അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി തന്റെ 6 കോടി രൂപ വിലമതിക്കുന്ന വീടിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതിന് പിന്നാലെ വലിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. അമേരിക്കയിലെ ഒരു ശരാശരി “മധ്യവർഗ” കുടുംബത്തിന്റെ ജീവിതശൈലി എങ്ങനെയാണെന്ന് കാണിച്ചുകൊണ്ടാണ് സൊണാലി എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചത്.
വീഡിയോ വൈറലായതോടെ, ഇന്ത്യയിലെ നഗരങ്ങളായ ബംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെ വൻതോതിലുള്ള വസ്തുവിലയുമായി ആളുകൾ ഇതിനെ താരതമ്യം ചെയ്യാൻ തുടങ്ങി. അമേരിക്കയിലെ കണക്റ്റിക്കട്ട് എന്ന സ്ഥലത്തുള്ള തന്റെ വീടാണ് സൊണാലി വീഡിയോയിലൂടെ കാണിക്കുന്നത്. വിശാലമായ മുൻമുറ്റം, ഗാരേജ്, ഡെക്ക്, സൺറൂം, കുട്ടികൾക്ക് കളിക്കാൻ പാകത്തിലുള്ള വലിയൊരു പിൻമുറ്റം എന്നിവയടങ്ങുന്നതാണ് ഈ വീട്.
ആറ് വർഷം മുമ്പാണ് തങ്ങൾ അമേരിക്കയിൽ എത്തിയതെന്നും മൂന്ന് വർഷം മുമ്പ് 2023ൽ 4,40,000 യുഎസ് ഡോളറിനാണ് (ഏകദേശം 3.6 കോടി രൂപ) ഈ വീട് വാങ്ങിയതെന്നും അവർ പറയുന്നു. എന്നാൽ ഇപ്പോൾ ഈ പ്രോപ്പർട്ടിയുടെ വിപണി വില അഞ്ച് മുതൽ ആറ് കോടി രൂപ വരെയാണ്. ഒരു ഏക്കറിലധികം വിസ്തൃതിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. രണ്ട് വീടുകൾ തമ്മിൽ നല്ല അകലമുണ്ടെന്നും ഇത് കൃത്യമായ സ്വകാര്യത നൽകുന്നുണ്ടെന്നും സൊണാലി വ്യക്തമാക്കുന്നു.
ഇന്ത്യയിലെപ്പോലെ കോൺക്രീറ്റിന് പകരം മരം കൊണ്ടാണ് അമേരിക്കയിൽ ഭൂരിഭാഗം വീടുകളും നിർമിക്കുന്നതെന്നും, അമേരിക്കയിലെ ജനസംഖ്യയിൽ വലിയൊരു പങ്കും നഗരപ്രാന്തങ്ങളിലാണ് താമസിക്കുന്നതെന്നും യുവതി കൂട്ടിച്ചേർത്തു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോയ്ക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 5.8 ലക്ഷത്തിലധികം ലൈക്കുകളും ആറായിരത്തിലധികം കമന്റുകളുമാണ് ലഭിച്ചത്.
വീടിന്റെ വലിയ വില കണ്ട് പലരും അത്ഭുതപ്പെട്ടപ്പോൾ, വീടിനു ചുറ്റുമുള്ള വിശാലമായ തുറന്ന സ്ഥലങ്ങളെ ചിലർ പ്രശംസിച്ചു. “കുട്ടിക്കാലത്ത് ടിവിയിൽ ‘ബാക്ക്യാർഡ് സയൻസ്’ എന്ന പരിപാടി കാണുമ്പോൾ അത്തരം പരീക്ഷണങ്ങൾ ചെയ്യാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു, എന്നാൽ ഇന്ത്യയിൽ വളർന്ന നമുക്ക് ഇതുപോലെ വലിയ മുറ്റങ്ങൾ ഇല്ലായിരുന്നു,” എന്ന് ഒരു ഉപയോക്താവ് കമന്റ് ചെയ്തു.
അതേസമയം, അമേരിക്കയിലെയും ഇന്ത്യയിലെയും സംസ്കാരങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ ചൂണ്ടിക്കാണിച്ചവരും കുറവല്ല. “ഇത്രയും ഒറ്റപ്പെട്ട ഒരു അന്തരീക്ഷം ഉൾക്കൊള്ളാൻ ഭൂരിഭാഗം ഇന്ത്യക്കാർക്കും കഴിയില്ല. നമ്മൾ എപ്പോഴും ആളുകൾക്കിടയിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. മാനസികാരോഗ്യത്തിന് ഒരു സമൂഹത്തിനിടയിൽ ജീവിക്കുന്നതാണ് നല്ലത്,” എന്നായിരുന്നു മറ്റൊരു വ്യക്തിയുടെ അഭിപ്രായം.
