ആലുവ കൂട്ടക്കൊല! ഒരു പാതിര കൊടുംപാതകത്തിന് ഇന്നു പതിനാറാണ്ടിന്റെ ദുരൂഹത

റിയാസ് കുട്ടമശേരി
Antony1

ആലുവ: ഒരു കുടുംബത്തിലെ അഞ്ചുപേരെ കൂട്ടക്കൊല ചെയ്ത ആലുവ മാഞ്ഞൂരാന്‍ കൊലക്കേസ് നടന്നിട്ട് ഇന്ന് പതിനാറ് വര്‍ഷം. 2001 ജനുവരി ആറിനായിരുന്നു നാടിനെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍ (47) ഭാര്യ ബേബി (42), മക്കളായ ജെയ്‌മോന്‍ (14) ദിവ്യ (12) അഗസ്റ്റിന്റെ മാതാവ് ക്ലാര തൊമ്മി (74) സഹോദരി കൊച്ചുറാണി (42) എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ലോക്കല്‍ പോലീസ് മുതല്‍ സിബിഐ വരെ അന്വേഷണം നടത്തി ആന്റണിയെന്നയാളെ പ്രതിയാക്കിയെങ്കിലും പതിനാറാണ്ട് തികയുമ്പോഴും ഈ പ്രമാദമായ കേസിലെ ദുരൂഹതകള്‍ ഇന്നും ഒഴിയുന്നില്ല. വധശിക്ഷയ്ക്ക് വിധിച്ച ആന്റണി ഇപ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.

നഗരമധ്യത്തിലെ മാഞ്ഞൂരാന്‍ വീട്ടിലായിരുന്നു പാതിരാത്രി ഈ ക്രൂരകൃത്യം അരങ്ങേറിയത്. വ്യാപാരിയായിരുന്ന മാഞ്ഞൂരാന്‍ അഗസ്റ്റിന് എടുത്തുപറയാന്‍ ശത്രുക്കളുണ്ടായിരുന്നില്ല. എങ്കിലും അഗസ്റ്റിന്റെ കുടുംബം ഒന്നടങ്കം ഇല്ലാതാക്കി കൊണ്ടായിരുന്നു ആ കൊടുംപാതകം പൂര്‍ത്തിയായത്. കോടികളുടെ ആസ്തികള്‍ അനുഭവിക്കാന്‍ ഒരാളെപോലും ബാക്കിവയ്ക്കാതെ നടത്തിയ കൊലപാതക പരമ്പരയുടെ പൊരുള്‍തേടിയ പോലീസും വിധിയെഴുതിയ കോടതികളും ആന്റണിയെന്ന ഏകപ്രതിയില്‍ ഉറച്ചു നില്‍ക്കുമ്പോഴും നാട്ടുകാരുടെ അമ്പരപ്പിന് ഇന്നും അറുതിവന്നിട്ടില്ല.
Antony2
മാഞ്ഞൂരാന്‍ കുടുംബത്തിന്റെ ഒരംഗത്തെപ്പോലെയായിരുന്നു പ്രതി  ആന്റണി. സര്‍വസ്വാതന്ത്ര്യവും ആന്റണിക്ക് ആ വീട്ടിലുണ്ടായിരുന്നു. കൊല്ലപ്പെട്ട അഗസ്റ്റിന്റെ സഹോദരി കൊച്ചുറാണിയുമായുള്ള വഴിവിട്ട ബന്ധമായിരുന്നു കൂട്ടക്കൊലയില്‍ കലാശിച്ചതെന്നാണ് അന്വേഷണങ്ങളിലെ കണ്ടെത്തല്‍. വിദേശത്ത് ജോലിക്ക് പോകാന്‍ ആന്റണിക്ക് കൊല്ലപ്പെട്ട കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ വിസ തരപ്പെട്ടപ്പോള്‍ അവസാന സമയം പണം നല്‍കാന്‍ കൊച്ചുറാണി തയാറായില്ല. ഇതില്‍ പ്രകോപിതനായ ആന്റണി ആദ്യം കൊച്ചുറാണിയെയും പിന്നീട് അമ്മയെയും കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് ഭാഷ്യം. തെളിവു നശിപ്പിക്കുന്നതിനായി സംഭവ സമയത്ത് വീട്ടിലില്ലാതിരുന്ന അഗസ്റ്റിനെയും കുടുംബത്തെയും സെക്കന്‍ഡ് ഷോ സിനിമ കണ്ട് മടങ്ങിയെത്തിയപ്പോള്‍ ആസൂത്രിതമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കണ്ടെത്തല്‍.

കൂട്ടക്കൊല നടത്തിയശേഷം തീവണ്ടിമാര്‍ഗം മുംബൈയിലേക്ക് കടന്ന ആന്റണി അവിടെ നിന്നും സൗദി അറേബ്യയിലെ ദമാമിലേയ്ക്ക് ജോലിക്കായി പോയി. അന്വേഷണത്തിന്റെ ആദ്യ ഘട്ടംമുതല്‍ ആന്റണി സംശയത്തിന്റെ നിഴലിലായിരുന്നു. ആന്റണിയുടെ തിരോധാനം ശ്രദ്ധിച്ച ലോക്കല്‍ പോലീസുതന്നെ ബലമായ സംശയം ഉന്നയിച്ചിരുന്നു. പിന്നീട് തന്ത്രപൂര്‍വം ആന്റണിയെ വിദേശത്ത് നിന്നും വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിന്റെ പലഘട്ടങ്ങളിലും കുറ്റം സമ്മതിച്ച പ്രതി ആന്റണി പിന്നീട് പലപ്പോഴും ഇതു മാറ്റി പറഞ്ഞുകൊണ്ടിരുന്നത് അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി.

അതേസമയം മറ്റാര്‍ക്കോവേണ്ടി ആന്റണി സ്വയം ഈ കൊലകുറ്റം ഏറ്റെടുത്തതാണെന്നാണ് പലരും ഇപ്പോഴും വിശ്വസിക്കുന്നത്. മാഞ്ഞൂരാന്‍ കുടുംബത്തെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാന്‍ ആസൂത്രണം ചെയ്ത വന്‍ ഗുഢാലോചനയായിരുന്നു ഈ ആറ് കൊലപാതകങ്ങളെന്ന് കരുതുന്നവരും കുറവായിരുന്നില്ല. എന്നാല്‍ ഇത്തരം നിഗമനങ്ങള്‍ സ്ഥിരികരിക്കാനുള്ള യാതൊരു തെളിവുകളും പതിനാറുവര്‍ഷം പിന്നിടുമ്പോഴും ഈ വിവാദമായ കേസില്‍ ലഭിച്ചിട്ടില്ല.

2001 ല്‍ നടന്ന മാഞ്ഞൂരാന്‍ കൂട്ടക്കൊലകേസില്‍ 2006ലാണ് ഹൈക്കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചത്. സുപ്രീംകോടതിയും ശിക്ഷ ശരിവച്ചതോടെ ദയാഹര്‍ജിയുമായി രാഷ്ട്രപതിയുടെ മുന്നിലെത്തിയെങ്കിലും ഒരു കുടുംബത്തെ ഒന്നടങ്കം തുടച്ചു നീക്കുംവിധം കൂട്ടക്കൊല നടത്തിയെന്ന  വിലയിരുത്തലിന് ഇളവ് ലഭിച്ചില്ല. ആന്റണി ഇതിനകം പൂജപ്പൂര സെന്‍ട്രല്‍ ജയിലില്‍ 12 വര്‍ഷത്തോളം തടവ് ശിക്ഷ പൂര്‍ത്തിയാക്കി കഴിഞ്ഞു.

ദൃക്‌സാക്ഷികള്‍ ഇല്ലാത്ത ഈ കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്. ഇതിനെ പ്രതിഭാഗം സുപ്രീംകോടതിയില്‍ എതിര്‍ത്തിരുന്നു. വധശിക്ഷ 2009 ല്‍ സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ വധശിക്ഷയ്‌ക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് 2014 ല്‍ ചീഫ് ജസ്റ്റീസായിരുന്ന ആര്‍.എം. ലോധയുടെ ബഞ്ച് വിധിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആന്റണി ഹര്‍ജി നല്‍കി. ഇതിനെ തുടര്‍ന്ന് ആന്റണിയുടെ വധശിക്ഷ സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

Related posts