ആദ്യത്തെ പെണ്‍കുട്ടിയായാല്‍ രണ്ടാമത്തെ ആണ്‍കുട്ടിയാകണമെന്ന് എന്തിനാ നിര്‍ബന്ധം; പെണ്‍മക്കളുള്ള മാതാപിതാക്കള്‍ക്കായി രണ്ടു പെണ്‍കുട്ടികളുടെ അമ്മയായ യുവതിയുടെ കുറിപ്പ് വൈറലാവുന്നു…

ആദ്യത്തെ കുട്ടി പെണ്ണായതിനാല്‍ രണ്ടാമത്തെ കുട്ടി ആണാവണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഒട്ടുമിക്ക ആളുകളും. രണ്ടാമത്തെ കുട്ടിയും പെണ്ണായാല്‍ നമ്മുടെ സമൂഹത്തിലെ പലര്‍ക്കും അത് അത്ര സന്തോഷം നല്‍കുന്ന കാര്യമല്ല. കാലം എത്ര പുരോഗമിച്ചാലും ഇത്തരം യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവര്‍ കുറവല്ല. ഇത്തരക്കാര്‍ക്കെതിരേ പ്രിയ ആര്‍ വാര്യര്‍ എന്ന സോഷ്യല്‍ സൈക്കോളജിസ്റ്റിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാവുകയാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എഴുതിയ കുറിപ്പ് ഇപ്പോഴും ചര്‍ച്ചയാവുകയാണ്. രണ്ട് പെണ്‍മക്കളുടെ അമ്മയായ പ്രിയ കഴിഞ്ഞ അന്താരാഷ്ട്ര പെണ്‍കുട്ടി ദിനത്തിലെഴുതിയ കുറിപ്പാണ് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെടുന്നത്.

പ്രിയയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം…

നീണ്ട 12 മണിക്കൂര്‍ പ്രസവവേദനയെക്കാള്‍ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറിക്ക് ശേഷം നേഴ്സ് ചോദിച്ച ചോദ്യം കേട്ടാണ്. എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? ശരീരം മുഴുവന്‍ നുറുങ്ങുന്ന വേദന അനുഭവിച്ചു കിടക്കുമ്പോ പിന്നെ ഡാന്‍സ് കളിക്കാന്‍ പറ്റോ? സംസാരിക്കാന്‍വരെ ശക്തി ഇല്ലെങ്കിലും ഞാന്‍ ചോദിച്ചു പെണ്‍കുട്ടി ആയാല്‍ എന്താ പ്രശ്നം? അതിന് ശേഷം ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. എന്ത് കുട്ടിയാ??( അറിഞ്ഞിട്ടിപ്പൊ എന്താണാവോ കാര്യം) പെണ്ണ് ആണെന്ന് പറഞ്ഞാല്‍ അപ്പൊ ആദ്യത്തേതോ ? അതും പെണ്ണ്. അപ്പൊ ഈ ചോദിക്കുന്നവരുടെ മുഖം മാറും. എന്നിട്ട് അത് കാണിക്കാതിരിക്കാന്‍ ശ്രമിച്ച് നമ്മളെ സമാധാനിപ്പിക്കുന്ന രീതിയില്‍ ഒരു പറച്ചില്‍ ആണ് സാരല്യ.. പെണ്‍കുട്ടികള്‍ പൊന്‍ കുട്ടികള്‍ ആണ് ( അല്ലെങ്കില്‍ ആര്‍ക്കാണാവോ ഇപ്പൊ സാരള്ളത്? ഫീലിംഗ് കട്ട പുച്ഛം)

ഇന്ന് പെണ്‍ കുട്ടികളുടെ ദിവസമാണ് ഇന്റര്‍നാഷണല്‍ ഗേള്‍ ചൈല്‍ഡ് ഡേ. കേരളത്തിലും ഈ ആണ്‍കുട്ടി പെണ്‍കുട്ടി വേര്‍തിരിവൊക്കെ ഉണ്ടോ എന്ന് പലരും ചോദിക്കല്‍ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പോലെ പെണ്‍കുട്ടിക്ക് നല്ല ഭക്ഷണം കൊടുക്കാതിരിക്കലോ, പ്രാഥമിക വിദ്യാഭ്യാസം വരെ നിരസിക്കലോ ചെയ്യുന്ന പ്രത്യക്ഷ രീതിയിലുള്ള വിവേചനങ്ങള്‍ ഇല്ലെങ്കിലും പെണ്‍കുട്ടി ആണെന്ന് കേള്‍ക്കുബോള്‍ നെറ്റി ചുളിക്കുന്ന ആളുകളില്‍ നിന്ന് മനസ്സിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം.

പെണ്‍കുട്ടികള്‍ ഉണ്ടാവുന്നത് ഭയക്കുന്നത് പ്രധാനമായും 3 കാര്യങ്ങള്‍ കൊണ്ടാണത്രെ.പെണ്‍കുട്ടികള്‍ക്ക് വരുന്ന വിവാഹ ചിലവ്. പെണ്‍കുട്ടിയുടെ സുരക്ഷയെ പറ്റിയുള്ള ആകുലതകള്‍ ആണ്‍കുട്ടികള്‍ കുടുംബം നോക്കും എന്നും, വിവാഹശേഷം മറ്റൊരു കുടുംബത്തിന്റേതാവും എന്നും ഉള്ള തെറ്റായ ധാരണ. ഈ പറഞ്ഞ 3 കാര്യങ്ങള്‍ക്കും ഒരു സൊലൂഷന്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ എപ്പോലുള്ള ഈ പരോക്ഷ വിവേചനവും ഇല്ലാതാക്കാന്‍ കഴിയും. എന്തായാലും പെണ്‍കുട്ടികള്‍ ആയതുകൊണ്ട് ഞാന്‍ ആകെ വിശമിച്ചിരിക്കാണ് എന്ന് കരുതി എന്നെ സമാധാനിപ്പിക്കാന്‍ പറയുന്ന ഒരു കാര്യം എനിക്കൊരുപാട് ഇഷ്ടാണ്. അതൊരു സത്യവുമാണ്… അവര്‍ എനിക്ക് പൊന്‍കുട്ടികള്‍ ആണ്

Related posts