ആദ്യം ചാനലുകാര്‍ വന്ന് ക്യാമറയുമായി സ്ഥാനംപിടിച്ച്, തൊട്ടുപിന്നാലെ സംശയകരമായ രീതിയില്‍ തലമുടി നീട്ടിവളര്‍ത്തിയ യുവാവും കുറച്ചു പെണ്‍കുട്ടികളും, അഖിലയുടെ വീട്ടില്‍ കടക്കാന്‍ ശ്രമിച്ചയാളെ പൊക്കിയത് നാട്ടുകാര്‍

ഓണസമ്മാനങ്ങള്‍ നല്‍കാനെന്ന വ്യാജേന ടിവി പുരം മൂത്തേടത്തുകാവിലെ അഖിലയുടെ (ഹാദിയ) വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച ഫേസ്ബുക്ക് വായന കൂട്ടായ്മാ അംഗങ്ങളെ പോലീസ് തടഞ്ഞു. ആറു സ്ത്രീകളടങ്ങുന്ന സംഘമാണ് ഇന്നലെ ഉച്ചയോടെ അഖിലയുടെ വീട്ടിലേക്കു കയറാന്‍ ശ്രമിച്ചത്. സമ്മാനങ്ങള്‍ നല്‍കാനും പുറത്തുള്ള സ്ത്രീകളുടെ പിന്തുണയുണ്ടെന്ന് അറിയിക്കാനുമാണ് ഇവരെത്തിയതെന്നാണ് പറയപ്പെടുന്നത്.

ഇവര്‍ക്കൊപ്പം ഒരു സ്വകാര്യ ചാനല്‍സംഘം എത്തിയതുകണ്ട് പെണ്‍കുട്ടിയുടെ പിതാവ് അശോകന്‍ തന്‍റെ മകള്‍ക്കു സമ്മാനങ്ങള്‍ ആവശ്യമില്ലെന്ന നിലപാടെടുത്തതോടെ പോലീസ് സ്ത്രീകളെ തടയുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ റോഡരികില്‍ പ്ലാക്കാര്‍ഡുമേന്തി പ്രതിഷേധിക്കുകയും സമ്മാനങ്ങള്‍ ഗേറ്റില്‍ വച്ചു മടങ്ങുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, അശോകന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് വൈക്കം സിഐ എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി ഇവരെ മടക്കി അയച്ചു. രാവിലെമുതല്‍ അഖിലയുടെ വീട്ടുപരിസരത്ത് ഒരു യുവാവിനെ സംശയകരമായി കണ്ടതായി നാട്ടുകാര്‍ പറഞ്ഞതോടെ പോലീസ് സമീപത്തെ കടയില്‍നിന്നു യുവാവിനെ കസ്റ്റഡിയിലെടുത്തു. യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന ആലുവ സ്വദേശിനി ശബ്നയുടെ ഭര്‍ത്താവായ മുണ്ടക്കയം സ്വദേശി ഫൈസലാണിതെന്നാണു പോലീസ് പറയുന്നത്. ഇയാള്‍ കോഴിക്കോട്ട് ഐടി മേഖലയില്‍ ജോലിചെയ്യുകയാണെന്നും പോലീസ് പറഞ്ഞു.

അശോകന്റെ പരാതിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് ഇവര്‍ക്കെതിരേ കേസെടുത്തു. സംഭവസ്ഥലത്തുനിന്ന് യുവതികളെ പോലീസ് പറഞ്ഞയച്ചെങ്കിലും ഫൈസലിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞു യുവതികള്‍ പോലീസ്സ്‌റ്റേഷനില്‍ എത്തി. ഇതിനിടെയാണ് അശോകന്റെ പരാതി കിട്ടുകയും പോലീസ് കേസെടുക്കുകയും ചെയ്തത്. ഇവരെ പിന്നീടു സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

Related posts