നികുതിലോകം / ബേബി ജോസഫ് (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്)
1) നിലവില്‍ സേവനനികുതി 14 ശതമാനവും സ്വച്ഛ്ഭാരത് സെസ് അര ശതമാനവും കൂടി ആകെ നല്‌കേണ്ടത് പതിന്നാലര ശതമാനം ആയിരുന്നത് 2016 ജൂണ്‍ ഒന്നു മുതല്‍ കൃഷി കല്യാണ്‍ സെസ് എന്ന പേരില്‍ അര ശതമാനം സെസ് കൂടി വര്‍ധിപ്പിച്ച് 15 ശതമാനമായി നല്‌കേണ്ടതാണ്.
2) വക്കീല്‍ ഫീസിനു നിലവിലുണ്ടായിരുന്ന റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം നീക്കം ചെയ്തു. ഇനിമുതല്‍ വക്കീല്‍ ഫീസിനും മറ്റു പ്രൊഫഷണല്‍ ഫീസുകള്‍ക്കെന്ന പോലെ തന്നെ സേവനനികുതി നേരിട്ടു നല്കണം. അടിസ്ഥാന കിഴിവിന് അവകാശം ഉണ്ട്.
3) മോണോറെയില്‍, മെട്രോ റെയില്‍ എന്നിവയുടെ നിര്‍മാണത്തിനും മറ്റും നിലവിലുണ്ടായിരുന്ന ആനുകൂല്യം ഈ മാസം ഒന്നുമുതല്‍ പിന്‍വലിച്ചു. പ്രസ്തുത തീയതി മുതല്‍ 5.6 ശതമാനം നിരക്കില്‍ സേവനനികുതി നല്കണം.
4) സ്റ്റേജ് കാരിയേജസ് ഇതുവരെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ഈടാക്കുന്ന ചാര്‍ജുകള്‍ക്ക് സേവനനികുതി ഉണ്ടായിരുന്നില്ല. എന്നാല്‍ 2016 ജൂണ്‍ ഒന്നു മുതല്‍ എയര്‍ കണ്ടീഷന്‍ സൗകര്യമുള്ള സ്റ്റേജ് കാരിയേജസിലെ ചാര്‍ജിന് 5.6 ശതമാനം നിരക്കില്‍ സേവനനികുതി നല്കണം.
5) താഴെപ്പറയുന്ന സേവനങ്ങളെ സേവനനികുതിയില്‍നിന്ന് ഒഴിവാക്കി.
എ) പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരവും ഹൗസിംഗ് ഫോര്‍ ഓള്‍ (അര്‍ബന്‍) മിഷന്‍ പ്രകാരവും നിര്‍മിക്കുന്ന പാര്‍പ്പിടങ്ങളുടെ പദ്ധതികള്‍ക്ക് സേവനനികുതിയില്‍നിന്ന് ഒഴിവുണ്ട്.
ബി) പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം 60 സ്ക്വയര്‍ മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള പാര്‍പ്പിട യൂണിറ്റുകളുടെ നിര്‍മാണത്തിനായിട്ടുള്ള പ്രോജക്ടുകള്‍ സേവനനികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.
സി) 60 സ്ക്വയര്‍ മീറ്ററില്‍ താഴെ കാര്‍പെറ്റ് ഏരിയ ഉള്ള ഭവനയൂണിറ്റുകള്‍, സംസ്ഥാന സര്‍ക്കാരിന്റെ ഹൗസിംഗ് സ്കീമില്‍പ്പെട്ടതുമായ പാര്‍പ്പിടനിര്‍മാണ പദ്ധതികള്‍ എന്നിവയ്ക്ക് സേവനനികുതിയില്‍നിന്ന് ഒഴിവു പ്രഖ്യാപിച്ചിട്ടുണ്ട്.
മേല്‍പ്പറഞ്ഞ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ 5.6 ശതമാനം സേവനനികുതി ഈടാക്കിയിരുന്നു.
6) പിഎഫ്ആര്‍ഡിഎയുടെ ആന്വിറ്റി നല്കുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് ബിസിനസിനു നിലവിലുണ്ടായിരുന്ന 3.5 ശതമാനം സേവനനികുതി നിര്‍ത്തലാക്കി.
7) എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അതിലെ ജോലിക്കാര്‍ക്കു നല്കുന്ന എല്ലാ സേവനങ്ങള്‍ക്കും സേവനനികുതി ഒഴിവുണ്ട്. നിലവില്‍ 14 ശതമാനം നികുതി ചുമത്തിയിരുന്നു. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
8) ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നടത്തുന്ന സിംഗിള്‍ പ്രീമിയം (ആന്വിറ്റി) പോളിസികളുടെ സേവനനികുതി 3.5 ശതമാനത്തില്‍നിന്ന് 1.4 ശതമാനമായി ഏപ്രില്‍ ഒന്നു മുതല്‍ കുറയ്ക്കുന്നതാണ്.
9)നിരാമയ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് സ്കീമില്‍പ്പെടുത്തിയിട്ടുള്ള എല്ലാ ജനറല്‍ ഇന്‍ഷ്വറന്‍സ് ബിസിനസുകള്‍ക്കും സേവനനികുതിയില്‍നിന്ന് ഒഴിവുണ്ട്.
10) സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയും ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ഡെവലപ്‌മെന്റ് അഥോറിറ്റിയും നല്കുന്ന റെഗുലേറ്ററി സര്‍വീസുകള്‍ക്ക് ഏപ്രില്‍ ഒന്നു മുതല്‍ സേവനനികുതി ഇല്ല. നിലവില്‍ ഈ സേവനങ്ങള്‍ക്ക് 14 ശതമാനം നികുതി ചുമത്തിയിരുന്നു.
11) ഇന്ത്യന്‍ ഷിപ്പിംഗ് കമ്പനികള്‍ ഇന്ത്യക്കു വെളിയില്‍നിന്ന് ഇന്ത്യന്‍ തുറമുഖങ്ങളിലേക്കു കൊണ്ടുവരുന്ന ചരക്കുകളുടെ ചാര്‍ജുകള്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ 14 ശതമാനം നിരക്കില്‍ സേവനനികുതി ബാധകമാകും.
12) വണ്‍പേഴ്‌സണ്‍ കമ്പനികള്‍ക്കും ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ക്കും ഇനിമുതല്‍ സേവനനികുതി ക്വാര്‍ട്ടര്‍ലി (മൂന്നുമാസം കൂടുമ്പോള്‍) ആയി അടച്ചാല്‍ മതി. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
13) ഐഐഎംകളില്‍നിന്നു രണ്ടു വര്‍ഷത്തെ ഫുള്‍ടൈം ‘പോസ്റ്റ് ഗ്രാഡുവേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്ക് ഈടാക്കിയിരുന്ന സേവനനികുതി പിന്‍വലിച്ചു. ‘ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ,് ഫെലോഷിപ്പ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് ‘എന്നീ കോഴ്‌സുകള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇത് ഈ മാസം ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
14) ചിട്ടി സ്ഥാപനങ്ങള്‍ തലയാള്‍ കമ്മീഷനില്‍ 9.8 ശതമാനം സേവനനികുതി മാത്രം നല്കിയാല്‍ മതി. അതായത് 30 ശതമാനം അബേറ്റ്‌മെന്റ് ലഭിക്കും. ഇത് ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
15) ഏരിയല്‍ ട്രാംവെയ്‌സ്, കേബിള്‍ കാര്‍, റോപ്‌വേ മുതലായവയിലൂടെയുള്ള യാത്രക്കാര്‍ക്കുള്ള സേവനത്തിനു നിലവില്‍ സേവനനികുതി ഒഴിവുണ്ടായിരുന്നത് പിന്‍വലിച്ചു. ഏപ്രില്‍ ഒന്നുമുതല്‍ ഇവയിലൂടെ യാത്ര ചെയ്യുന്നവര്‍ ചാര്‍ജിന്റെ 14 ശതമാനം സേവനനികുതിയും സെസും നല്കണം,
16) ഉപയോഗിക്കുന്ന വീട്ടുസാധനങ്ങള്‍ ഷിഫ്റ്റ് ചെയ്യുമ്പോള്‍ ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി നല്കിയിരുന്ന സേവനങ്ങള്‍ക്കുണ്ടായിരുന്ന ചാര്‍ജിന്റെ അബേറ്റ്‌മെന്റ് 70 ശതമാനത്തില്‍നിന്ന് 60 ശതമാനമായി കുറച്ചിരിക്കുന്നു. ഇത് ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.
17) ബയോടെക്‌നോളജി ഇന്‍ഡസ്ട്രി സേര്‍ച്ച് അസിസ്റ്റന്റ് കൗണ്‍സില്‍ (ബിഐആര്‍എസി) അംഗീകരിച്ചിട്ടുള്ള ബയോടെക്‌നോളജി ഇങ്കുബേറ്റേഴ്‌സ് ഇങ്കുബേറ്റികള്‍ക്കു നല്കുന്ന സേവനത്തിന് ഏപ്രില്‍ ഒന്നു മുതല്‍ സേവനനികുതി ഇല്ല. ഇതിനുമുമ്പ് ഇതിന് 14 ശതമാനം സേവനനികുതി ചുമത്തിയിരുന്നു.
18) ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്യ യോജനയുടെ സ്കീം അനുസരിച്ച് അതിന്റെ ട്രെയിനിംഗ് പാര്‍ട്‌ണേഴ്‌സ് നല്കുന്ന വൊക്കേഷണല്‍ ട്രെയിനിംഗ് കോഴ്‌സുകളുടെ ഫീസിന് സേവനനികുതി ഏപ്രില്‍ ഒന്നു മുതല്‍ ചുമത്തുന്നതല്ല. മുമ്പ് 14 ശതമാനം നികുതി ഇതിനു ചുമത്തിയിരുന്നു.
19) മീഡിയായില്‍ വില്പനവില മാര്‍ക്ക് ചെയ്തിരിക്കുന്ന സോഫ്റ്റ്‌വെയറുകള്‍ക്ക് സേവനനികുതിയില്ല; മറിച്ച്, എക്‌സൈസ് ഡ്യൂട്ടി കൊടുക്കേണ്ടിവരും. ഇത് ഈ മാസം ഒന്നു മുതല്‍ നിലവില്‍ വന്നു.
20) ഡാന്‍സ് പ്രോഗ്രാം, ക്ലാസിക്കല്‍ മ്യൂസിക് എന്നിവ നടത്തുന്ന തിയറ്റര്‍ പ്രോഗ്രാമുകളുടെ നിലവിലുള്ള ഒരു ലക്ഷം രൂപയുടെ കിഴിവ് ഒന്നര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.