ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം മോശമായി തുടരുന്നതിനിടെ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു വീണ്ടും നഗരവാസികളുടെ പ്രതിഷേധം. വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിനു സമീപം ഒത്തുകൂടിയാണ് വിഷമയമായ വായുവിനെതിരേ പ്രതിഷേധിച്ചത്.
രാജ്യതലസ്ഥാന മേഖലയിലെ അന്തരീക്ഷവായു ഗുണനിലവാരം ഗുരുതരമായ അവസ്ഥയിൽ തുടരുന്നത് ശാരീരികവും വൈകാരികവുമായ ദുരിതങ്ങൾക്കു കാരണമാകുന്ന ആരോഗ്യ-പാരിസ്ഥിതിക അടിയന്തരാവസ്ഥയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.
മലിനീകരണം തുടരുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സാധ്യമാക്കണമെന്നും സ്കൂളുകൾ പൂർണമായും ഓണ്‍ലൈനാക്കണമെന്നും മലിനീകരണത്തെ സംബന്ധിക്കുന്ന യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കാതെ പുറത്തുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യാഗേറ്റിനു സമീപത്തെ കർത്തവ്യ പഥിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്.
ശുദ്ധവായുവിനുവേണ്ടി രണ്ടാഴ്ചമുന്പ് ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധിച്ച കുട്ടികളുമുൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’, / ‘ഗുരുതരം’ എന്നീ വിഭാഗങ്ങളിൽ തുടരുന്നതിനിടെ, ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാനിന്റെ (ഗ്രാപ്പ്) മൂന്നാംഘട്ടത്തിന്റെ ഭാഗമായി സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം വർക്ക് ഫ്രം ഹോം നയം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നിർദേശിച്ചിട്ടുണ്ട്. നിർദേശത്തിലൂടെ ദേശീയ തലസ്ഥാന പ്രദേശത്തെ (എൻസിആർ) വാഹനങ്ങളുടെ എണ്ണം വരുംദിവസങ്ങളിൽ കുറയ്ക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്.
സ്വന്തം ലേഖകൻ

