വിപണി വിശേഷം കെ.ബി. ഉദയഭാനു
കൊച്ചി: ആഭ്യന്തര ഡിമാന്‍ഡില്‍ കുരുമുളകുവില വീണ്ടും കുതിച്ചുയരുന്നു. ഉത്തരേന്ത്യന്‍ ആവശ്യം കുറഞ്ഞത് ചുക്കിനെ തളര്‍ത്തി. നാളികേരോത്പന്നങ്ങള്‍ സ്റ്റെഡി നിലവാരത്തില്‍ നീങ്ങി, കൊപ്രസംഭരണ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തണുപ്പന്‍ മനോഭാവത്തില്‍. വിദേശ റബര്‍ വരവ് ചുരുങ്ങിയത് ടയര്‍ കമ്പനികളെ ആഭ്യന്തര വിപണികളിലേയ്ക്ക് അടുപ്പിച്ചു. അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ നാലു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാര നഷ്ടത്തെ സ്വര്‍ണം അഭിമുഖീകരിച്ചു.
വെളിച്ചെണ്ണ
നാളികേരോത്പന്നങ്ങളുടെ വില പിന്നിട്ടവാരം സ്റ്റെഡി. ഈസ്റ്റര്‍ ആവശ്യവേളയിലെ ഡിമാന്‍ഡ് മുന്നില്‍ക്കണ്ട് ചെറുകിട വ്യാപാരികള്‍ എണ്ണ ശേഖരിച്ചു. കൊച്ചിയില്‍ വെളിച്ചെണ്ണ 7,600 രൂപയിലാണ്. കൊപ്ര വില 5,215 രൂപ. ഇനി വിപണിയുടെ പ്രതീക്ഷകള്‍ വിഷു ഡിമാന്‍ഡിലാണ്. അതുവരെ വെളിച്ചെണ്ണയും കൊപ്രയും ഇതേ നിലവാരത്തില്‍ താങ്ങ് നിലനിര്‍ത്താനുള്ള ശ്രമത്തിലാണ്.
കൊപ്ര സംഭരണം ആരംഭിക്കുന്ന കാര്യത്തില്‍ യാതൊരു നീക്കവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നില്ല. കൊപ്രയുടെ താങ്ങുവില 5,950 രൂപയാണ്. ഈ വിലയ്ക്ക് പ്രാഥമിക സഹകരണ സംഘങ്ങള്‍വഴി ചരക്കു സംഭരണം ആരംഭിച്ചാല്‍ കാര്‍ഷികകുടുംബങ്ങള്‍ക്ക് താത്കാലികമായി പിടിച്ചുനില്ക്കാനാവും. കൊപ്ര സംഭരണം വൈകുന്ന ഓരോ ദിവസവും കാര്‍ഷികമേഖലയ്ക്കു സംഭവിക്കുന്ന നഷ്ടം കോടിക്കണക്കിന് രൂപയുടെതാണ്. അതിന്റെ നേട്ടമാവട്ടെ മുംബൈയിലെ വന്‍കിട കൊപ്രയാട്ട് വ്യവസായികള്‍ക്കും. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന കൊപ്ര അത്രയും വാങ്ങിക്കൂട്ടുകയാണവര്‍.
കുരുമുളക്
ഉത്തരേന്ത്യന്‍ വ്യാപാരികള്‍ കുരുമുളക് സംഭരിക്കാന്‍ മത്സരിച്ചു. പകല്‍ താപനില കടുത്തതോടെ കുരുമുളക്ചെടികള്‍ കരിഞ്ഞുണങ്ങിയത് ഉത്പാദകരില്‍ ആശങ്കപരത്തി. ചൂട് ഇനിയും ഉയര്‍ന്നാല്‍ ശേഷിക്കുന്ന ചെടികളുടെ അവസ്ഥ എന്താവുമെന്ന ഭീതിയും ഇതിനിടെ ഉടലെടുത്തു. ഇതുമൂലം സ്റ്റോക്കിസ്റ്റുകള്‍ മുളക് വില്പനയ്ക്കിറക്കുന്നത് നിയന്ത്രിച്ചു. മുഖ്യ വിപണികളില്‍ ലഭ്യത ചുരുങ്ങിയത് ആഭ്യന്തര ഡിമാന്‍ഡ് ശക്തമാക്കി. കൊച്ചിയില്‍ അണ് ഗാര്‍ബിള്‍ഡ് 62,200ല്‍നിന്ന് 64,400ലേക്ക് കയറി. ഗാര്‍ബിള്‍ഡ് കുരുമുളകിന് 2,200 രൂപ വര്‍ധിച്ച് 67,400 രൂപയായി.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളകു വില ടണ്ണിന് 10,500 ഡോളറിലാണ്. ഈ നിരക്കില്‍ പുതിയ വ്യാപാരങ്ങള്‍ക്ക് വിദേശ ബയറര്‍മാര്‍ താത്പര്യം കാണിച്ചില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈസ്റ്റര്‍ ആഘോഷങ്ങളിലേക്ക് ശ്രദ്ധതിരിച്ചതും ഡിമാന്‍ഡിനെ ബാധിച്ചു. എന്നാല്‍, ഈസ്റ്റര്‍ കഴിഞ്ഞതോടെ വിദേശത്തുനിന്ന് പുതിയ ആവശ്യക്കാര്‍ എത്തുമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം കയറ്റുമതിക്കാര്‍.
ചുക്ക്
ഉത്പാദനമേഖലകളില്നിന്നുള്ള ചുക്കുനീക്കം കുറഞ്ഞു. വിദേശ ചുക്ക് വടക്കേ ഇന്ത്യന്‍ വിപണികളിലെത്തിയത് നാടന്‍ ചുക്കുവിലയെ ബാധിച്ചു. ആഭ്യന്തര-വിദേശ വിപണികളില്‍നിന്ന് പുതിയ ഓര്‍ഡര്‍ മങ്ങിയതുമൂലം ചുക്കിന് 500 രൂപ കുറഞ്ഞു. മീഡിയം ചുക്ക് 16,500ലും ബെസ്റ്റ് ചുക്ക് 18,000 രൂപയിലുമാണ്. അറബ് രാജ്യങ്ങളില്‍നിന്നും യൂറോപ്പില്‍നിന്നും ചുക്കിനു പുതിയ ഓര്‍ഡറുകള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് കയറ്റുമതി സമൂഹം.
റബര്‍
രാജ്യാന്തര മാര്‍ക്കറ്റില്‍നിന്നുള്ള റബര്‍ ഇറക്കുമതി കഴിഞ്ഞ മാസം കുറഞ്ഞ വിവരം കണക്കിലെടുത്ത് ടയര്‍ കമ്പനികള്‍ ഷീറ്റ് സംഭരണത്തിന് ഉത്സാഹിച്ചു. കൊച്ചി, കോട്ടയം വിപണികളിലേയ്ക്കുള്ള ഷീറ്റ് വരവ് കുറഞ്ഞത് വ്യവസായികളെ അസ്വസ്ഥരാക്കുന്നുണ്ട്. കമ്പനി സപ്ലെയര്‍മാര്‍ നാലാം ഗ്രേഡ് 11,200ല്‍നിന്ന് 11,400 രൂപയായി ഉയര്‍ത്തി. അഞ്ചാം ഗ്രേഡ് 10,900 രൂപയില്‍നിന്ന് 10,200 രൂപയായി. ഇതിനിടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായി അഞ്ചു ലക്ഷം ടണ്‍ റബര്‍ സംഭരിക്കാനുള്ള തയാറെടുപ്പിലാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനം. വന്‍തോതിലുള്ള റബര്‍ സംഭരണം ഉത്പാദന മേഖലയിലെ കരുതല്‍ ശേഖരത്തില്‍ കുറവ് വരുത്തും. ഇത് ഷീറ്റുവില ഉയരാന്‍ അവസരം ഒരുക്കുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
ജാതിക്ക
മദ്ധ്യകേരളത്തില്‍ ജാതിക്ക വിളവെടുപ്പ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. പ്രതികൂല കാലാവസ്ഥ മൂലം പല ഭാഗങ്ങളിലും ജാതിക്ക ഉത്പാദനം പ്രതീക്ഷിച്ചതോതില്‍ ഉയര്‍ന്നില്ലെന്നാണ് കര്‍ഷകരുടെ പക്ഷം.
കുംഭച്ചൂടില്‍ മൂത്ത് വിളഞ്ഞ ജാതിക്കയുടെ സംസ്കരണങ്ങള്‍ പൂര്‍ത്തിയാക്കി കാര്‍ഷികമേഖല മെച്ചപ്പെട്ട വിലയ്ക്കുവേണ്ടി കാത്തിരിക്കുകയാണ്. മുഖ്യവിപണികള്‍ കേന്ദ്രീകരിച്ച് ഔഷധ നിര്‍മാതാക്കളും കറി മസാല വ്യവസായികളും ചരക്കെടുത്തു. ജാതിക്ക തൊണ്ടന് കിലോ 180-210, തൊണ്ടില്ലാത്തത് 375-410, ജാതിപത്രി 580-925 രൂപയിലും വ്യാപാരം നടന്നു.
സ്വര്‍ണം
സംസ്ഥാനത്ത് സ്വര്‍ണവില തുടര്‍ച്ചയായ മൂന്നാം വാരത്തിലും താഴ്ന്നു. നോമ്പു കാലമായിരുന്നതിനാല്‍ വിവാഹ ഡിമാന്‍ഡ് ആഭരണവിപണികളില്‍ കുറവായിരുന്നു. ഈസ്റ്റര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ കല്യാണ സീസണിനു തുടക്കംകുറിക്കും.
പിന്നിട്ടവാരം പവന് 21,200ല്‍നിന്ന് 21,040 രൂപയായി. ആഗോള വിപണിയില്‍ സ്വര്‍ണം നാലു മാസത്തിനിടയിലെ ഏറ്റവും കനത്ത പ്രതിവാര നഷ്ടത്തെ അഭിമുഖീകരിച്ചു. ന്യൂയോര്‍ക്കില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണം 1,255 ഡോളറില്‍നിന്ന് 1,211ലേക്ക് താഴ്ന്നു. നവംബറിനു ശേഷം ഇതാദ്യമായി സ്വര്‍ണവില ഒരാഴ്ചക്കിടെ 3.3. ശതമാനം ഇടിഞ്ഞു.