ആദ്യം കണ്ടെത്തിയത് 20000,നാലു ദിവസം കഴിഞ്ഞപ്പോള്‍ 44000, എട്ടു ദിവസം കഴിഞ്ഞപ്പോള്‍ 80000; ട്വിറ്റര്‍ കീഴടക്കി ഓണ്‍ലൈന്‍ സെക്‌സ് വെബ്‌സൈറ്റുകള്‍

അഡല്‍റ്റ് ഡേറ്റിംഗ് വെബ്‌സൈറ്റുകളുടെ ബോട്‌നെറ്റ് പരസ്യങ്ങളില്‍ ട്വിറ്ററില്‍ വീണ്ടും സജീവമാകുന്നു.മാര്‍ച്ചില്‍ കണ്ടെത്തിയ ‘Pr0nbot’ എന്ന ബോട്ട്നെറ്റിനെ ട്വിറ്റര്‍ ഇല്ലായ്മ ചെയ്തിരുന്നുവെങ്കിലും ‘Pr0nbto2’ എന്ന പേരില്‍ അത് വീണ്ടും തിരിച്ചുവന്നതായി എഫ് സെക്യൂര്‍ എന്ന സൈബര്‍ സുരക്ഷാ സ്ഥാപനത്തിലെ ഗവേഷകനായ ആന്‍ഡി പട്ടേല്‍ പറയുന്നു.

പട്ടേല്‍ ഒന്നരമാസം മുമ്പ് നടത്തിയ പരിശോധനയില്‍ 22,000 ട്വിറ്റര്‍ ബോട്ടുകളെ കണ്ടെത്തിയിരുന്നു. ഇങ്ങനെ ബോട്ട്നെറ്റുകളുടെ സഹായത്തോടെ അഡല്‍ട്ട് വെബ്സൈറ്റുകളുടെ പരസ്യങ്ങള്‍ നല്‍കുന്ന ട്വിറ്റര്‍ അക്കൗണ്ടുകള്‍ ട്വിറ്റര്‍ അടച്ചുപൂട്ടിയതുമാണ്.

ഇതേ രീതിയില്‍ അടുത്തിടെ നടത്തിയ പരിശോധനയില്‍ 20,000 ട്വിറ്റര്‍ ബോട്ടുകളെ വീണ്ടും കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് പട്ടേല്‍ പറയുന്നത്. പിന്നീട് നാല് ദിവസങ്ങള്‍ക്ക് ശേഷം ബോട്ടുകളുടെ എണ്ണം 44,000 ആയെന്നും എട്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇത് 80,000 ആയി വര്‍ധിച്ചെന്നും പട്ടേല്‍ പറഞ്ഞു.

മുമ്പ് കണ്ടെത്തിയതിനു സമാനമാണ് പുതുതായി കണ്ടെത്തിയ ബോട്‌നെറ്റുകളും. അതായത് സമാനമായ ചിത്രങ്ങളും, സമാനമായ യുആര്‍എല്‍ ഷോര്‍ട്ടനിംഗ് സേവനങ്ങളും, ഇംഗ്ലീഷ് ഭാഷയുടെ സമാനമായ ഉപയോഗവുമാണ് ഇവയ്ക്കുള്ളത്. നേരത്തെയുണ്ടായ ട്വിറ്റര്‍ നടപടിയുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ ബോട്ടുകളെ അവയുടെ നിര്‍മ്മാതാക്കള്‍ പുനര്‍നിര്‍മ്മിച്ചതാവാം എന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഓണ്‍ലൈന്‍ സെക്സിനായി ഉപയോഗപ്പെടുത്തിയ 90,000 അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ഓണ്‍ലൈന്‍ സെക്സ് വാഗ്ദാനം ചെയ്യുന്ന സൈറന്‍ എന്ന ബോട്ട്നെറ്റ് കാമ്പയിനാണ് ട്വിറ്റര്‍ അവസാനിപ്പിച്ചത്. ഇതിന് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ട്വിറ്ററിലെ ബോട്ട്നെറ്റ് കാമ്പയിന്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്.

Related posts