ഫിലാഡൽഫിയ: പിസ ഡെലിവറി നടത്തുന്നതിനിടെ തെലുങ്കാന സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ ഫിലാഡൽഫിയയിൽ ആണ് സംഭവം. ഗുണ്ട്ലപോച്ചംപള്ളി സ്വദേശി അൻഷുൽ കുഞ്ച (28) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് സംഭവം. വ്യാജ ഓർഡർ നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയ ശേഷം അൻഷുലിനെ അജ്ഞാതൻ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു.
അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അൻഷുലിന്റെ കൈയിലുണ്ടായിരുന്ന സാധനങ്ങളോ പണമോ അക്രമി കൈക്കലാക്കിയില്ല. ഉപരിപഠത്തിനായി അമേരിക്കയിലേക്ക് പോയ അൻഷുൽ അവിടെ ജോലി ചെയ്ത് വരികയാണ്. വാരാന്ത്യത്തിൽ പാർട് ടൈമായി പിസ ഡെലിവറിക്ക് പോയതാണ്.
സംഭവത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഇടപെട്ടു. അൻഷുലിന്റെ കുടുംബവുമായി സംസാരിച്ചതായും മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അധികൃതർ അറിയിച്ചു.
