ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതം! മാനദണ്ഡമനുസരിച്ചാണ് ഇന്റര്‍വ്യൂ നടത്തിയതും ലിസ്റ്റ് അയച്ചതും; വീട്ടമ്മയുടെ ലൈംഗികാരോപണത്തിന് മറുപടിയുമായി ഉദയനാപുരം പ്രസിഡന്റ്…

കോട്ടയം:വീട്ടമ്മ തനിക്കു നേരെ ഉന്നയിച്ച ലൈംഗികാരോപണം രാഷ്ട്രീയപ്രേരിതമെന്ന് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍. സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റിനെതിരേ ആരോപണമുയര്‍ന്നത് പാര്‍ട്ടിയെയും പ്രതിരോധത്തിലാക്കിയിരുന്നു. പത്രസമ്മേളനത്തിലൂടെയായിരുന്നു യുവതി പ്രസിഡന്റിനെതിരേയും പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മിനെതിരേയും രംഗത്തു വന്നത്.

എന്നാല്‍ അഴിമതി ആരോപണവുമായി നേരത്തെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. പഞ്ചായത്തിലെ അംഗന്‍വാടി ഹെല്‍പ്പര്‍, വര്‍ക്കര്‍ നിയമനങ്ങളില്‍ അഴിമതിയും ക്രമക്കേടുമുണ്ടെന്നായിരുന്നു പ്രതിപക്ഷം അന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ ശരിവെക്കുന്നതായിരുന്നു യുവതിയുടെയും ആരോപണങ്ങള്‍. താന്‍ വിധവയും ഒരു കുട്ടിയുടെ മാതാവുമാണ്. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാല്‍ തന്റെ അമ്മയോടൊപ്പമാണ് താമസം.

2017 മെയ് 23മുതല്‍ നവംബര്‍ 20 വരെ ആറ് മാസക്കാലം ഉദയനാപുരം വില്ലേജില്‍ അംഗന്‍വാടി ഹെല്‍പ്പര്‍ ആയിരുന്നു. രണ്ടാം ഘട്ടമായി 180 ദിവസവും ജോലി ചെയ്തിട്ടുണ്ട്. സ്ഥിരം തസ്തികയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ ഇന്റര്‍വ്യൂവിന് പോയി. നിയമനത്തെക്കുറിച്ച് പഞ്ചായത്ത് പ്രസിഡന്റിനോട് ആന്വേഷിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നാണ് ആരോപണം. നിയമനം വേണമെങ്കില്‍ ചില കാര്യങ്ങള്‍ക്കെല്ലാം സഹകരിക്കണമെന്നായിരുന്നു പ്രസിഡന്റിന്റെ മറുപടിയെന്നും യുവതി ആരോപിച്ചിരുന്നു.

എന്നാല്‍ ഇന്റര്‍വ്യൂ ഫലം വന്നപ്പോള്‍ തന്റെ പേരില്ല. അതേസമയം പ്രവൃത്തി പരിചയം കുറഞ്ഞവരും മറ്റു വാര്‍ഡുകളിലുള്ളവരുമായ ഒന്‍പത് പേരെ എടുത്തിട്ടുണ്ട്. ഇത് നിയമവിരുദ്ധമായാണ് തന്നെ ഒഴിവാക്കി മറ്റുള്ളവരെ നിയമിച്ചിരിക്കുന്നത്.

അപമര്യാദയായി പെരുമാറിയ വിവരം ആരോടും ഉടനെ പറയാതിരുന്നത് അക്കാരണത്താല്‍ നിയമനം നഷ്ടപ്പെടരുതെന്ന് കരുതിയാണെന്ന് യുവതി വിശദീകരിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയും തന്നെ മാനസികമായി പീഡിപ്പിക്കുകയും അര്‍ഹതപ്പെട്ട ജോലിക്ക് തടസം സൃഷ്ടിക്കുകയും ചെയ്ത പഞ്ചായത്ത് പ്രസിഡന്റിനെതിരെ നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയതായും അവര്‍ പറഞ്ഞു.

വിവാദങ്ങള്‍ക്കു മറുപടിയായി പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത് ഇങ്ങനെ…
തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും സാമൂഹിക നീതിവകുപ്പിനും കൂടി ഉത്തരവാദിത്തമുള്ള അഭിമുഖമാണ് നടന്നത്. മാനദണ്ഡമനുസരിച്ചാണ് ഇന്റര്‍വ്യൂ നടത്തിയതും ലിസ്റ്റ് അയച്ചതും.

ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് അഭിമുഖത്തില്‍ പത്താം റാങ്ക് ആണുള്ളതെന്നും ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് മോഹനന്‍ പറഞ്ഞു. ഏഴുപേരുടെ ഒഴിവുകളാണ് വന്നത്‌.
ഏഴുപേരെയാണ് അഭിമുഖത്തില്‍ എടുത്തതും.  പിന്നെ റാങ്ക് ലിസ്റ്റ് വന്നശേഷമുള്ള ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു.

Related posts