സാമ്പത്തിക സ്രോതസ്സുകള്‍ ഒന്നൊന്നായി അടച്ചതോടെ വിഘടനവാദി നേതാക്കള്‍ മെരുങ്ങി ! കൂടുതല്‍ സൈനികരെ ഇറക്കി പിടിമുറുക്കി; കാഷ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോദി-ഷാ-ഡോവല്‍ തലകളുടെ ഒരുമ തന്നെ…

കാഷ്മീരിന്റെ പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ അനുച്ഛേദം 370 റദ്ദ് ചെയ്യുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മോദി-ഷാ-ഡോവല്‍ തലകള്‍ തന്നെ. ലോകം അതീവ സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഈ തീരുമാനം നടപ്പിലാക്കിയതില്‍ സുപ്രധാന പങ്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്ക് തന്നെയാണ്. കൃത്യമായി മുന്നൊരുക്കങ്ങളാണ് ഷായുടെ നേതൃത്വത്തില്‍ ഇതിനായി നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ ഇതുസംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പു തന്നെ ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പേ നീക്കങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യാതൊരു വിധ സൂചനകളും പുറത്തുപോകാതെ ഇവര്‍ സൂക്ഷിച്ചു. ബിജെപിയിലെ പ്രമുഖ മന്ത്രിമാര്‍ പോലും എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നത് സംബന്ധിച്ച് അറിവൊന്നും ഉണ്ടായിരുന്നില്ല. കാഷ്മീരില്‍ സൈനികര്‍ക്ക് എതിരായ കല്ലേറു തടയുക എന്നതായിരുന്നു ആദ്യമായി അമിത്ഷാ ലക്ഷ്യമിട്ട തന്ത്രം. അതിനായി വിഘടനവാദി നേതാക്കള്‍ക്ക് നേരെ കൃത്യമായ ആസൂത്രണം നടത്തുകയാണ് ഷാ-ഡോവല്‍ കൂട്ടുകെട്ട് ചെയ്തത്.

കാഷ്മീര്‍ നിയന്ത്രണത്തില്‍ കൊണ്ടു വരണമെങ്കില്‍ ആദ്യം വിഘടനവാദികളെ ഒതുക്കണമെന്ന് ഷായ്ക്ക് നന്നായി അറിയാമായിരുന്നു. വിഘടനവാദികള്‍ക്കുള്ള സുരക്ഷ പിന്‍വലിയ്ക്കുകയാണ് ആദ്യം ചെയ്തത്. ഇതോടൊപ്പം തന്നെ ഇവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഫലപ്രദമായി അടയ്ക്കുകയും ചെയ്തു. ഇതോടെ കാഷ്മീര്‍ ഏറെക്കുറെ ശാന്തമായി. ഇതിനു പിന്നാലെയാണ് ഇവിടേക്ക് വന്‍തോതില്‍ സൈന്യത്തെ ഇറക്കി തെരഞ്ഞെടുപ്പ് വാഗ്ദാനം ഇന്ത്യ നടപ്പിലാക്കിയത്.

പ്രഖ്യാപനദിവസം വരെ കാഷ്മീര്‍ വിഷയത്തില്‍ അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച യാതൊരു സൂചനകളും കേന്ദ്രവൃത്തങ്ങളില്‍നിന്ന് ലഭിച്ചിരുന്നില്ല. കാഷ്മീരിലേക്ക് കൂടുതല്‍ സൈനികരെ വിന്യസിച്ചതോടെയാണ് വിവിധതരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നുതുടങ്ങിയത്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് സൈനികരെ വിന്യസിക്കുന്നതെന്നായിരുന്നു വിശദീകരണം. പക്ഷേ, കാഷ്മീരില്‍ അസാധാരണമായി എന്തോ നടക്കാന്‍ പോകുന്നുവെന്ന് പ്രതിപക്ഷകക്ഷികള്‍ ആശങ്കയറിയിച്ചു. എന്നാല്‍ ഇതൊന്നും ഗൗനിക്കാതെ മോദിയും അമിത് ഷായും കൂടുതല്‍ നടപടികളിലേക്ക് കടക്കുകയായിരുന്നു.

ഘട്ടംഘട്ടമായി കൂടുതല്‍ സൈനികരെ കാഷ്മീരിലെത്തിച്ച് പ്രദേശത്തെ സുരക്ഷ ഉറപ്പുവരുത്തുകയാണ് കേന്ദ്രം ആദ്യം സ്വീകരിച്ച നടപടി. തൊട്ടുപിന്നാല അമര്‍നാഥ് തീര്‍ത്ഥാടകരോട് യാത്ര റദ്ദാക്കി മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. കാഷ്മീരിലെത്തിയ വിനോദസഞ്ചാരികളോടും വിദ്യാര്‍ത്ഥികളോടും മടങ്ങാന്‍ ആവശ്യപ്പെട്ടു. ഓഗസ്റ്റ് നാലിന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഐ.ബി, റോ മേധാവിമാരും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ഈ കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഇതിനു മണിക്കൂറുകള്‍ക്ക് ശേഷമാണ് കാഷ്മീരിലെ വിവിധ നേതാക്കള്‍ വീട്ടുതടങ്കലിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. അഭ്യൂഹങ്ങള്‍ ആശങ്കകള്‍ക്ക് വഴിമാറിയ നിമിഷങ്ങളില്‍ തങ്ങള്‍ വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ളയും മെഹ്ബൂബ മുഫ്തിയും പ്രതികരിച്ചു. ഇതിനിടെ കശ്മീരിലെ ടെലഫോണ്‍, മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും ഭാഗികമായി റദ്ദാക്കി. തിങ്കളാഴ്ച രാവിലെ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തര മന്ത്രിസഭാ യോഗം നടക്കുമെന്ന അറിയിപ്പ് വന്നതോടെ കശ്മീരില്‍ സുപ്രധാന തീരുമാനം ഉണ്ടാകുമെന്ന് ഏറെക്കുറേ ഉറപ്പായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഒരു സൂചനകളും ഔദ്യോഗികവൃത്തങ്ങള്‍ നല്‍കിയിരുന്നില്ല. ഒടുവില്‍ മന്ത്രിസഭായോഗത്തിനുശേഷം രാവിലെ 11 മണിയോടെ രാജ്യസഭയിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് കശ്മീരിലെ സുപ്രധാന തീരുമാനം രാജ്യത്തെ അറിയിച്ചത്.

1954 മെയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയതാണ് 35എ വകുപ്പ്. ജമ്മു കശ്മീരില്‍ സ്ഥിരമായി വസിക്കുന്നവരെ നിര്‍വചിക്കുകയും ഭൂമി, തൊഴില്‍, സ്‌കോളര്‍ഷിപ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്യുന്നതാണ് വകുപ്പാണിത്. ജമ്മു കശ്മീരിന്റെ സവിശേഷ പദവി സംബന്ധിച്ചതാണ് 370ാം വകുപ്പ്. താല്‍ക്കാലിക സ്വഭാവമുള്ളതായ 370ാം വകുപ്പ് അസാധുവാക്കാന്‍ രാഷ്ട്രപതിക്കു സാധിക്കുമെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നത്.

Related posts