പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയ പതിനാലുകാരന്റെ ഒടിഞ്ഞ കൈക്ക് ശസ്ത്രക്രിയ നടത്തിയ ശേഷം കൈ വളഞ്ഞുപോയെന്ന് പരാതിയിൽ നിയമനടപടികളുമായി മുന്നോട്ടെന്ന് കുടുംബം.
കോന്നി അരുവാപ്പുലം സ്വദേശികളുടെ മകന് എസ്. തൻസീറിന്റെ കൈയാണ് വളഞ്ഞത്. കഴിഞ്ഞ നവംബര്‍ 15നാണ് വീണ് കൈ ഒടിഞ്ഞ തൻസീർ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം പ്ലാസറ്റര്‍ ഇട്ട് രണ്ട് മാസത്തോളം നടന്നു. കഴിഞ്ഞ രണ്ടിന് പ്ലാസ്റ്റര്‍ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് പരാതി. കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൈക്ക് വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു. സംഭവത്തില്‍ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം കോന്നി പോലീസില്‍ പരാതി നല്കി.
ഓര്‍ത്തോ വിഭാഗം മേധാവിയാണ് കുട്ടിയെ ചികിത്സിച്ചതെന്ന് കുടുംബം പറയുന്നു. എക്സേറയില് ഉള്‍പ്പെടെ കുഴപ്പം ഇല്ലായിരുന്നുവെന്നും പിന്നീടാണ് ഇതു ശ്രദ്ധയില്‍പെട്ടതെന്നും ഗ്രാഫ്റ്റിംഗ് ചികിത്സ മെഡിക്കല്‍ കോളജില്‍ തന്നെ ഉറപ്പു നല്‍കിയിരുന്നതാണെന്നും സൂപ്രണ്ട് വിശദീകരിക്കുന്നു.
പക്ഷേ കുടുംബം സ്വമേധയാ മറ്റ് ആശുപത്രികളിൽ ചികിത്സ തേടിയെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. സംഭവം നിസാരവത്കരിക്കാനുള്ള അധികൃതരുടെ നീക്കത്തിൽ കുടുംബം അതൃപ്തി അറിയിച്ചു.
