കഴിവുണ്ടായിട്ടും അവഗണിക്കപ്പെട്ടത് മദ്യപിക്കില്ലാത്തതിനാല്‍, പാരകള്‍ വന്നപ്പോള്‍ തടയാന്‍ ആരും ഒപ്പമുണ്ടായില്ല, മലയാള സിനിമയിലെ ഗ്യാങ്ങുകളെക്കുറിച്ച് മിമിക്രിതാരം അബി മനസുതുറക്കുന്നു

Abi-rap-20-01മിമിക്രി വേദികളിലെ രാജാവ് ആരാണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേയുള്ളൂ, അബി. സ്‌റ്റേജുകളില്‍ ചിരിയുടെ പൂരം സൃഷ്ടിച്ച കലാകാരന്‍. മിമിക്രിയില്‍ നിന്നെത്തിയ ജയറാമും ദിലീപും ജയസൂര്യയുമൊക്കെ സിനിമയില്‍ വെന്നിക്കൊടി പാറിച്ചു. എന്നാല്‍ കഴിവുണ്ടായിട്ടും സിനിമയില്‍ കാര്യമായ വേഷങ്ങളോ അവസരമോ ഈ കലാകാരനെ തേടിയെത്തിയില്ല. സിനിമയിലെ ഗ്യാങ്ങുകളെക്കുറിച്ച് തുറന്നടിക്കുകയാണ് അബി. ഒരു മധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താന്‍ സിനിമയ്ക്കു വേണ്ടാത്തവനായതെങ്ങനെയെന്ന് അബി മനസുതുറന്നത്.

ഒപ്പമുണ്ടായിരുന്നവര്‍ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടും എനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. ആരും അവസരം നല്കിയില്ലെന്നതാണ് സത്യം. അതില്‍ എന്റെ പിഴവും കാണും. ഞാന്‍ മദ്യപിക്കില്ല. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട അത്തരം സദസുകളില്‍ പങ്കെടുത്തിരുന്നില്ല താനും. ഇതും തിരിച്ചടിയായി. സിനിമയില്‍ പാരകള്‍ സാധാരണമാണ്. എനിക്കെതിരേ പാരകള്‍ ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ ആരുമില്ലായിരുന്നു. ലാലു (ലാല്‍ജോസ്) രസികനില്‍ നല്ല റോള്‍ തന്നു. സിനിമ വിജയിക്കാത്തതുകൊണ്ട് എനിക്കു ഗുണമുണ്ടായില്ല- അബി പറയുന്നു.

മിമിക്രിയിലേക്കെത്തുന്നത് മൃഗങ്ങളുടെ ശബ്ദം അനുകരിച്ചാണ്. പെരുമ്പാവൂരിലായിരുന്നു കുട്ടിക്കാലം. ആദ്യമായി സിനിമാ താരങ്ങളുടെ ശബ്ദം അനുകരിച്ചു കേള്‍ക്കുന്നത് ആലപ്പി അഷ്‌റഫില്‍നിന്നാണ്. പ്രീഡിഗ്രി കഴിഞ്ഞതേ ഫുഡ് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പഠിക്കാന്‍ എന്നെ മുംബൈയിലേക്ക് പറഞ്ഞുവിട്ടു. നാലുവര്‍ഷത്തോളം ഒരു ഒറ്റമുറി ഫഌറ്റില്‍ ജീവിച്ചു. പിന്നീട് നാട്ടിലേക്ക് വണ്ടികയറി. മടങ്ങിയെത്തിയതിനുശേഷമാണ് കോതമംഗലം എംഎ കോളജില്‍ ഡിഗ്രിക്ക് ചേരുന്നത്. മിമിക്രിയില്‍ യൂണിവേഴ്‌സിറ്റി വിജയി ആയതോടെ ട്രൂപ്പ് തട്ടിക്കൂട്ടി. സാഗറെന്നായിരുന്നു പേര്. ദിലീപും സലീംകുമാറും ഹരിശ്രീ അശോകനുമൊക്കെ ട്രൂപ്പിലുണ്ടായിരുന്നു. എന്നാല്‍ കാര്യമായ ലാഭമൊന്നുമുണ്ടായിരുന്നില്ല-അബി പറഞ്ഞുനിര്‍ത്തുന്നു.

Related posts