കൊച്ചി: കൊള്ളപ്പലിശയ്ക്കു കോടികളുടെ പണമിടപാടു നടത്തിവന്ന മൂന്നംഗസംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം ചെന്നൈയിലേക്കും. ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടിഡി അസോസിയേറ്റ്സാണ് കേരളത്തിലേക്കു പലിശയ്ക്കുള്ള പണം ഒഴുക്കിയതെന്നു തിരിച്ചറിഞ്ഞ സാഹചര്യത്തിലാണു അന്വേഷണം വ്യാപിപിക്കുന്നത്.
സ്ഥാപനത്തിന്റെ ഉടമയായ മഹാരാജ ഉൾപ്പെടെയുള്ളവരെ പിടികൂടുന്നതിനുള്ള നടപടികളാണു പോലീസ് നടത്തിവരുന്നത്. ഇയാളെ സംബന്ധിച്ച പൂർണമായ വിവരങ്ങൾ ഇതിനോടകം അധികൃതർക്കു ലഭിച്ചുകഴിഞ്ഞു. വിവിധ ജില്ലകളിലായി 500 കോടിയോളം രൂപ ഇവർ കൊള്ളപലിശയ്ക്കു കേരളത്തിൽ വിതരണം ചെയ്തിട്ടുണ്ടെന്നാണു പോലീസിന്റെ നിഗമനം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും പള്ളുരുത്തി എംഎൽഎ റോഡിലുള്ള ലേക്ക് വ്യൂ റിസോർട്ട് കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നതുമായ തമിഴ്നാട് തഞ്ചാവൂർ പാപനാസം സ്വദേശി ഡി. രാജ്കുമാർ (30), ചെന്നൈ സ്വദേശി അരശു (34), കുന്പകോണം സ്വദേശി ഇസക്കി മുത്തു (22) എന്നിവരെയാണു കഴിഞ്ഞ ദിവസം പിടികൂടിയിരുന്നത്.
ഇവരിൽനിന്നു 2.38 കോടി രൂപയുടെ 31 ചെക്കുകളും 2.50 കോടി രൂപയുടെ എട്ടു പ്രോമിസറി നോട്ടുകളും പണവും രണ്ട് ആഡംബര വാഹനങ്ങളും നിരവധി ബ്ലാങ്ക് പ്രോമിസറി നോട്ടുകളും ബ്ലാങ്ക് ചെക്കുകളും പോലീസ് കണ്ടെടുത്തു. എറണാകുളം പനന്പള്ളി നഗർ സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഫിലിപ്പ് ജേക്കബ് ഇവരിൽനിന്നു 40 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതിന് ഈടായി ഫിലിപ്പിന്റെയും ഭാര്യയുടെയും 40 ബ്ലാങ്ക് ചെക്കുകളും 20 ബ്ലാങ്ക് പ്രോമിസറി നോട്ടുകളും വോൾവോ കാറിന്റെ ബുക്കും സെയിൽ ലെറ്ററും വാങ്ങിയിരുന്നു.
തുടർച്ചയായി 21 ആഴ്ച രണ്ടു ലക്ഷം രൂപ വീതം 42 ലക്ഷം രൂപ തിരികെ നൽകിയതിനുശേഷം രേഖകളും വാഹനവും തിരികെ ആവശ്യപ്പെട്ടപ്പോൾ കൂടുതൽ പലിശ തരണമെന്നു പറഞ്ഞു തന്നെയും കുടുംബത്തേയും സാന്പത്തികമായും മാനസികമായും ബുദ്ധിമുട്ടിക്കുകയാണെന്നു കാണിച്ചാണു ഫിലിപ്പ് പരാതി നൽകിയത്.
സംഘത്തെ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു. അതേസമയം, പ്രതികളുടെ ബാങ്ക് ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ഇന്നു പരിശോധിക്കുമെന്നും കൂടുതൽ അന്വേഷണത്തിനായി ഒരു സംഘം ഉടൻ ചെന്നൈയിലേക്കു തിരിക്കുമെന്നും പള്ളുരുത്തി സിഐ കെ.ജി. അനീഷ് പറഞ്ഞു. പ്രതികൾ നടത്തിവന്നിരുന്ന ഇടപാടുകളെ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചശേഷമാകും സംഘം ചെന്നൈയിലേക്കു തിരിക്കുക.