വാട്‌സ് ആപ്പിലൂടെ വീണ്ടും വ്യാജ പ്രചരണം; പത്തിലും പ്ലസ്ടുവിലും ജയിച്ചവര്‍ക്ക് കേന്ദ്ര സ്‌കോളര്‍ഷിപ്പ് എന്ന് പ്രചരണം; ഫോണ്‍വിളി കൊണ്ട് പൊറുതിമുട്ടി ഉദ്യോഗസ്ഥര്‍…

കണ്ണൂര്‍: വാട്‌സ് ആപ്പിലൂടെയുള്ള വ്യാജ പ്രചരണങ്ങള്‍ക്ക് അവസാനമില്ല. വാട്‌സ് ആപ്പ് ഹര്‍ത്തിലിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെ പുതിയ വ്യാജപ്രചരണം കൊഴുക്കുകയാണ്. വ്യാജ സ്‌കോളര്‍ഷിപ് വാഗ്ദാനമാണ് ഇത്തവണ വൈറലായിരിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷയില്‍ 75 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ 10,000 രൂപയുടെ സ്‌കോളര്‍ഷിപ് നല്‍കുന്നുവെന്നും അപേക്ഷ ഫോറം അതാതു മുനിസിപ്പാലിറ്റി /പഞ്ചായത്തുകളില്‍ നിന്നു ലഭിക്കുമെന്നും പറയുന്ന സന്ദേശമാണു വ്യാപകമായി പ്രചരിക്കുന്നത്.

പ്ലസ് ടുവിന് 85 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് ലഭിച്ചവര്‍ക്ക് 25,000 രൂപയുടെ സ്‌കോളര്‍ഷിപ് ലഭിക്കുമെന്നും പറയുന്നു. സന്ദേശം ലഭിച്ചവര്‍ അപേക്ഷാ ഫോമിനായി പഞ്ചായത്തിലും മുന്‍സിപ്പാലിറ്റിയിലും നഗരസഭകളിലും എത്താന്‍ തുടങ്ങിയതോടെ മറുപടി പറഞ്ഞു മടുത്ത സ്ഥിതിയിലാണ് ഇവിടങ്ങളിലെ ഉദ്യോഗസ്ഥര്‍.

ഫോണ്‍ കോളുകളും തുടരെയെത്തുന്നു. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ എസ്എസ്എല്‍സി, പ്ലസ് ടു വിജയിച്ചവര്‍ക്കായി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തില്‍ സ്‌കോളര്‍ഷിപ് നല്‍കുന്നില്ല.

എന്നാല്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഒട്ടേറെ സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യവുമാണ്. www.scholarships.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇത്തരം സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് വ്യക്തമായ പറയുന്നുമുണ്ട്. എന്തായാലും വ്യാജ സന്ദേശം പ്രചരിച്ചതോടെ വെട്ടിലായത് മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥരാണ്.

 

Related posts