കുടുംബത്തിനു കോണ്‍ഗ്രസ് ചായ്‌വായിരുന്നുവെങ്കിലും കോളജ് കാലത്ത് നക്‌സ്‌ലൈറ്റായി ! അന്യസമുദായക്കാരനെ വിവാഹം കഴിച്ച് വീട്ടുകാരെ ഞെട്ടിച്ചു; പൂങ്കാവുകാരി ബിന്ദു അത്ര നിസ്സാരക്കാരിയല്ല

ശബരിമല സന്നിധാനത്തെത്തി ഏവരെയും ഞെട്ടിച്ച പത്തനംതിട്ട പ്രമാടം പൂങ്കാവ് സ്വദേശി ബിന്ദു ചില്ലറക്കാരിയല്ല.കുടുംബത്തിനു കോണ്‍ഗ്രസ് ആശയങ്ങളോടായിരുന്നു ആഭിമുഖ്യമെങ്കിലും പഠനകാലത്ത് ബിന്ദുവിനു താല്‍പര്യം നക്സലൈറ്റ് ആദര്‍ശങ്ങളിലായിരുന്നു. പഠിക്കാന്‍ സമര്‍ഥയായതു കൊണ്ട് മികച്ച ജോലിയും നേടി. ഒരുവട്ടം തെരഞ്ഞെടുപ്പിലും മത്സരിച്ചു. ബിന്ദുവിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് മാതാവ് പ്രമാടം ചാഞ്ഞപറമ്പില്‍ അമ്മിണി പറയുന്നതിങ്ങനെ…

കാതോലിക്കേറ്റ് കോളജിലെ പഠനകാലത്താണു ബിന്ദു നക്സലൈറ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം കാട്ടിത്തുടങ്ങിയത്. എതിര്‍ത്തപ്പോള്‍ തന്റെ ഇഷ്ടമാണെന്നായിരുന്നു മറുപടി. തനിക്കിഷ്ടമില്ലാത്ത വിവാഹം കഴിച്ചതിനാല്‍ ഏറെ നാളായി വലിയ അടുപ്പമില്ലായിരുന്നു. ചെറുപ്പത്തില്‍ ശബരിമലയ്ക്കു പോയിട്ടുള്ള ബിന്ദുവിന്റെ ഇപ്പോഴത്തെ ശബരിമല ദര്‍ശനത്തിനു പിന്നില്‍ ആരോ ഉണ്ട്. പരപ്രേരണയാലാണെങ്കിലും അതിന്റെ ആവശ്യമില്ലായിരുന്നു അമ്മിണി പറഞ്ഞു.

ക്രിസ്മസ് തലേന്ന് ശബരിമല ദര്‍ശനത്തിനെത്തി വിവാദ നായികയായി മകള്‍ മാറിയപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധവുമായി അമ്മിണിയുടെ കടയ്ക്കും വീടിനും മുന്നില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് പത്തനംതിട്ട എസ്.ഐയും സംഘവും അമ്മിണിയെ തേടിയെത്തി. മകള്‍ വിളിച്ചിരുന്നോ, നാളെ വീണ്ടും ശബരിമല കയറുമോ എന്നായിരുന്നു അവര്‍ക്ക് അറിയേണ്ടത്. അതിനു ശേഷം ഫോണില്‍ വിളിച്ച് താന്‍ കണ്ണൂരാണെന്നും നാളെ മുതല്‍ കോളജില്‍ പോകുമെന്നും ബിന്ദു പറഞ്ഞിരുന്നു. ഇന്നലെ രാവിലെയാണ് ബിന്ദു ദര്‍ശനത്തിന് പോയ വിവരം അറിഞ്ഞതെന്നും അമ്മ പറഞ്ഞു.

അഞ്ചുമക്കളില്‍ ഇളയവളായ ബിന്ദുവായിരുന്നു പഠിക്കാന്‍ മിടുക്കിയെന്ന് അമ്മിണി ഓര്‍മിക്കുന്നു. പ്രമാടം നേതാജി ഹൈസ്‌കൂള്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. നാട്ടില്‍നിന്നു ബിന്ദു പോയിട്ട് 20 വര്‍ഷമായി. നക്സലൈറ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു കല്യാണം. ദളിത് സമുദായാംഗമായ ബിന്ദുവിനെ വിവാഹം കഴിച്ചിരിക്കുന്നത് നായര്‍ സമുദായത്തില്‍പ്പെട്ടയാളാണ്. അയാളുടെ വീട്ടുകാരുടെ പൂര്‍ണ സമ്മതത്തോടെ നടന്ന വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷം വരെ ബന്ധമൊന്നും ഇല്ലായിരുന്നു. കുഞ്ഞ് ജനിച്ച ശേഷമാണു വീണ്ടും ബിന്ദുവിനെ വിളിക്കുന്നത്. മകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണെന്നും അമ്മിണി വ്യക്തമാക്കി.

Related posts