കോട്ടയം: കോട്ടയം ജില്ലയിലെ പന്നി ഫാം ഉടമകള് ആശങ്കയില്. കുമരകത്ത് സ്ഥിരീകരിച്ച ആഫ്രിക്കന് പന്നിപ്പനി വ്യാപിച്ചാല് ഒട്ടേറെപ്പേര്ക്ക് വന് നഷ്ടമുണ്ടാകും. ക്രിസ്മസ്, പുതുവത്സരം മുന്നില്കണ്ട് പന്നികളെ വളര്ത്തിവരുന്ന നിരവധിപ്പേരുണ്ട്. പന്നിക്കുഞ്ഞുങ്ങള്ക്കു മാത്രമല്ല തീറ്റയ്ക്കും ഭാരിച്ച വിലയുണ്ട്.
കുമരകത്തെ ഫാമില് ആഫ്രിക്കന് പന്നിപ്പനി സ്ഥിരീകരിച്ചതോടെ ഇന്നലെ കൊന്ന് സംസ്കരിച്ചു. ഫാമിന്റെ ഒരു കിമീ ചുറ്റളവ് പ്രദേശം രോഗബാധിത മേഖലയായും പത്ത് കിലേമീറ്റർ പരിധി നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ പന്നി വില്പനയും വിതരണവും നിര്ത്തിവച്ചു. ഇവിടെനിന്ന് പന്നിമാംസം, പന്നികള്, തീറ്റ എന്നിവ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്. കുമരകം പഞ്ചായത്ത് മൂന്നാം വാര്ഡ്, തിരുവാര്പ്പ് 18-ാം വാര്ഡ് എന്നിവയാണ് രോഗബാധിത പ്രദേശങ്ങള്.
കുമരകം, ആര്പ്പൂക്കര, തിരുവാര്പ്പ്, അയ്മനം, വെച്ചൂര്, നീണ്ടൂര് പഞ്ചായത്തുകള്, കോട്ടയം നഗരസഭ എന്നിവയാണ് നിരീക്ഷണ മേഖല. പന്നിപ്പനി സ്ഥിരീകരിച്ചതോടെ കോട്ടയം പ്രദേശത്ത് ഇന്നലെ പന്നി വില്പനയില് വലിയ കുറവുണ്ടായി.
ജില്ലയൊട്ടാകെ മുന്കരുതല് സ്വീകരിക്കാന് ജില്ലാ കളക്ടര് നിര്ദേശം നല്കി. ആഫ്രിക്കന് പന്നിപ്പനി പന്നികളില് മാത്രമുണ്ടാകുന്ന വൈറസ് രോഗമാണ്. മനുഷ്യരിലേക്കോ മറ്റു മൃഗങ്ങളിലേക്കോ പകരില്ല. കഴിഞ്ഞ വര്ഷവും ഇതേ സമയത്ത് ജില്ലയില് പന്നിപ്പനി പടര്ന്നിരുന്നു.