മണാലിയില്‍ നിന്നുള്ള ഈ സുന്ദരി മഞ്ഞില്‍ എഴുതിയത് പുതിയ ചരിത്രം; ലോക സ്‌കീയിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യമെഡല്‍ ജേതാവായ ആഞ്ചല്‍ താക്കൂറിനെക്കുറിച്ചറിയാം…

മഞ്ഞിലൂടെയുള്ള കായിക ഇനങ്ങള്‍ എന്നും യൂറോപ്യന്‍-അമേരിക്കന്‍ രാജ്യങ്ങളുടെ കുത്തകയാണ്. സ്‌കേറ്റിംഗ്, സ്‌കീയിംഗ് തുടങ്ങിയ മഞ്ഞു വിനോദത്തില്‍ ഒരു അന്താരാഷ്ട്ര മെഡല്‍ എന്നും ഇന്ത്യയുടെ ഒരു സ്വപ്‌നമായിരുന്നു. ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ വനിത എന്നായിരിക്കും മണാലി സ്വദേശിനി ആഞ്ചല്‍ താക്കൂറിനെ ഇന്ത്യയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തുക. വിന്റര്‍ ഒളിമ്പിക്‌സ് ഇനമായ സ്‌കീയിംഗിലാണ് ആഞ്ചല്‍ താക്കൂര്‍ മെഡല്‍ നേടിയത്. തുര്‍ക്കിയില്‍ നടന്ന ലോക സ്‌കീയിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിക്കൊണ്ടാണ് ഇന്ത്യന്‍ വനിതാ താരം ചരിത്രം എഴുതിയത്.

ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം വിന്റര്‍ ഒളിമ്പിക്‌സ് ഇനത്തില്‍ അന്താരാഷ്ട്ര മെഡല്‍ സ്വന്തമാക്കുന്നത്. സ്‌കീയിംഗ് സ്ലാലോം ഇനത്തിലാണ് ഇന്ത്യന്‍ താരത്തിന്റെ നേട്ടം. മഞ്ഞുപുതച്ച സ്വന്തം നാടായ മണാലിയിലാണ് അഞ്ചല്‍ പരിശീലനം നടത്തിയിരുന്നത്. വിന്റര്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായ റോഷന്‍ താക്കൂറിന്റെ മകളാണ് ആഞ്ചല്‍ താക്കൂര്‍. ഇന്ത്യന്‍ കായിക രംഗത്തിന് വിപ്ലവകരമായൊരു സംഭാവനയാണ് ആഞ്ചല്‍ നല്‍കിയതെന്ന് പിതാവ് റോഷന്‍ താക്കൂര്‍ പറഞ്ഞു. 2018ല്‍ കൊറിയയില്‍വെച്ച് നടക്കുന്ന വിന്റര്‍ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി അഞ്ചല്‍ മെഡല്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു.

Related posts