തമിഴ് സൂപ്പർ താരം തല അജിത്തിന് സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ പരിക്ക്. വലിമൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അജിത്തിന് പരിക്കേറ്റത്.
ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ബൈക്ക് തെന്നിവീണതിനെത്തുടർന്ന് കൈകൾക്കും കാലുകൾക്കും പരിക്കേൽക്കുകയായിരുന്നു.
അപകടത്തിനുശേഷം ഇരുപതു മിനിട്ടോളം വിശ്രമിച്ച താരം അന്നേ ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയതിനുശേഷമാണ് കുടുംബ ഡോക്ടറെ കാണാൻ പോയത്.
പരിക്കുകൾ ഗുരുതരമല്ലെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വലിമൈയുടെ ചിത്രീകരണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.
അജിത്തിന്റെ പരിക്കുകൾ പൂർണമായി ഭേദമായതിനുശേഷം ചിത്രീകരണം ആരംഭിക്കും. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ നിർമിക്കുന്നത് ബോണി കപൂറാണ്.
നേർകൊണ്ട പാർവൈ എന്ന ചിത്രത്തിനുശേഷം എച്ച്.വിനോദും ബോണി കപൂറും അജിത്തും ഒന്നിക്കുന്ന ചിത്രമാണ് വലിമൈ.
ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് അജിത്ത് അഭിനയിക്കുന്നത്. വേഗതയോടുള്ള അജിത്തിന്റെ അഭിനിവേശത്തെ പരമാവധി ഉപയോഗിക്കുന്ന ത്രില്ലറാകും ചിത്രമെന്ന് നേരത്തെ ബോണി കപൂർ പ്രസ്താവിച്ചിരുന്നു.
അജിത്തിന്റെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിമൈ.