തീര്‍ത്ഥാടകര്‍ക്കായുള്ള ശുചിമുറികളുടെ സംവിധാനം പരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം! ഇത്രയും നിലവാരമില്ലാത്ത ശുചിമുറികള്‍ എങ്ങനെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് അധികൃതരോട് ചോദ്യവും ശാസനയും

ശബിരമല തീര്‍ത്ഥാടകര്‍ക്ക് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാത്തതിന് എഡിഎമ്മിനെ ശാസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. തീര്‍ത്ഥാടകര്‍ക്കാവശ്യമായ ശുചിമുറികള്‍ ഒരുക്കാത്തതാണ് പ്രധാനമായും മന്ത്രിയെ ചൊടിപ്പിച്ചത്.

നിലയ്ക്കലിലെത്തിയ കണ്ണന്താനം ഭക്തര്‍ക്കായി നിര്‍മിച്ച ശുചിമുറി പരിശോധിക്കുകയും ഒരു സൗകര്യവും നിലവാരവുമില്ലാത്ത ശുചിമുറികള്‍ എങ്ങനെ ഉപയോഗിക്കുമെന്ന് ചോദിച്ച് അധികൃതരോട് ക്ഷോഭിക്കുകയുമായിരുന്നു. സ്ഥിതിഗതികള്‍ തീര്‍ത്തും പരിതാപകരമെന്നും മന്ത്രി വിലയിരുത്തി.

തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ഒരു സംവിധാനങ്ങളും ശബരിമലയില്‍ ഇല്ലെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. നിലയ്ക്കലിലെത്തിയ മന്ത്രിയുടെ വാഹനം ചെളിയില്‍ പൂണ്ടതും കല്ലുകടിയായി. ശുചിമുറികളുടെ സംവിധാനം പരിശോധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടപ്പോള്‍ അതെവിടെയാണെന്ന് പോലീസുകാര്‍ക്ക് നിശ്ചയമില്ലാതിരുന്നതും മന്ത്രിയുടെ അതൃപ്തിയ്ക്ക് കാരണമായി.

ശബരിമലയുടെ അടിസ്ഥാന വികസനത്തിനായി നൂറുകോടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ ചെലവഴിച്ചുവെന്ന് മനസിലാക്കാനാണ് ഈ സന്ദര്‍ശനം. കണ്ണന്താനം മാധ്യമപ്രവര്‍ത്തകരോട് പറയുകയുണ്ടായി.

Related posts