ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിദ്യാര്‍ഥി നേതാവ് കനയ്യകുമാറിനെ ഭഗത്സിംഗിനോട് ഉപമിച്ച കോണ്‍ഗ്രസ് എംപി ശശി തരൂരിന്റെ പ്രസ്താവനയ്ക്കെതിരേ ബിജെപി. കഴിഞ്ഞദിവസം രാത്രി ജെഎന്‍യുവിലെത്തിയ മുന്‍ കേന്ദ്രമന്ത്രി, ബ്രിട്ടീഷ് ഭരണകാലത്തു രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട പ്രമുഖരുടെ പേരുകള്‍ പ്രസംഗത്തില്‍ പറയുന്നതിനിടെയാണു ഭഗത്സിംഗിനെ കനയ്യകുമാറിനോട് ഉപമിച്ചത്.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബാല ഗംഗാധരതിലക്, ആനി ബെസന്റ്, ഭഗത് സിംഗ് എന്നിവരാണു രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട പ്രമുഖരെന്നു തരൂര്‍ വിദ്യാര്‍ഥികളോടു പറഞ്ഞു. അങ്ങനെയാണെങ്കില്‍ കനയ്യയോ എന്ന് ഒരു പെണ്‍കുട്ടി ചോദിച്ചപ്പോള്‍, ആ സമയത്തെ കനയ്യയായിരുന്നു ഭഗത്്സിംഗ് എന്നു തരൂര്‍ മറുപടി നല്കി.
രക്തസാക്ഷിയായ ഭഗത്സിംഗിനെ അപമാനിക്കുകയാണു തരൂര്‍ ചെയ്തതെന്നും ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബിജെപി പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്നു വിളിച്ചുപറഞ്ഞുകൊണ്ടു രാജ്യസ്വാതന്ത്ര്യത്തിനായി തൂക്കുമരത്തിലേറിയ ധീരരക്തസാക്ഷിയാണു ഭഗത്സിംഗ്. കനയ്യയെ ഭഗത്സിംഗിനോട് ഉപമിച്ചെങ്കില്‍ സോണിയഗാന്ധിയും രാഹുല്‍ഗാന്ധിയും ആരെന്നു വ്യക്തമാക്കണമെന്നും ബിജെപി നേതാവ് ഷാനവാസ് ഹുസൈന് ആവശ്യപ്പെട്ടു.
താന്‍ കനയ്യയെ ഭഗത്്സിംഗിനോട് ഉപമിച്ചതല്ലെന്നും ശ്രോതാക്കളുടെ ഭാഗത്തുനിന്നുള്ള ഒരു ചോദ്യത്തോടു പ്രതികരിച്ചതാണെന്നും തരൂര്‍ പിന്നീടു വിശദീകരിച്ചു. ഇതിനിടെ, തരൂരിന്റെ പ്രസ്താവനയ്ക്കെതിരേ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിരോധതന്ത്രം സ്വീകരിച്ചു. ഒരു ഭഗത്സിംഗ് മാത്രമേയുള്ളൂവെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.