അബിക്കയുടെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പെട്ടു! എന്റെ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു അതെന്നത് വിഷമിപ്പിക്കുന്നു; അബിയുടെ ചികിത്സയെക്കുറിച്ച് വ്യക്തത നല്‍കി സുഹൃത്ത് ഷെരീഫ് രംഗത്ത്

രക്തത്തില്‍ പ്ലേറ്റലറ്റ്‌സ് കുറയുന്ന അസുഖത്തെ തുടര്‍ന്ന് നടനും മിമിക്രി താരവുമായ അബിയുടെ മരണശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് ഷെരീഫ് ചുങ്കത്ത് തന്റെ ഫേസ്ബുക്ക് പേജില്‍ ഒരു അനുഭവ കുറിപ്പ് പങ്കുവയ്ക്കുകയുണ്ടായി. അബിയുടെ മരണത്തിന്റെ തൊട്ടുതലേദിവസം അദ്ദേഹവുമൊത്ത് നടത്തിയ ഒരു യാത്രയെക്കുറിച്ചാണ് ഷെരീഫ് അതില്‍ പറഞ്ഞിരുന്നത്. ചേര്‍ത്തലയില്‍ ഒരു വൈദ്യന്റെ അടുത്ത് പോയതിനെക്കുറിച്ചായിരുന്നു അത്. എന്നാല്‍ ഷെരീഫിന്റെ പോസ്റ്റ് വൈറലായതോടെ നാട്ടുവൈദ്യന്റെ ചികിത്സയെത്തുടര്‍ന്നാണ് അബിയുടെ മരണം സംഭവിച്ചതെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പരന്നു. ആധുനിക സമൂഹത്തില്‍ കൂടുതല്‍ ആളുകള്‍ അശാസ്ത്രീയ ചികിത്സാരീതിയിലേയ്ക്ക് തിരിയുന്നു എന്ന രീതിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുക കൂടി ചെയ്തതോടെ കാര്യം കൂടുതല്‍ വഷളായി.

അബിയെ ചികിത്സിച്ചത് പാരമ്പര്യ വൈദ്യനായ മോഹനന്‍ വൈദ്യരാണെന്ന രീതിയിലും വാര്‍ത്തകള്‍ പരന്നു. ഇദ്ദേഹത്തിന് നേരെയുള്ള ആരോപണങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ മോഹനന്‍ വൈദ്യര്‍ നേരിട്ട് ഫേസ്ബുക്ക് ലൈവിലെത്തി അബിയുടെ സുഹൃത്ത് ഷെരീഫിനോട് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നും ആളുകളുടെ തെറ്റിദ്ധാരണ മാറ്റണമെന്നും അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഷെരീഫ് ഫേസ്ബുക്കിലൂടെ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ആളുകളുടെയിടയില്‍ പ്രചരിക്കുന്ന തെറ്റായ ധാരണ തിരുത്താനാണ് ഇതെന്നാണ് ഷെരീഫ് വ്യക്തമാക്കുന്നത്.

ഷെരീഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

അബീക്കയുടെ വേര്‍പാടിന്റെ തലേ ദിവസം ഒരു വൈദ്യനെ കാണാന്‍ പോയതും യാത്രക്കിടയിലെ സംഭാഷണളും, വേദനയോടെ അറിഞ്ഞ അബീക്കയുടെ മരണവാര്‍ത്തയും വിവരിച്ചുള്ള എന്റെ എഫ് ബി പോസ്റ്റ് പല ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ചര്‍ച്ചയാകുകയും അബീക്കയുടെ മരണകാരണം പോലും ഇത്തരത്തില്‍ വൈദ്യ ചികില്‍സയിലൂടെ ആയിരുന്നുവെന്നുവരെ ചര്‍ച്ചകള്‍ നടക്കുന്നത് കണ്ടു. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി മരണസമയം വരെ അബീക്ക എറണാകുളത്ത് അമൃത ഹോസ്പിറ്റലില്‍

ചികില്‍സയിലായിരിക്കുമ്പോള്‍ തന്നെയാണ് മുന്‍ പരിചയത്തിലുള്ള വൈദ്യരുടെ നിര്‍ദേശം തേടുന്നതിനായി ചേര്‍ത്തലയില്‍ പോയത്, യാത്രയില്‍ വിദേശത്ത് നല്ല ഡോക്ടറെ കണ്ടാലോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അമേരിക്കയില്‍ ചികില്‍സക്ക് പോകാന്‍ താല്‍പര്യം എന്നോടു പറയുകയും ചെയ്തിരുന്നു. ഇന്ന് പലരും കരുതിയിരിക്കുന്നത് പോലെ മോഹനന്‍ വൈദ്യര്‍ ആയിരുന്നില്ല അദ്ദേഹം. അവിടെ ചെന്നപ്പോള്‍ വൈദ്യര്‍ പ്രധാനമായും ഭക്ഷണക്രമീകരണവും, വ്യായാമവുമാണ് നിര്‍ദേശിച്ചത്. കുറച്ച് ഔഷധ ചെടികളുടെ വേര് ഉണക്കി പൊടിച്ചത് അബീക്കക്ക് കൊടുക്കുകയും ചെയ്തു.

എന്നാല്‍ വൈദ്യന്‍ തന്ന ഔഷധ മരുന്നുകള്‍ അദ്ദേഹം അന്ന് രാത്രിയില്‍ കഴിച്ചിരുന്നില്ലെന്നാണ് വീട്ടുകാര്‍ എന്നോട് പറഞ്ഞത്. പെട്ടെന്നുള്ള അബീക്കയുടെ വിയോഗത്തില്‍ വിഷമിച്ചിരിക്കുന്ന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത്തരത്തിലുള്ള അബീക്കയുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതല്‍ വിശമത്തിലാക്കാനെ ഉപകരിക്കുകയുള്ളൂ. ഏതൊരു മനുഷ്യനും മരണമെന്ന യാഥാര്‍ത്ഥ്യം രുചിക്കുക തന്നെ ചെയ്യുമെന്ന് വിശ്വസിച്ച് ക്ഷമ കൈക്കൊള്ളേണ്ടതിന് പകരം അലോപ്പതിക്കോ ആയുര്‍വേദത്തിനോ മരണത്തെ പിടിച്ച് നിര്‍ത്താന്‍ സാധിക്കുമെന്ന ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. അബീക്കയുടെ വേര്‍പാടിന്റെ വേദനയില്‍ ഞാന്‍ കുറിച്ച ഫേസ്ബുക്ക് പോസ്റ്റ് ഇത്തരത്തിലുള്ള ചര്‍ച്ചകളിലേക്ക് പോയതില്‍ വളരെ വിഷമത്തിലാണ് ഞാനും.

Related posts