ഒടുവില്‍ പെങ്ങളൂട്ടിയ്ക്കും കാറായി ! ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കാറു വാങ്ങിയത് ലോണെടുത്ത്; പെങ്ങളൂട്ടിയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…

ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് ഒടുവില്‍ അങ്ങനെ കാറായി. മുമ്പ് പെങ്ങളൂട്ടിയ്ക്കു കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണഗ്രസിന്റെ പണപ്പിരിവ് ഏറെ വിവാദമായിരുന്നു. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം.

മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്.

1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ നാനാകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തടിയൂരി. ബുക്ക് ചെയ്‌തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ അതോടെ വാര്‍ത്തകളില്‍ നിന്നും മറഞ്ഞു.

എന്നാല്‍ ഇപ്പോഴിതാ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണ് രമ്യാ ഹരിദാസും അവരുടെ വാഹനവും. വിവാദങ്ങള്‍ക്കൊടുവില്‍ ലോണെടുത്ത് കാര്‍ വാങ്ങിയിരിക്കുകയാണ് എംപി. മഹീന്ദ്ര മരാസോയെ ഒഴിവാക്കി എംപി സ്വന്തമാക്കിയ പുത്തന്‍ വാഹനമാണ് വാഹന പ്രേമികള്‍ക്കിടയില്‍ കൗതുകമാകുന്നത്. ഇന്ത്യന്‍ എംപി വിപണിയിലെ രാജാവ് ഇന്നോവ ക്രിസ്റ്റയാണ് രമ്യ ഹരിദാസ് സ്വന്തമാക്കിയിരിക്കുന്നത്.

വായ്പ എടുത്ത് വാങ്ങിയ വാഹനത്തിന്റെ താക്കോല്‍ മുന്‍ എംപി വി എസ് വിജയരാഘവന്‍ രമ്യക്ക് കൈമാറുകയും ചെയ്തു. 21 ലക്ഷത്തോളം വിലവരുന്ന വാഹനത്തിന് പ്രതിമാസം 43,000 രൂപ അടവുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പെങ്ങളൂട്ടിയ്ക്ക് കാറായ സന്തോഷത്തിലാണ് ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ എന്നാണ് അറിവ്.

Related posts

Leave a Comment