ന്യൂഡല്‍ഹി: സ്ഥിരതയുള്ള ഇന്ത്യന്‍ കമ്പനികളുടെ പട്ടികയില്‍ വിപ്രോയും റിലയന്‍സ് ഇന്‍ഡസ്ട്രീസും മുന്‍പന്തിയില്‍. സിഐഐ-ഐടിസി സമിതി നല്കിയ റേറ്റിംഗിലാണ് 100 കമ്പനികളില്‍ ഇവ മുന്‍പന്തിയിലെത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വേദാന്ത എന്നിവര്‍ തൊട്ടു താഴെയുണ്ട്. കമ്പനികളുടെ ഭരണ-സാമൂഹിക-പരിസ്ഥിതി പ്രകടനങ്ങള്‍ കണക്കാക്കിയാണ് ഈ റേറ്റിംഗ് നടത്തിയിരിക്കുന്നത്. നിര്‍മാണം, ഓട്ടോമൊബൈല്‍, സോഫ്റ്റ്വെയര്, ഓയില്‍, ഗ്യാസ് തുടങ്ങിയ 20 മേഖലകള്‍ ഇതില്‍ പരിഗണിച്ചിട്ടുണ്ട്.
ഇതില്‍ 10 കമ്പനികള്‍ പ്ലാറ്റിനം, ഏഴു കമ്പനികള്‍ സ്വര്‍ണം, 83 കമ്പനികള്‍ വെങ്കലം എന്നീ പദവികള്‍ നേടി. പ്ലാറ്റിനം വിഭാഗത്തില്‍ പത്തു കമ്പനികള്‍ക്കും തുല്യ സ്ഥാനമാണുള്ളത്. മെറ്റല്‍സ് ആന്‍ഡ് മൈനിംഗ്, ഓട്ടോമൊബൈല്‍, സോഫ്റ്റ്വെയര്, നിര്മാണോത്പന്നങ്ങള്, ഓയില്‍, ഗ്യാസ് എന്നിവ കൂടുതല്‍ സ്കോര്‍ നേടി. ഗതാഗതം, ധനകാര്യ സേവനങ്ങള്‍, മീഡിയ എന്നിവ ഏറ്റവും പിന്നിലായി എന്നും സമിതി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
കമ്പനികളുടെ നേതൃനിരയുടെ ഭരണമികവാണ് സ്ഥിരതാ റേറ്റിംഗില്‍ ആദ്യ പരിഗണന നല്‍കിയിരിക്കുന്നത്. സാമൂഹ്യ-പരിസ്ഥിതി ചുറ്റുപാടുകള്‍ക്ക് യഥാക്രമം താഴ്ന്ന പ്രാധാന്യമേ നല്‍കിയിട്ടുള്ളൂ. എല്ലാ വര്‍ഷവും സുസ്ഥിര വികസനം ആധാരമാക്കി സഐഐ-ഐടിസി 20 മേഖലകളിലെ 100 കമ്പനികള്‍ക്ക് റേറ്റിംഗ് നല്‍കാറുണ്ട്.