സാന്ത്വനം എന്ന സുരേഷ് ഗോപി ചിത്രത്തിൽ ഗായിക ഐ.എസ്. ചിത്ര ആലപിച്ച ഉണ്ണി വാവാവോ… എന്ന ഗാനം പാടി ബോളിവുഡ് താരം ആലിയ ഭട്ട്. ജിദ്ദയില്‍ നടക്കുന്ന റെഡ് സീ ഇന്റനാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഏഴാം ദിനമാണ് ആലിയ ഭട്ട് പാട്ട് പാടി പ്രവാസി മലയാളികളുടെ ഹൃദയം കവർന്നത്.
മകളെ ഉറക്കാന്‍ സ്ഥിരം ഉണ്ണീ വാവാവോ.. എന്ന പാട്ടാണ് ആയ പാടുന്നത്. ഇതൊരു മലയാളം താരാട്ടുപാട്ടാണ്. ഇടയ്ക്ക് ഞങ്ങളോട് മകൾ റാഹ പറയും മാമാ വാവോ, പാപ്പാ വാവോ എന്ന്. അവള്‍ക്ക് ഉറക്കം വരുന്നു എന്നുള്ളതിന്റെ സൂചനയാണത്. ഇപ്പോള്‍ ഞാനും രണ്‍ബീറും മകള്‍ക്കുവേണ്ടി ആ പാട്ടു പഠിച്ചു എന്നാണ് ആലിയ അന്ന് വെളിപ്പെടുത്തിയത്.
ഫഹദ് മുഹമ്മദ് എന്ന പ്രവാസിയും മലയാളിയുമായ വ്ളോഗറാണ് സമൂഹമാധ്യമത്തില്‍ ആലിയ ഈ പാട്ട് പാടുന്ന വീഡിയോ പങ്കുവച്ചത്. വീഡിയോയുടെ തുടക്കത്തില്‍ ആലിയ ഭട്ടിനെ കൊണ്ട് മലയാളം പാട്ടായ ഉണ്ണി വാവാവോ… പാടിക്കുമെന്ന് ഫഹദും സുഹൃത്തുക്കളും പറയുന്നുണ്ട്. പിന്നീട് ചോദ്യോത്തരവേളയില്‍ ആലിയ ഇവരുടെ ആവശ്യപ്രകാരം പാട്ട് പാടുകയായിരുന്നു.
