ആകാശവാണി, ഡല്‍ഹിയില്‍നിന്ന് ആരും മലയാളത്തില്‍ വാര്‍ത്തകള്‍ വായിക്കില്ല! മലയാളം വാര്‍ത്ത ഡല്‍ഹി ആകാശവാണിയുടെ പടിയിറങ്ങുന്നു

Aakshavani

ന്യൂഡല്‍ഹി: ആകാശവാണിയില്‍ ഇനി ഡല്‍ഹിയില്‍നിന്ന് ആരും മലയാളത്തില്‍ വാര്‍ത്തകള്‍ വായിക്കില്ല. 70 വര്‍ഷം മലയാളികളുടെ വാര്‍ത്താ ലോകത്തേക്കു രാജ്യ തലസ്ഥാനത്തുനിന്നു പ്രക്ഷേപണം ചെയ്തിരുന്ന മലയാളം ബുള്ളറ്റിനുകള്‍ അവസാനിപ്പിക്കാന്‍ പ്രസാര്‍ ഭാരതി തീരുമാനിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ മലയാളം വാര്‍ത്തകള്‍ പൂര്‍ണമായും തിരുവനന്തപുരത്തുനിന്നായിരിക്കും പ്രക്ഷേപണം ചെയ്യുന്നത്.

രാവിലെ 7.25, ഉച്ചയ്ക്ക് 12.50, രാത്രി 7.25 എന്നിങ്ങനെ മൂന്നു സമയങ്ങളിലായിട്ടായിരുന്നു ഡല്‍ഹിയില്‍ നിന്നുള്ള വാര്‍ത്താ ബുള്ളറ്റിന്‍. ഗള്‍ഫ്, ലക്ഷദ്വീപ് തുടങ്ങിയ മേഖലകള്‍ക്കായി രാത്രി 11.15 മുതല്‍ വാര്‍ത്തയും വാര്‍ത്താവീക്ഷണവും ഉള്‍പ്പെടുത്തി നല്‍കുന്ന വിദേശ പ്രക്ഷേപണവും തിരുവനന്തപുരത്തേക്കു മാറും. ഇതോടെ ദേശീയ പ്രാധാന്യമുള്ള വാര്‍ത്തകളും തിരുവനന്തപുരത്തുനിന്നു തന്നെ പ്രക്ഷേപണം ചെയ്യേണ്ടി വരും.

മലയാളം വാര്‍ത്തകള്‍ക്കു പുറമേ തമിഴ്, അസമീസ്, ഒഡിയ ഭാഷകളിലും ഡല്‍ഹിയില്‍നിന്നുള്ള ബുള്ളറ്റിനുകള്‍ അവസാനിപ്പിച്ച് അതത് സംസ്ഥാന കേന്ദ്രങ്ങളില്‍നിന്നു പ്രക്ഷേപണം ആരംഭിക്കും. വാര്‍ത്തകള്‍ വായിക്കാന്‍ ആളുകളില്ലെന്നും ചെലവേറുകയാണെന്നുമുള്ള കാരണം പറഞ്ഞാണു പ്രസാര്‍ ഭാരതി പ്രാദേശിക ഭാഷകളെ പുറത്താക്കുന്നത്. മലയാളം, തമിഴ്, അസമീസ്, ഒഡിയ ഭാഷകള്‍ക്കു പുറമേ മറ്റു പ്രാദേശിക ഭാഷാ ബുള്ളറ്റിനുകളും ക്രമേണ അതതു സംസ്ഥാനത്തേക്കു നീക്കും.

1949 ജനുവരി ഒന്നിനാണു ഡല്‍ഹിയില്‍നിന്നുള്ള മലയാള വാര്‍ത്തകളുടെ പ്രക്ഷേപണം ആരംഭിക്കുന്നത്. കെ. പദ്മനാഭനായിരുന്നു ആദ്യം വാര്‍ത്തകള്‍ വായിച്ചിരുന്നത്. തുടര്‍ന്ന് റോസ്‌കോട്ട് കൃഷ്ണപിള്ള, ശങ്കരനാരായണന്‍, വെണ്‍മണി വിഷ്ണു, മാവേലിക്കര രാമചന്ദ്രന്‍, സത്യേന്ദ്രന്‍, ടി.എന്‍ സുഷമ, ശ്രീദേവി തുടങ്ങിയവര്‍ ആകാശവാണിയുടെ വാര്‍ത്താ വായനക്കാരായിരുന്നു.

ഭാഷാ യുണിറ്റുകള്‍ അതതു സംസ്ഥാനങ്ങളിലേക്കു മാറ്റുമെന്നു വാര്‍ത്താ വിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12നു പാര്‍ലമെന്‍റില്‍ വ്യക്തമാക്കിയിരുന്നു. സംസ്കൃതം, ഉര്‍ദു പ്രക്ഷേപണം ഒഴികെയുള്ള വാര്‍ത്തകള്‍ ഡല്‍ഹിയില്‍നിന്നു മാറ്റുമെന്നാണ് അന്നു മന്ത്രി പറഞ്ഞത്. ഈ നീക്കം വാര്‍ത്താ ബുള്ളറ്റിനുകളുടെ നിലവാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അന്നേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള പഞ്ചാബി വാര്‍ത്തകള്‍ മാറ്റുന്നതിനെതിരേ ഡല്‍ഹി സിക്ക് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി മന്ത്രാലയത്തിനു പരാതി നല്‍കിയതൊഴിച്ചാല്‍ മറ്റു സംസ്ഥാനങ്ങള്‍ ഈ വിഷയത്തില്‍ കാര്യമായ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നില്ല.

മികച്ച സാങ്കേതിക സൗകര്യങ്ങളോടെ ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്രക്ഷേപണ കേന്ദ്രമായി ഡല്‍ഹി ആകാശവാണി നിലയം മാറിയപ്പോള്‍ത്തന്നെയാണു വാര്‍ത്താവായനക്കാരുടെ ക്ഷാമവും അധികച്ചെലവും ചൂണ്ടിക്കാട്ടി പ്രസാര്‍ ഭാരതി പ്രാദേശിക ഭാഷകളെ പുറന്തള്ളുന്നത്. മറാത്തി, ഗുജറാത്തി, ബംഗാളി, പഞ്ചാബി, കശ്മീരി, ദോഗ്രി, സംസ്കൃതം എന്നീ ഭാഷകളിലെ ബുള്ളറ്റിനുകളാണ് ഡല്‍ഹി നിലയത്തില്‍ നിലനിര്‍ത്തുന്നത്. തെലുങ്ക്, കന്നട, സിന്ധി ഭാഷകള്‍ ഒന്നര പതിറ്റാണ്ടു മുമ്പ് അതതു സംസ്ഥാനങ്ങളിലേക്കു മാറ്റിയെങ്കിലും കൂടുതല്‍ ഭാഷകളുടെ കാര്യത്തില്‍ ഈ പരീക്ഷണം വേണ്ടെന്നു പിന്നീട് തീരുമാനിക്കുകയായിരുന്നു. ആ തീരുമാനമാണ് ഇപ്പോള്‍ തിരുത്തിയത്.

1957 ആഗസ്റ്റ് 15നാണ് ആകാശവാണി തിരുവനന്തപുരം നിലയത്തില്‍നിന്നും ആദ്യമായി മലയാളം വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നത്. വി.ബാലറാം ആയിരുന്നു ആദ്യത്തെ വാര്‍ത്താ വായനക്കാരന്‍. ഡല്‍ഹി നിലയത്തിലെ മലയാളം വാര്‍ത്താ വായനക്കാരനായിരുന്ന ബാലറാം ഈ ചരിത്ര നിയോഗത്തിനായി തിരുവനന്തപുരത്തെത്തുകയായിരുന്നു. സന്ധ്യക്കുള്ള നാട്ടിന്‍പുറം പരിപാടിയോടനുബന്ധിച്ചായിരുന്നു മലയാളം വാര്‍ത്ത. പത്തു മിനിറ്റായിരുന്നു ആദ്യ വാര്‍ത്ത പ്രക്ഷേപണം ചെയ്ത സമയം.

സെബി മാത്യു

Related posts