അമ്പലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ പാർട്ടി കോട്ടയിൽ സിപിഎമ്മിനെതിരേ വിമർശനമുന്നയിച്ച് ഫ്ളെക്സ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് വെള്ളക്കടയിലാണ് ഇന്നലെ പാർട്ടി നേതൃത്വത്തെ വിമർശിച്ച് ഫ്ളെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
“ഞാനും എന്റെ ഭാര്യയും തട്ടാനുമാകരുത് പാർട്ടി’ എന്നതാണ് പ്രധാന വാചകം. പാർട്ടിക്കു വേണ്ടത് ഭരണമല്ല. ചേർത്തുപിടിക്കേണ്ടത് നേതൃത്വമാണ്. തിരുത്തേണ്ടത് തിരുത്തിത്തന്നെ പോകണം.
അതു നേതൃത്വത്തിൽനിന്നുതന്നെയാകട്ടെ എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ഈ പ്രദേശം. ഇവിടെയാണ് നേതൃത്വത്തിനെതിരേ അണികൾ പരസ്യമായി രംഗത്തുവന്നിരിക്കുന്നത്.
