസ്റ്റാഗ്രാം വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആർപിഎഫ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തിയിരുന്നു. എഎസ്ഐ സുഭാഷ് യാദവ്, ഹെഡ് കോൺസ്റ്റബിൾ വിനായക് കോറെ എന്നിവർ ഗോരെഗാവ് സ്റ്റേഷൻ മാസ്റ്ററുമായും ഗവൺമെന്റ് റെയിൽവേ പോലീസുമായും ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മോട്ടോർമാന്മാരും ഗാർഡുകളും സ്റ്റേഷൻ അധികൃതരും വ്യക്തമാക്കി.
ഉച്ചയ്ക്കും രാത്രിയിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്ന് വിവരങ്ങൾ തേടിയതിന് പുറമെ, ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിലെ സിസിടിവി ദൃശ്യങ്ങളും ആർപിഎഫ് പരിശോധിച്ചു. എന്നാൽ ഗോരെഗാവ് സ്റ്റേഷനിൽ ഇത്തരമൊരു സംഭവം നടന്നതിന്റെ യാതൊരു തെളിവും കണ്ടെത്താനായില്ല. വൈറൽ വീഡിയോ ചിത്രീകരിച്ച സ്ഥലം ഏതാണെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും ആർപിഎഫ് റിപ്പോർട്ടിൽ പറയുന്നു.
