കോട്ടയം: വിപണിയില്‍ കാന്താരിയുടെ വില കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളിലെത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 200-300 രൂപയ്ക്കിടയിലായിരുന്നു വില. ഒരുകാലത്ത് വീട്ടുവളപ്പിലെ ചെടിയായിരുന്ന കാന്താരി ഇന്നു ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ മെനുവിലും സ്ഥാനംപിടിച്ചിരിക്കുകയാണ്.
കപ്പയ്ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ജനപ്രീതി നേടിയതും ആവശ്യകത ഏറെയുള്ളതുമാണ്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുമെന്ന വിശ്വാസമാണ് ആവശ്യക്കാര്‍ വര്‍ധിക്കുന്നതിന് പ്രധാനകാരണമെന്ന് പറയപ്പെടുന്നു. ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ഈ വിശ്വാസം കാന്താരിയെ വിപണിയിലെ കുഞ്ഞന്‍ സെലിബ്രിറ്റിയാക്കി മാറ്റി.
നാളുകളായി കാന്താരി വില റിക്കാര്‍ഡ് ഉയരത്തില്‍ തുടര്‍ന്നിട്ടും കേരളത്തില്‍ കാന്താരിക്കൃഷി ചെയ്യുന്നവര്‍ കുറവാണ്. ഇഞ്ചി ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കിടയിലെ ഇടവിളയായാണ് പലരും കാന്താരി വളര്‍ത്തുന്നത്. വിലയിലെ ചാഞ്ചാട്ടവും ഗുണമേന്മയുള്ള തൈകളുടെ ലഭ്യതക്കുറവും കര്‍ഷകരെ വലിയ തോതില്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നില്ല.
കേരളത്തിന് പുറമെ മേഘാലയയിലും തമിഴ്നാട്ടിലും കാന്താരിക്കൃഷി ചെയ്യുന്നുണ്ട്. വെള്ള, പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള കാന്താരികളില്‍ പച്ചക്കാന്താരിക്കാണ് കൂടുതല്‍ ആവശ്യക്കാര്‍.
സാധാരണയായി വിത്തുകള്‍ വീണ് മുളച്ചാണ് കാന്താരി വളരാറുള്ളത്. എന്നാല്‍ ഓരോ വര്‍ഷവും വില കുതിച്ചുയരുന്നതോടെ വീട്ടുവളപ്പുകള്‍ക്കപ്പുറം കൃഷിയിടങ്ങളിലും കാന്താരി സ്ഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ട്. തരവും വലുപ്പവും അനുസരിച്ച് വന്‍കിട മാളുകളിലും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലും 500 രൂപയ്ക്കു മുകളിലാണ് വില ഈടാക്കുന്നത്.
