ഇപ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ല ! എനിക്കു തന്നെ എന്റെ ചിത്രങ്ങള്‍ പലരും അയച്ചു തന്നു; സോഷ്യല്‍ മീഡിയയില്‍ വൈറലായ സ്ഥാനാര്‍ഥി പറയുന്നതിങ്ങനെ…

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരസ്യപ്രചാരണത്തിന് നിയന്ത്രണങ്ങളുണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തെരഞ്ഞെടുപ്പ് പ്രചാരണം പൊടിപൊടിക്കുകയാണ് പാര്‍ട്ടികള്‍ എല്ലാം.

ഇത്തരത്തില്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഒരു സ്ഥാനാര്‍ത്ഥിയുണ്ട്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഡിവിഷനിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഡ്വ. വിബിത ബാബു ആണത്.

കളര്‍ മുണ്ട് ഒക്കെ ഉടുത്താണ് വിബിത പോസ്റ്ററില്‍ എത്തിയത്. ഇതിന് പിന്നാലെ പല ട്രോളുകളും വിബിതയുടെ ചിത്രം ഉള്‍പ്പെടുത്തി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു.

ഇപ്പോള്‍ ഏത് വസ്ത്രം ധരിക്കുന്നു എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന കാര്യമല്ലെന്ന് പറയുകയാണ് വിബിത. ‘നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നതും ഭംഗിയായി നടക്കുന്നതും ഇഷ്ടമുള്ള കാര്യമാണ്.

അതിനെ വിമര്‍ശിക്കേണ്ട കാര്യമില്ല. എനിക്കു തന്നെ എന്റെ ചിത്രങ്ങള്‍ പലരും അയച്ചു തന്നു. നമ്മള്‍ പുതിയകാലത്ത് മല്‍സരിക്കുമ്പോള്‍ മാറ്റങ്ങളെ ഉള്‍ക്കൊള്ളണം’വിബിത പറയുന്നു.

കുന്നന്താനം മുല്ലക്കല്‍ വീട്ടില്‍ ബാബു തോമസിന്റെയും വത്സമ്മയുടെയും മകളാണ് വിബിത. തിരുവനന്തപുരം ലോ അക്കാദമി ലോ കോളജില്‍ നിന്ന് നിയമ ബിരുദം നേടി.

വിദ്യാഭ്യാസ കാലത്ത് കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് സജീവമായി. 2009 മുതല്‍ തിരുവല്ലയില്‍ അഡ്വ. എം. ഫിലിപ്പ് കോശിയുടെ ജൂനിയര്‍ ആയി അഭിഭാഷക ആയി പ്രാക്ടീസ് ചെയ്തു വരികയാണ്.

Related posts

Leave a Comment