വീട്ടില്‍ ഊണ് ബിസിനസിന്റെ പേരില്‍ നടത്തിയിരുന്നത് അനാശാസ്യ കേന്ദ്രം, മുംതാസും നജ്മലും ജാക്വിലിന്റെ വീട്ടിലെത്തിയത് രണ്ടുംകല്പിച്ച്, ആലപ്പുഴയിലെ മധ്യവയസ്‌കയുടെ കൊലപാതകത്തിനു പിന്നിലെ ദുരൂഹകാരണങ്ങള്‍ ഇങ്ങനെ

ആലപ്പുഴയില്‍ വീട്ടില്‍ ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ ആലപ്പുഴ സൗത്ത് പോലീസ് സ്ത്രീകളടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തു.

പുന്നപ്ര, അന്പലപ്പുഴ എന്നിവിടങ്ങളില്‍ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസില്‍ ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ പുന്നപ്ര സൗത്ത് പണിക്കന്‍വെളി ഷംസുദീന്റെ മകന്‍ നജ്മല്‍ (അജ്മല്‍-28), ആലപ്പുഴ പവര്‍ഹൗസ് വാര്‍ഡ് തൈപ്പറന്പില്‍വീട്ടില്‍ അസീസിന്റെ ഭാര്യ മുംതാസ്(46) എന്നിവരും പ്രതികള്‍ കൈക്കലാക്കിയ സ്വര്‍ണാഭരണങ്ങള്‍ ജ്വല്ലറിയില്‍ വിറ്റ സീനത്ത് എന്ന സ്ത്രീയുമാണ് പിടിയിലായത്.

കഴിഞ്ഞ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. ആലപ്പുഴ തിരുവമ്പാടി സ്വദേശിനി മേരി ജാക്വിലിന്‍ (52) ആണ് കൊല്ലപ്പെട്ടത്. പോലീസ് പറയുന്നതിങ്ങനെ: സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയതിന്റെ തലേന്നു ഗള്‍ഫിലുള്ള ഏക മകന്‍ അമ്മയെ ഫോണില്‍ വിളിച്ചിട്ടു കിട്ടാത്തതിനെത്തുടര്‍ന്നു അടുത്ത ദിവസം നാട്ടിലെത്തി. സുഹൃത്തുക്കളുമൊത്തു വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് അമ്മയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരിച്ച സ്ത്രീ വീട്ടില്‍ ഒരു വര്‍ഷം മുമ്പ് ”വീട്ടില്‍ ഊണ്” എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്നു. ഹോട്ടലിന്റെ മറവില്‍ അനാശാസ്യം നടന്നിരുന്നതായി അന്വേഷണ സംഘത്തിനു രഹസ്യവിവരം ലഭിക്കുകയും ഈ വഴിക്ക് അന്വേഷണം നടത്തുകയും ചെയ്തതോടെയാണു കൊലപാതകത്തിനു പിന്നില്‍ സെക്‌സ് റാക്കറ്റ് സംഘത്തിലുള്‍പ്പെട്ടവരാണെന്നു മനസിലായത്. ജില്ലയില്‍ അനാശാസ്യ സംഘങ്ങളുമായി ബന്ധമുള്ള നിരവധി സ്ത്രീകളെ പലതവണ ചോദ്യംചെയ്തു നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ പിടിയിലായത്.

കൊല്ലപ്പെട്ട മേരി ജാക്വിലിന്‍ ഗള്‍ഫില്‍ മകന്റെ അടുക്കലേക്കു പോകാന്‍ ഒരുങ്ങുന്നെന്നറിഞ്ഞ ഒന്നും രണ്ടും പ്രതികള്‍ അവരുടെ പക്കലുണ്ടായിരുന്ന പത്തു പവന്റെ രണ്ടു മാലകള്‍ കവര്‍ന്നെടുക്കാന്‍ വേണ്ടിയാണു കൊലപാതകം നടത്തിയതെന്നു പോലീസ് പറയുന്നു. അതിനായി സംഭവ ദിവസം ഉച്ചയോടെ പ്രതികള്‍ രണ്ടും വീട്ടമ്മയുടെ വീട്ടിലെത്തി. പ്രതികള്‍ അവിടെ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടു. പിന്നീട് രണ്ടാം പ്രതി മുംതാസിനെ കാവല്‍ നിര്‍ത്തി ഒന്നാം പ്രതി നജ്മല്‍ മദ്യലഹരിയില്‍ വീട്ടമ്മയുമായും ബന്ധപ്പെട്ട ശേഷം അവരെ മര്‍ദിച്ചു അവശയാക്കുകയായിരുന്നു.

തുടര്‍ന്നു പ്രതികള്‍ വീട്ടമ്മയുടെ ആഭരണങ്ങള്‍ അഴിച്ചെടുത്തു. തെളിവ് നശിപ്പിക്കാന്‍ വീട്ടമ്മയുടെ ദേഹം മുഴുവന്‍ എണ്ണ തേച്ചു കിടത്തി. പിന്നീട് ആഭരണങ്ങള്‍ മൂന്നാം പ്രതി സീനത്തിനെകൊണ്ടു മുല്ലയ്ക്കലെ ഒരു ജ്വല്ലറിയില്‍ പണയം വയ്പിച്ചു. പ്രതിഫലമായി അവര്‍ക്ക് ഒരു മോതിരവും കുറച്ചുപണവും നല്‍കി.

പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കി. സംഭവവുമായി ബന്ധപ്പെട്ടു പോലീസ് ചോദ്യം ചെയ്യാന്‍ കൊണ്ടുവന്ന മണ്ണഞ്ചേരിയിലെ ഒരു ഓട്ടോഡ്രൈവര്‍ ജീവനൊടുക്കിയിരുന്നു. എന്നാല്‍, ഇയാള്‍ക്കു സംഭവത്തില്‍ ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ എഎസ്പി ബി. കൃഷ്ണകുമാര്‍, ഡിവൈഎസ്പി പി.വി. ബേബി, സൗത്ത് ഇന്‍സ്‌പെക്ടര്‍ കെ.എസ്. അരുണ്‍, എസ്‌ഐ വിജേഷ്, എഎസ്‌ഐമാരായ നെവിന്‍, ഷാജിമോന്‍, പ്രമോദ്, സീനിയര്‍ സിപിഒമാരായ മോഹന്‍കുമാര്‍, ജാക്‌സണ്‍, വര്‍ഗീസ്, സുധീര്‍, സിപിഒമാരായ അരുണ്‍, വിജുലാല്‍, പ്രവീഷ്, സിദ്ദീഖ്, സുഭാഷ്, ബൈജു സ്റ്റീഫന്‍, റോബിന്‍സണ്‍, മന്‍സൂര്‍, ജാസ്മിന്‍, ടീന, ബീന എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related posts