മല്ലപ്പള്ളി: കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിരിക്കെ മരണപ്പെടുകയും പിന്നീട് അവയവങ്ങൾ ദാനം ചെയ്യുകയും ചെയ്ത മല്ലപ്പള്ളി വെസ്റ്റ് വാലുമണ്ണിൽ ആലിൻ ഷെറിൻ ഏബ്രഹാമിന്റെ വീട്ടിൽ പ്രശ്സ്ത സിനിമാ സീരിയൽ താരം അംബിക നേരിട്ടെത്തി. ചെന്നെയിൽ സ്ഥിരതാമസമാക്കിയ നടി എറണാകുളത്ത് ഷൂട്ടിംഗിനിടെയാണ് മല്ലപ്പള്ളിയിലെ വീട്ടിലെത്തിയത്.
ഇന്നലെ ഉച്ചയോടെ എത്തിയ അംബിക നാലുമണിക്കൂറോളം ആലിന്റെ പിതാവ് അരുൺ ഏബ്രഹാം മാതാവ് ഷെറിൻ മറ്റ് ബന്ധുക്കൾ എന്നിവർക്കൊപ്പമുണ്ടായിരുന്നു.
ആലിന്റെ രക്ഷിതാക്കൾ കാണിച്ച സഹജീവി സ്നേഹത്തെ അവർ വാനോളം പുകഴ്ത്തി. താനും അവയവദാനത്തിന് സമ്മതം മുന്പേ നൽകിയിട്ടുള്ള ആളാണെന്ന് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലുടെ നടക്കുന്ന അധിക്ഷേപങ്ങൾ അപലപനീയമാണെന്നും താൻ പലപ്പോഴും അതിന് ഇരയായിട്ടുണ്ടെന്നും ഇത്തരക്കാർ മലയാളികളുടെ മൂല്യങ്ങൾ തകർക്കുന്നവരും ഏറെ വെറുക്കപ്പെടേണ്ടിയവരുമാണെന്നും അംബിക കൂട്ടിച്ചേർത്തു.
