പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഞങ്ങള്‍ക്കുള്ള സന്തോഷമാണ് ഈ വീഡിയോയിലൂടെ ഞങ്ങള്‍ പ്രകടിപ്പിച്ചിരിക്കുന്നത്! കൊച്ചി മെട്രോയിലെ എംഡി മുതല്‍ പ്യൂണ്‍ വരെയുള്ളവര്‍ ആനന്ദനൃത്തമാടുന്ന പുതുവര്‍ഷാഘോഷ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

പുതുവര്‍ഷത്തെ അത്യധികം ആഘോഷത്തോടെയാണ് ലോകം മുഴുവന്‍ വരവേറ്റത്. പലരും ആഘോഷങ്ങളില്‍ പല തരത്തിലുള്ള വ്യത്യസ്തതകളും പരീക്ഷിച്ചു. ഈയവസരത്തില്‍, കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയിലെ ഉദ്യോഗസ്ഥരും ജീവനക്കാരും പുതുവര്‍ഷം ആഘോഷിച്ചതിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് മുതല്‍ സ്ഥാപനത്തിലെ പ്യൂണുമാര്‍ വരെയുള്ള ജീവനക്കാര്‍ പോയ വര്‍ഷത്തെ സ്ഥാപനത്തിന്റെ നേട്ടങ്ങളില്‍ സന്തോഷമറിയിച്ചു നൃത്തമാടുന്ന വീഡിയോ കെ.എം.ആര്‍.എല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്.

”2018 ഞങ്ങള്‍ക്കെല്ലാവര്‍ക്കും സംഭവബഹുലമായ വര്‍ഷമായിരുന്നു. പിന്തിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു മാത്രമാണ് നന്ദി പറയേണ്ടത്, ഞങ്ങളെ പിന്തുണച്ചതിനും നിലക്കാത്ത ഊര്‍ജത്തിനും. ഇതാ ഞങ്ങളുടെ സന്തോഷവും നന്ദിയും അറിയിക്കുന്നു. എല്ലായ്‌പ്പോഴുമെന്നപോലെ നിങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ജീവിതങ്ങളെ ബന്ധിപ്പിക്കുക, പാതകള്‍ കീഴടക്കുക, 2019 ലേക്ക് ഇതാ കൂടുതല്‍ യാത്രകള്‍” എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്.സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ചേര്‍ന്ന് ഇത്തരമൊരു ഹാപ്പിനസ് വീഡിയോ തയാറാക്കുന്നത് ഒരപൂര്‍വതയാണെന്നാണ് സോഷ്യല്‍മീഡിയ അഭിപ്രായപ്പെടുന്നത്.

Related posts