കൊച്ചി: സിനിമാ താരങ്ങള്‍ക്കിടയില്‍ വിഴുപ്പലക്കലും തര്‍ക്കങ്ങളും ആളിക്കത്തുന്നതിനിടെ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ ചേരും. സംഘടനയ്ക്കുള്ളിലെ ഭിന്നതകള്‍ പരിഹരിക്കുന്നതിനും വരാനിരിക്കുന്ന പ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനുമായാണ് ഈ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. എറണാകുളം കറുകപ്പള്ളിയിലെ അമ്മയുടെ കേന്ദ്ര ഓഫീസിലാണ് യോഗം ചേരുന്നത്.
എക്സിക്യൂട്ടീവ് ജനറല്‍ ബോഡി സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമായേക്കും. നിലവിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഈ യോഗത്തെ ഏറെ ഗൗരവത്തോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ടിനി ടോമിനെതിരായ അന്‍സിബയുടെ പരാതിയും ലക്ഷ്മിപ്രിയയുടെ പരാതിയും ചര്‍ച്ചയാവും.
എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ തന്നെ ചേരി തിരിവ് തുടരുന്ന സാഹചര്യത്തില്‍ കമ്മിറ്റി നിര്‍ണായകമാണ്. അതോടൊപ്പം സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന നിര്‍ണായക തീരുമാനങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.എക്സിക്യൂട്ടീവ് അംഗം നടന് ടിനി ടോമിനെതിരെ ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസന് ഉന്നയിച്ച ആരോപണത്തില്‍ വിശദീകരണം നല്‍കാനായി സംഘടന നല്കിയ തിയതി ഇന്നലെ അവസാനിച്ചിരുന്നു.
എന്നാല്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ച് തന്നെ കേള്‍ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് അന്‍സിബ. ഈ മാസം 21 നു അമ്മ ജനറല്‍ ബോഡിയും ചേരും. പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്ന കാര്യം ജനറല്‍ ബോഡിയില്‍ ആകും തീരുമാനം ഉണ്ടാകുക.അതിനിടെ ടിനി ടോമിനെതിരെ അന്‍സിബ ഇന്‍ഫോ പാര്‍ക്ക് പോലീസില്‍ പരാതി നല്കി.
തനിക്കെതിരെ തുടര്‍ച്ചയായി ടിനി സൈബര്‍ അധിക്ഷേപം നടത്തുന്നുവെന്നും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നുവെന്നുമാണ് അന്‍സിബ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നു. ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബയുടെ പരാതിയിലുണ്ട്.
അതേ സമയം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി മാനസികമായി പീഡിപ്പിച്ചെന്ന അന്‍സിബയുടെ പരാതിയില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് പോലീസ്. സംഭവം നടന്ന ദിവസം തൃപ്പൂണിത്തുറ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാവരുടെയും മൊഴിയെടുക്കും. നടി ലക്ഷ്മിപ്രിയയുടെ ഭര്‍ത്താവിനോടും മൊഴി നല്കാന് ആവശ്യപ്പെട്ടിട്ടുണ്ട്.
